കോട്ടൂർ ഗ്രാമപഞ്ചായത്തിൽ രാമൻപുഴ വീണ്ടെടുപ്പിന് ജനകീയ തുടക്കം
കോഴിക്കോട് കോട്ടൂർ ഗ്രാമ പഞ്ചായത്തിൽ രാമൻപുഴ ശുചീകരണത്തിന് തുടക്കമായി. ഇടിഞ്ഞകടവ്-മുണ്ടയിൽ താഴെ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി ഉദ്ഘാടനം ചെയ്തു.
നമ്മുടെ പുഴകളും തോടുകളുമാണ് കേരളത്തെ വ്യത്യസ്തമാക്കുന്നതെന്ന്
ജില്ലാ കളക്ടർപറഞ്ഞു. തോടിനേയും മറ്റു ജലാശയങ്ങളേയും ആശ്രയിച്ചു ജീവിക്കുന്നവരാണ് നമ്മൾ. പുഴകളും തോടുകളും കൈത്തോടുകളും
സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്.
ശുചീകരണത്തോടൊപ്പം പുഴയുടെ തീരങ്ങൾ സംരക്ഷിക്കാനും ഒഴുക്ക് സുഗമമാക്കാനുമുള്ള പദ്ധതികൾ കൂടി ഗ്രാമപഞ്ചായത്ത് ഏറ്റെടുക്കണം.
ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, തൊഴിലുറപ്പ് പദ്ധതി, വകുപ്പുതല പദ്ധതികൾ സംയോജിപ്പിച്ച് 5 – 10 വർഷം കൊണ്ട് പുഴയെ പൂർണമായും വീണ്ടെടുക്കാൻ സാധിക്കുന്ന നിലയിൽ പദ്ധതികൾ ആവിഷ്കരിക്കണം – ജില്ലാ കളക്ടർ നിർദ്ദേശിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ് അധ്യക്ഷത വഹിച്ചു.
ഹരിത കേരള മിഷൻ്റെ ഭാഗമായി നടന്നു വരുന്ന “ഇനി ഞാൻ ഒഴുകട്ടെ”
ക്യാമ്പയിൻ്റെ രണ്ടാംഘട്ട പദ്ധതി പ്രവർത്തനത്തിൻ്റെ ഭാഗമായാണ് തെളിനീരൊഴുകും നവകേരളം എന്ന ക്യാമ്പയിൻ നടത്തുന്നത്.
ഇടിഞ്ഞകടവ് വ്യാപാരകേന്ദ്രം ഉൾപ്പെടെയുള്ള, അഞ്ച് ഗ്രാമപഞ്ചായത്തുകളിലുടെ കടന്നുപോകുന്ന രാമൻ പുഴയുടെ സംരക്ഷണം ഒന്നാംഘട്ടമായി എല്ലാവരുടെയും പിന്തുണയും സന്നദ്ധ പ്രവർത്തനവും ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ചെയ്യുന്നത്. 2022- 23
വാർഷിക പദ്ധതിയുടെ ഭാഗമായി ഈ പുഴ സംരക്ഷിക്കുന്നതിന് ആവശ്യമായ പദ്ധതി പ്രവർത്തനം ഏറ്റെടുക്കാൻ ഗ്രാമപഞ്ചായത്ത് ഉദേശിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ശുചീകരണത്തിൻ്റെ ഭാഗമായി പുഴ 4.5 കിലോമീറ്ററോളം ശുചീകരിച്ചു. പുഴയിൽ വീണ മരങ്ങൾ മുറിച്ചുമാറ്റി,പുഴയുടെ തീരങ്ങളിലുള്ള കാടുകളും പ്ലാസ്റ്റിക്കും നീക്കി. പുഴയുടെ രണ്ടു വശങ്ങളിലുമുള്ള മരങ്ങളിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ അടിഞ്ഞു കൂടിയിട്ടുണ്ട്. പ്രദേശ
വാസികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ്മ സേന അംഗങ്ങൾ,യൂത്ത് വളണ്ടിയർമാർ,സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ വിവിധ ഭാഗങ്ങളിലായി ശുചീകരണത്തിൽ പങ്കാളികളായി.
ചടങ്ങിൽ ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി. പ്രകാശ് ജലപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങിൽ സ്വാഗതം പറഞ്ഞ
സംഘാടക സമിതി ജനറൽ കൺവീനർ പി.ബാലൻ പുഴയുമായി ബന്ധപ്പെട്ട ഓർമ്മകൾ പങ്കുവെച്ചു.
അനിത വി.കെ (ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ), രൂപ ലേഖ കൊമ്പിലാട്ട് (ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്) അനിൽകുമാർ. ടി. ( സെക്രട്ടറി കോട്ടൂർ ഗ്രാമപഞ്ചായത്ത്) അനിൽകുമാർ. കെ. വി. (അസിസ്റ്റൻറ് സെക്രട്ടറി കോട്ടൂർ ഗ്രാമപഞ്ചായത്ത്) എന്നിവർ ചടങ്ങിൽ പങ്കുചേർന്നു.