‘എംറൂബി’ വ്യാപാരം: റബ്ബറിന് ഗുണമേന്മാ സർട്ടിഫിക്കേഷൻ

ഗുണമേന്മാസർട്ടിഫിക്കേഷൻ പദ്ധതി ജുലായ് 11 മുതൽ 30 ദിവസത്തേക്ക് പ്രയോജനപ്പെടുത്താം.

പ്രകൃതിദത്ത റബ്ബറിന്റെ ഇലക്ട്രോണിക് ട്രേഡിങ് പ്ലാറ്റ്ഫോമായ ‘എംറൂബി’ (mRube) പോർട്ടലിലൂടെ വ്യാപാരം നടത്തുന്ന റബ്ബറിന് കുറഞ്ഞ നിരക്കിൽ ഗുണമേന്മാ സർട്ടിഫിക്കേഷൻ നൽകുന്നതിനുള്ള പദ്ധതി റബ്ബർ ബോർഡ് ആരംഭിക്കുന്നു.

പോർട്ടലിലൂടെ വ്യാപാരം ചെയ്യുന്ന ഉത്പന്ന നിർമ്മാതാക്കളിൽനിന്ന് ഒരു മെട്രിക് ടൺ റബ്ബറിന് ഒരു രൂപ എന്ന നിരക്ക് ഈടാക്കിക്കൊണ്ടായിരിക്കും സർട്ടിഫിക്കേഷൻ നൽകുക. പ്രകൃതിദത്ത റബ്ബറിന്റെ ആഭ്യന്തര വിതരണ ശൃംഖലയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് റബ്ബർബോർഡ് ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം ആരംഭിച്ചിട്ടുള്ളത്.

കച്ചവടം ചെയ്യപ്പെടുന്ന റബ്ബറിന്റെ ഗുണമേന്മ സംബന്ധിച്ച് നിർമ്മാതാക്കൾക്കുള്ള ആശങ്ക വളരെ വലുതാണ്. എന്നാൽ, ഉദ്ദേശിക്കുന്ന തരത്തിൽ ഗുണമേന്മയുള്ള റബ്ബർ വാങ്ങുന്നതിൽ ടയറിതരമേഖല പലപ്പോഴും പരാജയപ്പെടുന്നു.

വ്യാപാരം കൂടുതലും നടക്കുന്നത് പരസ്പരമുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. ടയറിതര മേഖലയ്ക്കാകട്ടെ ഗുണമേന്മ പരിശോധിക്കുന്നതിനുള്ള കൃത്യമായ സംവിധാനമില്ല. ഇത് അപൂർവ്വമായി വ്യാപാരത്തർക്കങ്ങളിലേക്ക് നയിക്കാറുമുണ്ട്.

‘എംറൂബി’യിൽ റബ്ബർബോർഡ് എർപ്പെടുത്തിയിരിക്കുന്ന ഗുണമേന്മാസർട്ടിഫിക്കേഷൻ സംവിധാനം എല്ലാ ഉപയോക്താക്കൾക്കും ചുരുങ്ങിയ ചെലവിൽ പ്രയോജനപ്പെടുത്താൻ കഴിയും. ഉത്പാദകസ്ഥലങ്ങളിൽനിന്ന് ദൂരെയുള്ളവരും സ്വന്തമായി ഗുണമേന്മാ പരിശോധനാ സൗകര്യങ്ങളില്ലാത്തവരുമായ ഉപയോക്താക്കളുണ്ട്.

വാങ്ങുന്ന റബ്ബറിന്റെ ഗുണമേന്മ സംബന്ധിച്ച് അത്തരക്കാർക്കുള്ള ആശങ്കകൾ പരിഹരിക്കുന്നതിനാണ് ഈ സൗകര്യം ‘എംറൂബി’യിൽ പ്രധാനമായും ചേർത്തിരിക്കുന്നത്. ഗുണമേന്മ വിലയിരുത്താൻ ഇത്തരമൊരു സംവിധാനം ഏർപ്പെടുത്തുന്നതിലൂടെ ആഭ്യന്തര റബ്ബർവ്യാപാരത്തിൽ വലിയ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ.

‘എംറൂബി’യിൽ ആർ.എസ്.എസ്., ഐ.എസ്.എൻ.ആർ., കോൺസെൻട്രേറ്റഡ് ലാറ്റക്‌സ് എന്നീ ഗ്രേഡുകൾക്കുള്ള ഈ പ്രത്യേക ഗുണമേന്മാസർട്ടിഫിക്കേഷൻ പദ്ധതി ജുലായ് 11 മുതൽ 30 ദിവസത്തേക്ക് പ്രയോജനപ്പെടുത്താം. പ്രതിദിനം ഒരു ഇൻവോയ്സിന് പത്ത് മെട്രിക് ടൺ വരെ റബ്ബർ വാങ്ങുന്ന ഉപയോക്താക്കൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഗുണമേന്മാസർട്ടിഫിക്കേഷനു വേണ്ടി ഓരോ ലൈസൻസിക്കും ആഴ്ചയിൽ രണ്ട് അപേക്ഷകൾ മാത്രമേ അനുവദിക്കുകയുള്ളു.

അതേ സമയം അളവിൽ നിയന്ത്രണങ്ങളില്ലാതെ പോർട്ടലിൽ നിർദ്ദേശിച്ചിരിക്കുന്ന സാധാരണ നിരക്കുകളിൽ എത്ര ഗുണമേന്മാ സർട്ടിഫിക്കേഷനുകൾ വേണമെങ്കിലും ലഭ്യമാക്കാവുന്നതുമാണ്.
പ്രകൃതിദത്തറബ്ബറിന്റെ ഇലക്ട്രോണിക് ട്രേഡിങ് പ്ലാറ്റ്ഫോമായ ‘എംറൂബി’ ജൂൺ 8 നാണ് പ്രവർത്തനക്ഷമമായത്.

നിലവിൽ അഞ്ഞൂറിലധികം പേർ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗവും ടയർ, ടയറിതരമേഖലകളിൽനിന്നുള്ള റബ്ബറുത്പന്ന നിർമ്മാതാക്കളാണ്. ദേശീയ അവധി ദിവസങ്ങൾ ഒഴികെ തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെയാണ് ‘എംറൂബി’ യിലെ വ്യാപാരസമയം.

Leave a Reply

Your email address will not be published. Required fields are marked *