ബിരിയാണി അരിയുടെ ഗന്ധമുള്ള രംഭ ഇല
ഭക്ഷണത്തിന് രുചിയുടെ സുഗന്ധം നൽകുന്ന ഇലയാണ് രംഭ ഇല. ബിരിയാണികൈത, ഗന്ധപ്പുല്ല്, ചോറ്റോല എന്നീ പേരുകളിലും അറിയപ്പെടുന്ന ഇത് കേരളത്തിൽ സുപരിചിതമാണ്. പാൻഡാനസ് അമരില്ലിഫോളിയസ് എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ഈ ഇലയുടെ ജന്മനാട് മൊളൂക്കാസ് ദ്വീപാണ്. ഉത്തരേന്ത്യയിൽ പ്രചാരം നേടിയ ഇത് ഇടുക്കി വയനാട് ജില്ലകളിൽ വളരെ മുമ്പ് തന്നെ എത്തിയിരുന്നു.
തഴ, പൂക്കൈത എന്നീ പേരുകളിൽ അറിയപ്പെടുന്ന കൈതച്ചെടി പോലെ തോന്നുന്ന ഈ സസ്യത്തിന് പക്ഷെ ഇലയിൽ മുള്ളുകളില്ല. കൈയിലെടുത്ത് ചതച്ചാലും ഉണങ്ങിയാലും ബസുമതി അരിയുടെ മണമാണ് ഇതിന്. വെള്ളത്തിലിട്ട് തിളപ്പിക്കുമ്പോൾ ബിരിയാണിയുടെ മണമുണ്ടാകും. അസറ്റൈൽ പൈറോളിൻ എന്ന രാസവസ്തുവാണ് ഈ ഗന്ധത്തിന് കാരണം. ബിരിയാണിയും നെയ്ച്ചോറും ഉണ്ടാക്കുമ്പോൾ ഒരു കഷണം ഇല അതിലിട്ടാൽ വെന്തു വരുമ്പോൾ മണം ഉണ്ടാകും. തഴച്ചുവളരുന്ന ഇലകളായതിനാൽ പൂന്തോട്ടത്തിലെ അലങ്കാരച്ചെടിയായും ഇത് ഉപയോഗിക്കുന്നു. അടിഭാഗത്തു നിന്ന് പൊട്ടി മുളയ്ക്കുന്ന ചെടികൾ പറിച്ചുനട്ടാണ് തൈകൾ ഉണ്ടാക്കുന്നത്. ബിരിയാണി, ഫ്രൈഡ് റൈസ്, ഐസ്ക്രീം, പുഡ്ഡിങ്ങ്, ചായ, ശീതളപാനീയങ്ങൾ എന്നിവയ്ക്ക് സുഗന്ധം നൽകാനും ഇത് ഉപയോഗിക്കുന്നു.
ഇന്റോനേഷ്യ, മലേഷ്യ, തായ്ലന്റ്, മ്യാൻമർ , ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ ഇത് വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. ഇല ഉണക്കി പായ്ക്കറ്റുകളിലാക്കിയാണ് വില്പന. കണ്ണൂർ തില്ലങ്കേരിയിലെ ജൈവകർഷകനായ ഷിംജിത്ത് രംഭ ഇല കൃഷി ചെയ്യുന്നുണ്ട്. ഗ്രോബാഗിലും ഇത് കൃഷി ചെയ്യാമെന്ന് ഷിംജിത്ത് പറയുന്നു.ചെറിയ തൈകൾ നട്ടാൽ നാലു മാസത്തിനകം ഗന്ധമുള്ള ഇലകൾ പറിച്ചെടുക്കാം.