സ്ക്കൂൾ മുറ്റത്ത് ഒന്നേകാൽ ഏക്കർ ചെണ്ടുമല്ലിത്തോട്ടം
സ്ക്കൂൾ മുറ്റത്ത് വിരിയുന്നത് വിവിധ നിറത്തിലുള്ള ചെണ്ടുമല്ലി പൂക്കൾ. ചെണ്ടുമല്ലി തൈകൾ വെള്ളമൊഴിച്ച് പരിപാലിച്ച ഇവിടത്തെ കുട്ടികൾ ആഹ്ലാദത്തിലാണ്. പൂക്കൾ കൺനിറയെ കാണാം. ഓണത്തിന് പൂക്കളവുമൊരുക്കാം. തിരുവനന്തപുരം അരുവിക്കര തൊളിക്കോട് ഗവൺമെന്റ് യു.പി.സ്ക്കൂളിൽ ഇത്തവണത്തെ ഓണം വർണ്ണാഭമാണ്.
ഓണത്തിന് പൂക്കളമൊരുക്കാൻ സ്‌കൂൾ മുറ്റത്തുള്ള തോട്ടത്തിലെ പൂക്കൾ തന്നെ ധാരാളം. സ്‌കൂൾ അങ്കണത്തിൽ കൃഷിചെയ്ത ചെണ്ടുമല്ലി വിളവെടുപ്പ് ആഘോഷമാക്കി ഓണത്തെ വരവേൽക്കുകയാണ് ഇവിടുത്തെ വിദ്യാർത്ഥികൾ. ഓണത്തിന് ഒരു കുട്ട പൂവ് പദ്ധതിയുടെ ഭാഗമായുള്ള പൂക്കളുടെ വിളവെടുപ്പ് ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
തൊളിക്കോട് കൃഷിഭവൻ, പഞ്ചായത്ത് അധികൃതർ, സ്‌കൂൾ അധികൃതർ എന്നിവരുടെ ഒന്നിച്ചുള്ള പ്രവർത്തനമാണ് ഇക്കുറി ഓണം സുഗന്ധഭരിതമാക്കിയത്. തൊളിക്കോട് യു.പി.എസിലെ ഒന്നേകാൽ ഏക്കർ വരുന്ന ഭൂമിയുടെ തരിശ് നിലമാണ് പുഷ്പ കൃഷിക്കായി ഒരുക്കിയത്. 75 സെന്റ് സ്ഥലത്തേക്കുള്ള പുഷ്പത്തൈകളും വളവും കൃഷിഭവൻ നൽകി.
ജൂൺ മാസത്തിലാണ് തൈകൾ നട്ടത്. പരിചരണം വിദ്യാർത്ഥികളും സ്‌കൂൾ അധികൃതരും ഏറ്റെടുത്തു. മുൻവർഷങ്ങളിൽ പച്ചക്കറി കൃഷിയായിരുന്നു ഇവിടെ. മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള ഹൈബ്രിഡ് ചെണ്ടുമല്ലിയാണ് വിളവെടുത്തത്. വരും വർഷങ്ങളിൽ പഞ്ചായത്തിലെ മറ്റ് പ്രദേശങ്ങളിലേക്കും പുഷ്പകൃഷി വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ് കൃഷിഭവനും തൊളിക്കോട് ഗ്രാമപഞ്ചായത്തും.
തൊളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജെ. സുരേഷ് അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് സുശീല, തൊളിക്കോട് കൃഷി ഓഫീസർ ശരണ്യ സജീവ്, ഹെഡ്മിസ്ട്രസ് ഉഷാകുമാരി.എസ് എന്നിവർക്കൊപ്പം വിദ്യാർത്ഥികളും വിളവെടുപ്പിൽ പങ്കെടുത്തു.