ശ്രീപവിത്ര മരച്ചീനിയില്‍ നിന്ന് മികച്ച വിളവ്
റബ്ബർ നടേണ്ട സ്ഥലത്ത് മരച്ചീനി കൃഷി ചെയ്തപ്പോൾ മികച്ച വിളവ്. തിരുവനന്തപുരം നെടുമങ്ങാടിനടുത്ത പാലോട്ടുകോണം സ്വദേശി അൽഫോൻസ് നാഥനാണ് റബ്ബർ നടാനായി തയ്യാറാക്കിയ തട്ടുകളിൽ മരച്ചീനി കൃഷി പരീക്ഷിച്ചത്. കേന്ദ്ര കിഴങ്ങുവർഗ്ഗ ഗവേഷണ കേന്ദ്രം വികസിപ്പിച്ച ശ്രീ പവിത്ര എന്ന ഇനമാണ് കൃഷി ചെയ്തത്.
അൽഫോൻസിന്റെ ആറര ഏക്കർ കൃഷിസ്ഥലത്ത് മൂന്നര ഏക്കർ റബ്ബർ കൃഷിയാണ്. പ്രായമായ മരങ്ങൾ മുറിച്ചുമാറ്റി വീണ്ടും റബ്ബർ കൃഷിക്കായി സ്ഥലം തട്ടുകളാക്കി തിരിച്ച മണ്ണിലാണ് മരച്ചീനി നട്ടത്. 3550 തടത്തിലാണ് കൃഷി ചെയ്തത്. കഴിഞ്ഞ വർഷം സപ്തംമ്പറിലാണ് കൃഷി തുടങ്ങിയത്.കഴിഞ്ഞ ജുലായ് മാസത്തിലാണ് വിളവെടുത്തത്. എട്ടു മാസമാണ് ഈ കൃഷിക്കു വേണ്ടതെങ്കിലും പത്ത് മാസം കഴിഞ്ഞാണ് വിളവെടുത്തത്.
ആകെ 11 ടൺ മരച്ചിനിയാണ് കിട്ടിയത്. നല്ല വളക്കൂറുള്ള മണ്ണായതിനാൽ അധികം വളമൊന്നും ഉപയോഗിച്ചിട്ടില്ല. കൃഷി തുടങ്ങി ആറു മാസമായപ്പോൾ വളർച്ച കുറവാണെന്ന് കണ്ടതിനെ തുടര്‍ന്ന് യൂറിയയും പൊട്ടാഷും ചേർത്തു കൊടുത്തിരുന്നു. ഒരു തടത്തിൽ നിന്ന് 15 കിലോ വരെ വിളവു ലഭിച്ചു. ശരാശരി ഒരു തടത്തിൽ നിന്ന് ഏഴ് കിലോ കിട്ടി.
നല്ല സ്വാദുള്ള ഇനമാണ് ഇതെന്ന് പൊതുവെ അഭിപ്രായമുണ്ടെന്ന് അൽഫോൻസ് പറയുന്നു. വിളവെടുപ്പ് ലോക് ഡൗൺ കാലത്തായതിനാൽ വിൽക്കാൻ ബുദ്ധിമുട്ടി. കിലോയ്ക്ക് 13 രൂപ തോതിലാണ് വിറ്റത്. ബോട്ടണി ബിരുദധാരിയായ അൽഫോൻസ് തൃശ്ശിനാപ്പള്ളിയിലാണ് പഠിച്ചത്. ചെറുപ്പത്തിലേ കൃഷിയിൽ താൽപ്പര്യമുണ്ടായിരുന്നു. ഇപ്പോൾ മരച്ചീനി വിളവെടുത്ത സ്ഥലത്ത് റബ്ബറിനു പകരം കാപ്പിയും ഇഞ്ചിയും മഞ്ഞളും മറ്റും കൃഷി ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് അൽഫോൻസ് പറഞ്ഞു. റബ്ബർ കൃഷി നഷ്ടമായതിനാലാണിത്.