കഞ്ഞിക്കുഴിക്ക് പ്രഭ നൽകി രണ്ടര ഏക്കർ സൂര്യകാന്തിപ്പാടം
തമിഴ്നാട്ടിലും കർണ്ണാടകത്തിലും മാത്രമല്ല ഇതാ കേരളത്തിലും സൂര്യകാന്തി. കർഷകരെയും കാഴ്ചക്കാരെയും ആനന്ദത്തിലാഴ്ത്തി ആലപ്പുഴ ജില്ലയിലെ ചേർത്തലക്കടുത്ത കഞ്ഞിക്കുഴിയിൽ കൊയ്ത്തു കഴിഞ്ഞ രണ്ടര ഏക്കർ പാടത്താണ് ഈ സൂര്യകാന്തികൃഷി. കൃഷിയിൽ ഒട്ടേറെ പരീക്ഷണങ്ങൾ നടത്തി മുന്നേറുന്ന യുവകർഷനായ എസ്.പി.സുജിത്തിൻ്റെതാണ് ഈ കൃഷി. പൂക്കാലമായാൽ ഫോട്ടോയെടുക്കാൻ ആളുകൾ
വരും. പിന്നീട് വിളവെടുത്ത് ശുദ്ധമായ സൂര്യകാന്തി എണ്ണയുണ്ടാക്കി വിൽക്കണം – ഇതായിരുന്നു സുജിത്തിൻ്റെ ആഗ്രഹം. അത് സാധിച്ചു. ഇപ്പോൾ പൂക്കൾ കാണാനും ഫോട്ടോയെടുക്കാനും. ദിവസവും
ഇരുന്നൂറോളം ആളുകൾ വരുന്നുണ്ട്. കൃഷിനടന്നു കണ്ട് ഫോട്ടോയെടുക്കാൻ ഒരാൾക്ക് 10 രൂപ ഫീസ് നിശ്ചയിച്ചിരിക്കുകയാണ്. വീഡിയോ ഷൂട്ടിംഗിന് 500 രൂപയാണ്. ചെടികൾ അഞ്ചു രൂപയ്ക്ക് വില്പന നടത്തുന്നുമുണ്ട്. തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ നിന്നാണ് കിലോയ്ക്ക് 700
രൂപ തോതിൽ ഒന്നര കിലോ വിത്തു വാങ്ങിയത്. ഇത് പോട്ടിങ്ങ് മിശ്രിതം നിറച്ച ട്രേയിൽ മുളപ്പിച്ചു.ചാലുകീറി മണ്ണുകൂട്ടി എണ്ണായിരത്തോളം തൈകൾ നട്ടു. തുള്ളി നനയാണ്. ഷീറ്റുകൊണ്ട് പുതയിട്ടുള്ള കൃത്യതാ കൃഷിയാണ് ചെയ്തിരിക്കുന്നത്. 250 ചാക്ക് കോഴിവളവും 100 ചാക്ക് ചാണകവും 50 ചാക്ക് മണ്ണിര കമ്പോസ്റ്റും വളമായി ഉപയോഗിച്ചു. രണ്ടു മാസം പ്രായമായപ്പോൾ ചെടികൾ പൂവിട്ടു. പ്ലസ് ടു കഴിഞ്ഞ് ജോലി തേടിയിറങ്ങിയാണ് കൃഷിയിലെത്തിയത്.ഇപ്പോൾ എട്ടുവർഷമായി
കൃഷി ചെയ്യുന്നു. സ്വന്തമായി ഫാം ഉണ്ട്. ഒന്നരയേക്കർ കൃഷിയുണ്ട്. ജ്യേഷ്ഠൻ അജിത്തിൻ്റെ സ്ഥലത്തും കൃഷി ചെയ്യുന്നുണ്ട്. എല്ലാ പച്ചക്കറികളും വിളയിക്കും. കഞ്ഞിക്കുഴി കുമാരപുരത്ത് പാട്ടത്തിനെടുത്ത സ്ഥലത്താണ് ഇപ്പോൾ സൂര്യകാന്തി കൃഷി നടത്തുന്നത്. ഇതിനടുത്തായി വെള്ളരിക്കൃഷിയും ചെയ്യുന്നുണ്ട്. ഈയിടെ രണ്ടേക്കർ സ്ഥലത്ത് ചെറിയഉള്ളി കൃഷി ചെയ്തത് വൻ
വിജയമായിരുന്നു. സൂര്യകാന്തിപ്പാടം കാണാൻ മന്ത്രി ടി.എം.തോമസ് ഐസക്കും എത്തിയിരുന്നു. കൃഷിയിലൂടെ നേട്ടങ്ങൾ കൊയ്ത സുജിത്തിന് 2014 ലെ യുവ കർഷകനുള്ള സംസ്ഥാന സർക്കാറിൻ്റെ അവാർഡും കിട്ടിയിരുന്നു. പവിത്രൻ ലീലാമണി ദമ്പതിമാരുടെ മകനാണ്.ഭാര്യ അഞ്ജു. മകൾ കാർത്തിക.