സ്പൈസസ് ബോർഡ് പവിഴ ജൂബിലി ആഘോഷം ശനിയാഴ്ച്ച തുടങ്ങും
കേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള സുഗന്ധവ്യഞ്ജന കയറ്റുമതി വികസന ഏജൻസിയായ കൊച്ചിയിലെ സ്പൈസസ് ബോർഡ് ശനിയാഴ്ച്ച മുപ്പത്തിയഞ്ചാം വയസ്സിലേക്ക്. പവിഴ ജൂബിലിയാഘോഷങ്ങളിൽ കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ മുഖ്യാതിഥിയായി പങ്കെടുത്ത് തപാൽ വകുപ്പിന്റെ കോട്ടയം ഡിവിഷൻ തയ്യാറാക്കിയ സ്പൈസസ് ബോർഡിൻ്റെ ആസ്ഥാനത്തിൻ്റെ ചിത്രമുള്ള മൈസ്റ്റാമ്പ് പുറത്തിറക്കും.
കാലാവസ്ഥാടിസ്ഥാനത്തിൽ പശ്ചിമഘട്ട മലനിരകളിലെ ഏലം കർഷകർക്കായി ബോർഡ് നടപ്പാക്കുന്ന ഇൻഷ്വറൻസ് പരിരക്ഷാപദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിക്കും. തുടർന്ന് കർഷകരുമായും കയറ്റുമതിക്കാരുമായും മന്ത്രി ആശയ വിനിമയംനടത്തും. വാണിജ്യ വ്യവസായ മന്ത്രാലയം സെക്രട്ടറി ബി.വി. ആർ. സുബ്രന്മണ്യം മുഖ്യപ്രഭാഷണം നടത്തും.
ബോർഡ് ചെയർമാൻ എ. ജി. തങ്കപ്പൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ഡി. സത്യൻ അഗ്രിക്കൾച്ചറൽ ഇൻഷ്വറൻസ് കമ്പനി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മലായ്കുമാർ പൊദ്ദാർ എന്നിവർ പങ്കെടുക്കും.
സ്പൈസസ് ബോർഡിന്റെ 35 വർഷത്തെ നേട്ടങ്ങൾ ചിത്രീകരിച്ച ഡോക്യുമെന്ററി ഫിലിം പ്രദർശിപ്പിക്കും.
ഇതെല്ലാം കാണുന്നതിന് ഇന്ത്യയിലെ സുഗന്ധവ്യഞ്ജന കയറ്റുമതിക്കാർക്കും കർഷകർക്കും ബോർഡ് ജമ്മുകശ്മീർ, വാറംഗൽ, നിസാമബാദ്, സിക്കിം, ജോഥ്പൂർ, ഗുവഹത്തി, കൊച്ചി, ഊഞ്ച, മുംബൈഎന്നിവിടങ്ങളിൽ സൗകര്യം ഒരുക്കും. ഇതിലൂടെ അതത് സ്ഥലങ്ങളിലെ കർഷകർക്കും കയറ്റുമതിക്കാർക്കും മന്ത്രിയുമായി സംസാരിക്കുവാനും കഴിയും.
കാലാവസ്ഥാനുസൃത വിള ഇൻഷ്വറൻസ് പരിരക്ഷാ പദ്ധതി 2021 മുതൽ 2026 വരെ ഇടുക്കിയിലെ 2500 ഹെക്റ്റർ പ്രദേശത്തെ ചെറുകിട ഇടത്തരം കർഷകർക്ക് ലഭ്യമാക്കും. പൈലറ്റ്പദ്ധതിയായി ആദ്യം ഇടുക്കിയിലാണ് നടപ്പാക്കുക. മാർച്ച് മൂന്നിന് സുഗന്ധവ്യഞ്ജനക്കൂട്ടുകളിലെ ഘടകങ്ങളെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റുമായി ചേർന്ന് സെമിനാർ. നാലിന് ജപ്പനിലേക്കുള്ള കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി ബയർ സെല്ലർ മീറ്റ് സ്പൈസ് എക്സ്ചേഞ്ച് ഇന്ത്യ ഡിജിറ്റൽ പ്ളാറ്റ്ഫോമിലൂടെ നടത്തും.
ഏഴിന് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ പുരോഗതി ലക്ഷ്യമാക്കി നാഗലാണ്ടിലെ ദിമാപ്പൂരിൽ പേരേലത്തിന്റെ ഇ വിൽപ്പന നടക്കും ഒമ്പതിന് ഏലംകൃഷി മേഖലയിൽ അത്യുൽപ്പാദനം കൈവരിച്ച കർഷകർക്കുള്ള പുരസ്കാരദാനം കൊച്ചിയിൽ നടക്കും.11 ന് ‘വിഷൻ 2047 ‘ പരിപാടിയിലൂടെ കയറ്റുമതിക്കാരുടെ ഉച്ചകോടിയും നടത്തുമെന്ന് സ്പൈസസ് ബോർഡ് സെക്രട്ടറി ഡി. സത്യൻ അറിയിച്ചു.