യുനൈറ്റഡ് ക്ലബ്ബിന്റെ സിൽപോളിൻ കുളത്തിൽ ഇനി മത്സ്യം വളരും
JORDAYS DESK
യുനൈറ്റഡ് ഫുട്ബോൾ ക്ലബ്ബിലെ അംഗങ്ങൾ ഒഴിവു ദിവസങ്ങൾ പാഴാക്കാറില്ല. ലോക് ഡൗൺ കാലത്തും കൃഷിയിലും മറ്റ് വികസന പ്രവർത്തനങ്ങളിലും വ്യാപൃതരാണിവർ. കാസർകോട് ജില്ലയിലെ നീലേശ്വരം കൊഴുന്തിലെ ഈ ക്ലബ്ബ് അംഗങ്ങൾ കഴിഞ്ഞ ദിവസം വലിയൊരു മത്സ്യക്കുളത്തിന്റെ പണി പൂർത്തിയാക്കി.
ക്ലബ്ബിലെ ഫുട്ബോൾ കളിക്കാരായ ഇരുപത് പേരിൽ ഒൻപതു പേർ ചേർന്നാണ് ശനി ഞായർ ദിവസങ്ങളിൽ മണ്ണിലിറങ്ങി പണിയെടുത്ത് സിൽ പോളിൻ കുളമുണ്ടാക്കിയത്. കൃഷി ചെയ്യാതെ കിടന്ന സ്ഥലത്ത് പത്ത് മീറ്റർ നീളവും എട്ടു മീറ്റർ വീതിയുമുള്ള പടുതാക്കുളമാണ് നിർമ്മിച്ചത്. ഒമ്പതുപേർ ആറ് ദിവസം ഇതിനായി പണിയെടുത്തു.
സ്ഥലത്തെ മണ്ണെടുത്ത് ചുറ്റും അഞ്ചു വരി ചെങ്കല്ല് കെട്ടുകയാണ് ആദ്യം ചെയ്തത്. ഇതിന് മണ്ണുമാന്തിയും ഉപയോഗിച്ചു. പിന്നീട് കല്ലിനു ചുറ്റും രണ്ടടി വീതിയിൽ മണ്ണിട്ട് ഉറപ്പിച്ച് ബണ്ടു പോലെയാക്കി. അകം നിരപ്പാക്കിയ ശേഷം പഴയ തുണിയും ചാക്കും വിരിച്ച് ഇതിനു മുകളിൽ സിൽപ്പോളിൻ ഷീറ്റുവിരിച്ചു. ഈ ഷീറ്റ് ബണ്ടിനു മുകളിലുടെയും ഇട്ടു. 550 ജി.എസ്. എം ഷീറ്റാണ് ഉപയോഗിച്ചത്. ഇതിന് 40000 രൂപയോളം ചെലവു വന്നു.
രണ്ടാഴ്ച വെയിലു കൊണ്ട് ഉറച്ച ശേഷം ഇതിൽ തൊട്ടടുത്ത കിണറിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് നിറച്ച് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുമെന്ന് ക്ലബ്ബ് പ്രസിഡണ്ട് എം.സുനിൽ കുമാർ പറഞ്ഞു. ഫിഷറീസ് വകുപ്പിന്റെ സബ്സിസിഡിയോടെ അവർ നൽകുന്ന മലേഷ്യന്‍ വാള കുഞ്ഞുങ്ങളെയാണ് കുളത്തിൽ വളർത്തുക.
ആറു മാസമാണ് ഇതിന്റെ വളർച്ചാ കാലം. സംസ്ഥാന സർക്കാറിന്റെ സുഭിക്ഷ പദ്ധതി പ്രകാരമാണ് ക്ലബ്ബ് മീൻ വളർത്തലിലേക്ക് ഇറങ്ങിയിരിക്കുന്നത്. പച്ചക്കറിക്കൃഷിയും മറ്റും നടത്താറുള്ള ക്ലബ്ബ് ഈയിടെ 40 സെന്റ് സ്ഥലത്ത് നെൽ കൃഷി ഇറക്കിയിട്ടുണ്ട്.
20 വർഷം മുമ്പ് സുഹൃത്തുക്കൾ ഒത്തുചേർന്ന് സ്ഥാപിച്ച യുനൈറ്റഡ് ക്ലബ്ബിന്റെ ടീം കാസർകോട് ജില്ലയിലെ മത്സരങ്ങളിൽ പങ്കെടുക്കാറുണ്ട്. വിവിധ സാമൂഹ്യ പ്രർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന ക്ലബ്ബിലെ അംഗങ്ങൾ കേരളത്തിൽ പ്രളയത്തിനു ശേഷം നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്.
ആലുവയിലും ആലപ്പുഴയിലും നീലേശ്വരത്തു നിന്ന് വാഹനം പിടിച്ചു പോയി ചെളിനിറഞ്ഞ വീടുകളിൽ ശുചീകരണം നടത്തിയിട്ടുണ്ട്. ക്ലബ്ബിലെ ഉദ്യോഗസ്ഥരടക്കമുള്ള അംഗങ്ങൾ കൃഷിപ്പണിയിലും മറ്റും ഇറങ്ങുന്നത് നാടിനു തന്നെ മാതൃകയായിരിക്കുകയാണ്.
സിൽ പോളിൻ കുളമുണ്ടാക്കിയ രീതി
Wonderful example for those who are bored in this lockdown period. All the best.