സ്വർണ്ണവർണ്ണ കണിവെള്ളരി വിളയുന്ന അരിപ്ര പാടം
JORDAYS DESK
അരിപ്രയിലേക്ക് വരു, പാടം നിറയെ സ്വർണ്ണത്തിളക്കമുള്ള കണിവെള്ളരി കായ്ച്ചു നിൽക്കുന്ന മനോഹര ദൃശ്യം കാണാം. മലപ്പുറം അങ്ങാടിപ്പുറം പഞ്ചായത്തിലാണ് കണിവെള്ളരിക്ക് പേരുകേട്ട അരിപ്ര പ്രദേശം. വെള്ളരി വിളഞ്ഞ് പാകമായി സ്വർണ്ണ വർണ്ണമാകുമ്പോൾ തമിഴ്നാട്ടിലെ കച്ചവടക്കാർ ഇവിടെ ലോറികളുമായി എത്തും. വില ഉറപ്പിച്ച് പാടത്തു നിന്നു തന്നെ ഇവർ വെള്ളരി ലോറിയിൽ കയറ്റും.
ഇവിടങ്ങളിൽ വിളയുന്ന വെള്ളരിയുടെ മുക്കാൽ ഭാഗവും തമിഴ്നാട്ടിലെ പച്ചക്കറി മാർക്കറ്റുകളിലേക്കാണ് പോകുന്നത്. അരിപ്രയിൽ മാത്രമല്ല തൊട്ടടുത്ത പ്രദേശങ്ങളായ ഓരാടംപാലം, ചെരക്കാപറമ്പ്, തിരൂർക്കാട്,
ആലിപറമ്പ്, ഏലങ്കുളം, പുലാമന്തോൾ, കുറുവ, മൂർക്കനാട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കണിവെള്ളരി കൃഷിയുണ്ട്. താഴെ അരിപ്രയിലെ വേളൂർ, ഓരാടം പാലം എന്നീ പാടശേഖരങ്ങളിൽ വൻതോതിൽ ഈ കൃഷിയുണ്ട്.
നെൽക്കൃഷി കഴിഞ്ഞ് വേനലായാൽ ഇവിടങ്ങളിൽ പിന്നെ വെള്ളരിക്കൃഷിയാണ്. വിഷു ആഘോഷം മുന്നിൽ കണ്ടാണ് കണിവെള്ളരിക്കൃഷി തുടങ്ങുന്നത്. വിത്തിട്ടാൽ 120 ദിവസമാണ് വെള്ളരി കൃഷിക്ക് വേണ്ടത്. ജനവരി പകുതിയോടെ കൃഷി തുടങ്ങിയാൽ ഏപ്രിൽ പകുതിയോടെ വെള്ളരി മൂപ്പെത്തി സ്വർണ്ണ
വർണ്ണത്തിലാകും. ഈ സമയത്ത് ഇവിടങ്ങളിലെ വെള്ളരിപ്പാടം കാണാൻ തന്നെ കൗതുകമാണ്.
അരിപ്ര പ്രദേശത്ത് 45 -50 വർഷം മുമ്പ് തന്നെ വെള്ളരി കൃഷി ഉണ്ടായിരുന്നതായി ഇവിടത്തെ കർഷകർ സാക്ഷ്യപ്പെടുത്തുന്നു. ഈകൃഷി പരമ്പരാഗതമായി കർഷകർ ഇന്നും ചെയ്‌തു വരുന്നു. നീണ്ടതും സ്വർണ്ണവർണ്ണമുള്ളതുമായ വെള്ളരി വീടുകളിൽ വിഷുവിന് കണി വെക്കാൻ ഉപയോഗിക്കുന്നതിനാൽ ഏവർക്കും പ്രിയപ്പെട്ടതാണ്.
6-7 കിലോ വരുന്ന വെളളരി ഉണ്ടാകുന്നുണ്ടെന്ന് പെരിന്തൽമണ്ണ കൃഷി അസി.ഡയരക്ടർ ശ്രീലേഖ പുതുമന പറഞ്ഞു. കിലോയ്ക്ക് 15 രൂപ
തോതിലാണ് തമിഴ്നാട്ടിലെ വ്യാപാരികൾ ഇത്തവണ വെള്ളരി വാങ്ങിയത്. എല്ലാ പ്രദേശങ്ങളിൽ നിന്നുമായി ഏകദേശം 1500 ടൺ വെളളരി തമിഴ്നാട്ടിലേക്ക് കയറ്റി അയച്ചിട്ടുണ്ട്.
തമിഴ്നാട്ടിലേക്ക് മാത്രമല്ല കേരളത്തിലെ മറ്റ് ജില്ലകളിലേക്കും വെളളരി പോകുന്നുണ്ട്. വിഷുവിന് ഒരാഴ്ച മുമ്പാണ് പാടങ്ങളിൽ വിപണി സജീവമാകുന്നത്. വിഷു കഴിയുന്നതോടെ വെള്ളരി വിറ്റുതീരും.
Extremely heartening to see such a harvest in Kerala…..Thank you for the pictures.