കണ്ണൂർ സെൻട്രൽ ജയിലിൽ 4.5 ടൺ ചീര വിളവെടുത്തു
കണ്ണൂർ സെൻട്രൽ ജയിലിൽ പച്ചക്കറി ഉത്പാദനത്തിൽ റെക്കോർഡ് നേട്ടം. ജയിലിലെ 20 ഏക്കർ കൃഷി തോട്ടത്തിൽ 4.5 ടൺ ചീരയാണ് വിളവെടുത്തത്.
ചേന, ചേമ്പ്, ചുരങ്ങ, തക്കാളി, വെണ്ട, പയർ, പച്ചക്കായ, കുമ്പളങ്ങ, കാബേജ്, കോളിഫ്‌ളവർ ഉൾപ്പെടെ എട്ട് ടൺ പച്ചക്കറികൾ വിളവെടുത്തു. ജയിലിലെ ആവശ്യങ്ങൾക്ക് പുറമെ എല്ലാ ബുധനാഴ്ച കളിലും ജയിലിനു പുറത്തുള്ള കൗണ്ടർ വഴി പൊതുജനങ്ങൾക്കും ഇത് ലഭ്യമാണ്.
പൂർണമായും ജൈവ രീതിയിൽ ഉത്പാദിപ്പിച്ചതാണ് പച്ചക്കറികൾ. 65 പശുക്കൾ ഉള്ള ഫാമിൽ നിന്ന് ദിവസം തോറും 150 ലിറ്റർ പാലും ലഭ്യമാകുന്നുണ്ട്. ജയിലിലെ ബിരിയാണി യൂണിറ്റിലേക്കുള്ള കോഴിയിറച്ചിക്കായി മാസം തോറും 3000 കോഴികളുള്ള കോഴി ഫാമും ജയിലിൽ ഉണ്ട്.
ചീരയുടെ വിളവെടുപ്പ് ഉദ്ഘാടനം പി.ആർ.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഇ. കെ. പത്മനാഭൻ നിർവഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ആദർശ്, ജയിൽ സൂപ്രണ്ട് കെ. വേണു, ജോയിന്റ് സൂപ്രണ്ട് ഗിരീഷ്‌കുമാർ, ഡെപ്യൂട്ടി സൂപ്രണ്ട് ഡി. ദിനേഷ്ബാബു, കൃഷി ഓഫീസർ സാജിത, ജയിൽ ഉദ്യോഗസ്ഥരായ പി.ടി. സന്തോഷ്, അജിത്.കെ, ബാബു എൽ, വിനോദൻ.കെ, മനോജ് വി, പരമേഷ്.കെ എന്നിവർ സംബന്ധിച്ചു.