കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങാന്‍ സബ്‌സിഡി നൽകുന്നു

കാര്‍ഷിക മേഖലയില്‍ ചെലവു കുറഞ്ഞ യന്ത്രവത്കരണം പ്രോല്‍സാഹിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്ന സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതിക്ക് കീഴില്‍ കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര, വിളസംസ്‌ക്കരണ, മൂല്യവര്‍ദ്ധിത പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും സബ്‌സിഡിയോടെ നല്‍കി വരുന്നുണ്ട്.

പദ്ധതി പ്രകാരം വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് 40 മുതല്‍ 60 ശതമാനം വരെയും കര്‍ഷകരുടെ കൂട്ടായ്മകള്‍, എഫ്.പി.ഒ.കള്‍, വ്യക്തികള്‍, പഞ്ചായത്തുകള്‍ തുടങ്ങിയവക്ക് കാര്‍ഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40 ശതമാനം സാമ്പത്തിക സഹായവും ലഭിക്കും.

യന്ത്രവത്കരണ തോത് കുറവായ പ്രദേശങ്ങളില്‍ യന്ത്രവത്കരണം പ്രോല്‍സാഹിപ്പിക്കുന്നതിന് ഫാം മെഷീനറി ബാങ്കുകള്‍ സ്ഥാപിക്കുന്നതിന് കര്‍ഷക ഗ്രൂപ്പുകള്‍ക്ക് 10 ലക്ഷം രൂപയുടെ പദ്ധതിക്ക് പരമാവധി 80 ശതമാനം എന്ന നിരക്കില്‍ എട്ട് ലക്ഷം രൂപയും സാമ്പത്തിക സഹായം അനുവദിക്കും.

പദ്ധതി പൂര്‍ണ്ണമായും ഓണ്‍ലൈനായി നടപ്പാക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ പോകേണ്ടതില്ല. പദ്ധതിയില്‍ അംഗമാകുന്നതിന് http://agrimachinery.nic.in/index എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. 2023-2024 സാമ്പത്തിക വര്‍ഷത്തിലെ വ്യക്തിഗത ഗുണഭോക്താക്കളുടെ അപേക്ഷകള്‍ ഓണ്‍ലൈനായി ഈ പോര്‍ട്ടലില്‍ ആഗസ്റ്റ് ഒന്ന് മുതല്‍ നല്‍കാം.

കാര്‍ഷിക യന്ത്രവത്കരണ പദ്ധതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും അപേക്ഷ നല്‍കുന്നതിനുള്ള സഹായങ്ങള്‍ക്കും ജില്ലകളിലെ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയവുമായോ ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിലെ കൃഷി എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയവുമായോ അതത് പ്രദേശത്തെ കൃഷി ഭവനുമായോ ബന്ധപ്പെടാം. ഫോണ്‍: 0471-2306748, 0477-2266084, 0495-2725354.