റബ്ബർ ഗവേഷണ കേന്ദ്രത്തിൽ പ്ലാന്റ് പാത്തോളജി ലബോറട്ടറി

കോട്ടയം ഇന്ത്യൻ റബ്ബർ ഗവേഷണകേന്ദ്രത്തിൽ (ആർ.ആർ.ഐ.ഐ.) ആധുനിക സൗകര്യങ്ങളോടെയുള്ള മോളിക്കുലാർ പ്ലാന്റ് പാത്തോളജി
ലബോറട്ടറി തുടങ്ങി. റബ്ബർബോർഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവൻ ഉദ്ഘാടനം ചെയ്തു.

റബ്ബർകൃഷിയുടെ നിലനിൽപ്പും വളർച്ചയും ഉറപ്പാക്കുന്നതിനും കർഷകരുടെ ആദായം വർദ്ധിപ്പിക്കുന്നതിനും രോഗപ്രതിരോധ നടപടികൾക്ക് ഏറെ പ്രാധാന്യമാണുള്ളത്. ഇതിനാവശ്യമായ എല്ലാ ഗവേഷണ പിന്തുണയും റബ്ബർബോർഡ് നൽകുന്നുണ്ടെന്നും ഇത് കൂടുതൽ ആധുനികരിക്കേണ്ടത് ആവശ്യമാണെന്നും ഡോ. രാഘവൻ പറഞ്ഞു.

1955 മുതൽ പ്രവർത്തിച്ചു വരുന്ന പ്ലാന്റ് പാത്തോളജി ഡിവിഷൻ ഇന്ത്യൻ റബ്ബർ ഗവേഷണകേന്ദ്രത്തിലെ പ്രധാന ഗവേഷണ ശാഖകളിലൊന്നാണ്. പുതിയ ലബോറട്ടറിയിൽ പ്ലാന്റ് പാത്തോളജിയിലെ ഉയർന്ന തലത്തിലുള്ള ഗവേഷണങ്ങൾക്ക് ആവശ്യമായ റിയൽ ടൈം പി.സി.ആർ. മെഷീൻ, ഹൈസ്പീഡ് സെൻട്രിഫ്യൂജ് മെഷീൻ, ജെൽ ഡോക്കുമെന്റേഷൻ സിസ്റ്റം തുടങ്ങി ഒട്ടേറെ സൗകര്യങ്ങളുണ്ട്.

ഡോ. എം.ഡി. ജെസ്സി (ഡയറക്ടർ, റിസർച്ച്) ഇൻചാർജ്, പി. സുധ (ഡയറക്ടർ, ട്രെയിനിങ്), ഡോ. ഷാജി ഫിലിപ്പ് (പ്രിൻസിപ്പൽ സയന്റിസ്റ്റ്) എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഇപ്പോഴത്തെ കാലാവസ്ഥാ സാഹചര്യങ്ങളിൽ റബ്ബർമരങ്ങളുടെ വളർച്ചയെ ബാധിക്കുകയും ഉല്പാദന നഷ്ടം ഉണ്ടാക്കുകയും ചെയ്യുന്ന പുതിയ രോഗാണുക്കളോ നിലവിലുള്ളവയുടെ വകഭേദങ്ങളോ ആവിർഭവിച്ചു കൊണ്ടിരിക്കുകയാണ്‌.

ആതിഥേയസസ്യവും രോഗാണുവും തമ്മിലുള്ള പാരസ്പര്യത്തിന്റെ തന്മാത്രാതലത്തിലുള്ള വിശദാംശങ്ങൾ പഠിക്കുന്നതുമായ ബന്ധപ്പെട്ട ഗവേഷണങ്ങൾക്കാണ് മോളിക്കുലാർ പ്ലാന്റ് പാത്തോളജി പ്രാധാന്യം കൊടുക്കുന്നത്. രോഗാണുക്കളെയും രോഗങ്ങളെയും കൃത്യമായി നിരീക്ഷിക്കാൻ ഇത്തരത്തിലുള്ള പഠനം സഹായിക്കും.

രോഗ പ്രതിരോധശേഷിക്കു കാരണമാകുന്ന ജീനുകൾ കണ്ടെത്തി ജനിതകമാറ്റം വരുത്തിയ റബ്ബർമരങ്ങളിൽ സംയോജിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങൾക്കും ഇവിടെ പ്രാമുഖ്യം നൽകിയിട്ടുണ്ട്. വലിയൊരു സസ്യശേഖരത്തിൽനിന്ന് അപക്വകാലഘട്ടത്തിൽ തന്നെ അനുകൂലഗുണങ്ങളുള്ള മികച്ച ചെടിയെ കണ്ടെത്തുന്നതിനുള്ള മാർക്കർ അസിസ്റ്റഡ് സെലക് ഷൻ, ചെലവുകുറഞ്ഞ ജൈവനിയന്ത്രണവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ, പട്ടമരപ്പുമായി ബന്ധപ്പെട്ട പഠനങ്ങൾ എന്നിവയ്‌ക്കെല്ലാം പ്ലാന്റ് പാത്തോളജി ലബോറട്ടറി സഹായകമാകും.

Leave a Reply

Your email address will not be published. Required fields are marked *