പരമ്പരാഗത വിത്തുത്സവം: സംസ്ഥാനതല ഉദ്ഘാടനം 22ന്
സംസ്ഥാന കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 22, 23, 24 തീയതികളിൽ ആലപ്പുഴ കഞ്ഞിക്കുഴി പഞ്ചായത്ത് അങ്കണത്തിൽ സംസ്ഥാനതല പരമ്പരാഗത വിത്തുത്സവം നടക്കും.
പരമ്പരാഗത വിത്തിനങ്ങളുടെ പ്രദർശനവും വിപണനവും വിത്ത് സംരക്ഷിക്കുന്ന കർഷകരുടെ അനുഭവം പങ്കുവെയ്ക്കലും വിവിധ വിഷയങ്ങളെ ക്കുറിച്ചുള്ള സെമിനാറുകൾ, പരമ്പരാഗത ഭക്ഷ്യമേള, കലാപരിപാടികൾ എന്നിവയും ഉണ്ടാവും.
ഫെബ്രുവരി 22ന് രാവിലെ 9.30 ന് കൃഷി മന്ത്രി പി. പ്രസാദ് വിത്തുൽസവ പ്രദർശന സ്റ്റാൾ ഉദ്ഘാടനം ചെയ്യും. പതിനാല് ജില്ലകളിൽ നിന്നായി അമ്പതോളം സ്റ്റാളുകളുണ്ടാവും. മൂന്ന് മണിക്ക് സാംസ്‌കാരിക ഘോഷയാത്രയോടെ ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രി പി. പ്രസാദ് അദ്ധ്യക്ഷനാകും. മന്ത്രി സജി ചെറിയാൻ വിത്തുത്സവം ഉദ്ഘാടനം ചെയ്യും. 24 ന് സമാപന സമ്മേളനം മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും.