ഒരു ‘റെഡ് ലേഡി’യുണ്ടെങ്കിൽ വീടു നിറയും പപ്പായ
വീട്ടിൽ ഒരു റെഡ് ലേഡി പപ്പായ നട്ടാൽ എന്നും പഴുത്ത പപ്പായ കഴിക്കാം. പഴുത്തു തുടങ്ങിയാൽ ഇത് പത്ത് ദിവസം വരെ കേടുകൂടാതെ നിൽക്കുകയും ചെയ്യും. സങ്കരയിനമാണിത്. തായ്വാനിൽ നിന്നുള്ള ഹൈബ്രിഡ് ഇനമാണ് ഇന്ത്യയിൽ വ്യാപകമായി കൃഷി ചെയ്തുവരുന്നത്.
റെഡ് ലേഡി പപ്പായ കേരളത്തിലെത്തിയ കാലത്ത് നാട്ടിലെ താരമായിരുന്നു ഈ പപ്പായ. തൈ നട്ടാൽ ആറു മാസം കഴിയുമ്പോൾ കായ്ക്കാൻ തുടങ്ങും. ഒരിക്കൽ പൂവിട്ടാൽ ഒന്നിച്ച് 100 – 120 കായ്കൾ വരെ ഉണ്ടാകുമെന്ന് മലപ്പുറത്ത് മക്കരപറമ്പിനടുത്ത് ഗ്രീൻവാലി ഹൈടെക് ഫാം നടത്തുന്ന ഉമ്മർ കുട്ടി പറയുന്നു. ഇതിൻ്റെ വിത്തിന് നല്ല വിലയാണ്.
വിത്തിന് അഞ്ചു രൂപ നൽകിയാണ് ഓൺലൈനായി വാങ്ങിയത്. ഇപ്പോൾ വിത്തിന് പത്തു രൂപയുണ്ട്. റെഡ് ലേഡി പപ്പായക്കകത്തെ കുരുവിന് മാതൃ സസ്യത്തിൻ്റെ ഗുണം കിട്ടില്ല. അതിനാൽ നമ്മൾ തൈയുണ്ടാക്കി നട്ട് വലുതായാൽ അധികം പപ്പായ കിട്ടില്ല. നല്ലയിനം കിട്ടാൻ അംഗീകൃത നഴ്സറികളിൽ നിന്ന് ഓൺലൈനായി വിത്തു വാങ്ങുകയോ
തൈകൾ ശേഖരിക്കുകയോ ചെയ്യണം. നീണ്ടതും ഉരുണ്ടതുമായ പപ്പായ പിടിക്കുന്ന റെഡ് ലേഡി ഇനങ്ങളുണ്ട്. തൈ വലുതായി കായ്ച്ചു തുടങ്ങിയാൽ പിന്നീടങ്ങോട്ട് നിറയെ കായ്കൾ ഉണ്ടാകും. രണ്ടു വർഷം വരെ ഇത് നന്നായി ഫലങ്ങൾ തരും. ആറടി – എഴടി ഉയരത്തിൽ വളരുന്നതിനാൽ കായ പറിച്ചെടുക്കാൻ എളുപ്പമാണ്. നട്ടു കഴിഞ്ഞാൽ ചാണകപ്പൊടി, കോഴിവളം, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി എന്നിവ
വളമായി നൽകിയാൽ നിറയെ കായ്ക്കും. നല്ല തൈകൾ കിട്ടിയാൽ വൻതോതിൽ നട്ടുവളർത്തി ഇതിൻ്റെ ഫാം തന്നെ തുടങ്ങാം. ഒരു ചെടിയിൽ നിന്ന് രണ്ടു വർഷം വരെ മൂവായിരം രൂപയുടെ പപ്പായ വില്പന നടത്താം. പഴുത്താൽ പപ്പായ പത്ത് ദിവസത്തോളം കേടാവാതിരിക്കുന്നതിനാൽ നഷ്ടം വരില്ല. വേണ്ട പോലെ വിപണി കണ്ടെത്തി വില്പന നടത്താം.
Excellent. I have fedw plants with me providing quality fruits