മഴമറയുണ്ടെങ്കിൽ വർഷം മുഴുവൻ പച്ചക്കറി കൃഷി
വീണാറാണി.ആർ
ഒരു മഴമറ സ്ഥാപിച്ചാൽ വേനലിലെന്ന പോലെ മഴക്കാലത്തും പച്ചക്കറി കൃഷി നടത്താം. സ്വന്തമായി സ്ഥലമില്ലെങ്കിലും വീടിന്റെ ടെറസിൽ മഴമറയുണ്ടെങ്കിൽ വർഷം മുഴുവൻ പച്ചക്കറി കൃഷി ചെയ്യാം. കൂടിയ ആർദ്രതയും മഴയും കുറഞ്ഞ സൂര്യപ്രകാശവും പച്ചക്കറി കൃഷിക്ക് അനുകൂലമല്ല. മഴയിൽ നിന്നും വിളകളെ സംരക്ഷിച്ചുകൊണ്ട് കൃഷി ചെയ്യാമെന്നത് മഴമറയുടെ പ്രത്യേകത. ഒപ്പം തുറന്ന വശങ്ങളിലൂടെ ചൂടും ഈർപ്പവും ക്രമീകരിക്കാനും സാധിക്കുന്നു. സൂര്യപ്രകാശം ധാരാളം ലഭിക്കുന്ന തുറസ്സായ സ്ഥലത്ത് മാത്രമേ മഴമറ നിർമ്മിക്കാവൂ. തെങ്ങോ തണൽ വൃക്ഷങ്ങളോ അടുത്തുണ്ടെങ്കിൽ സ്ഥലം മഴമറയ്ക്ക് യോജിച്ചതല്ല.
നിരപ്പായ സ്ഥലവും നീർവാർച്ചാ സൗകര്യവും നിർബന്ധമാണ്. ദിശ വടക്കു പടിഞ്ഞാറ് ആകുന്നതും കാറ്റിന്റെ എതിർദിശയിലാകുന്നതും ഉത്തമം. ജി. ഐ പൈപ്പ് ഉപയോഗിച്ച് മഴമറയുടെ കൂടാരം തീർക്കാം. 200 മൈക്രോൺ യൂ ബി സ്റ്റെബിലൈസ്ഡ് പോളിത്തീൻ ഷീറ്റ് ഉപയോഗിച്ച് മേൽക്കൂര ഒരുക്കാം. 4 മുതൽ 5 വർഷം വരെ ഷീറ്റീംഗിന് ഒരു കേടുപാടും സംഭവിക്കില്ല. സൂര്യനിൽ നിന്നുളള അൾട്രാവയലറ്റ് കിരണങ്ങൾ മഴമറയ്ക്കുള്ളിൽ കടക്കാതെ കാക്കുന്നത് ഈ മേൽക്കൂരയാണ്. മഴമറയ്ക്കകത്ത് 2 മുതൽ 6 ഡിഗ്രി സെൽഷ്യസ് വരെ കൂടിയ ചൂടുണ്ടാകും. ഷീറ്റിംഗിനു താഴെ തണൽ വല കെട്ടി ഊഷ്മാവ് നിയന്ത്രിക്കേണ്ടത് വേനൽക്കാലത്തേക്കുളള മഴമറയുടെ ഒരു കൃഷിമുറ.
മേൽക്കൂരയിലെ യു വി സ്റ്റബിലൈസ്ഡ് ഷീറ്റ് സൂര്യരശ്മികളെ പല കിരണങ്ങളാക്കി എല്ലാദിക്കുകളിലേക്കും എത്തിക്കുന്നതിനാൽ ചെടികൾക്ക് നല്ല വളർച്ചയും നീളവും ഉറപ്പിക്കാം. 20 മീറ്റർ നീളവും 5 മീറ്റർ വിതിയുമുളള മഴമറയുണ്ടെങ്കിൽ വർഷം മുഴുവൻ ഒരു വീട്ടിലേക്ക് പച്ചക്കറി ഉറപ്പിക്കാം. പച്ചക്കറി വികസന പദ്ധതി പ്രകാരം 50000 രൂപയാണ് മഴമറ തയ്യാറാക്കുന്നതിന് കൃഷി വകുപ്പ് നൽകുന്ന ആനുകൂല്യം. ഇതിന് തൊട്ടടുത്ത കൃഷിഭവനിൽ ബന്ധപ്പട്ടാൽ മതി.
( കൃഷി വകുപ്പിൽ ഡെപ്യൂട്ടി ഡയരക്ടറാണ് ലേഖിക )