നാട്ടിലെ കൃഷിവിജ്ഞാനം ലോകത്തെയറിയിച്ച ഹേലി
ശശിധരൻ മങ്കത്തിൽ
കോഴിക്കോട് ബീച്ചിൽ മാതൃഭൂമിയുടെ കാർഷികമേള. അന്ന് കേരള കാർഷിക സർവ്വകലാശാല വൈസ് ചാൻസലറായിരുന്ന പി.രാജേന്ദ്രൻ സാറിനോട് മേള ഉദ്ഘാടനം ചെയ്യാൻ വരാൻ പറ്റുമോ എന്നു ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം സന്തോഷത്തോടെ സമ്മതിച്ചു. വൈകുന്നേരം അഞ്ചു മണിക്കാണ് ഉദ്ഘാടനമെങ്കിലും അദ്ദേഹം നേരത്തേയെത്തി. കൃഷിക്കാരനായ കാരണവരെപ്പോലെ ഹേലി സാർ കസേരയിലിരിക്കുന്നു. സെമിനാറിനെത്തിയ കൃഷി ശാസ്ത്രജ്ഞരും
കർഷകരുമെല്ലാം ഹേലി സാറിന് ചുറ്റുംകൂടി വിശേഷം പറയുകയാണ്. ഉദ്ഘാടന സമയമാകാത്തതിനാൽ വേദിക്കടുത്തുള്ള സ്വീകരണ സ്ഥലത്താണ് ഈ ഒത്തുകൂടൽ. ഔദ്യോഗിക വാഹനത്തിലെത്തിയ രാജേന്ദ്രൻ സാറും കൂടെയിരുന്നു. കുറേ കാലമായി കാണാത്ത പല കൃഷി ഉദ്യോഗസ്ഥരേയും കണ്ടപ്പോൾ ഹേലി സാറിൻ്റെ മനസ്സ് നിറഞ്ഞു. ഉദ്ഘാടന വേദിയിൽ മുഖ്യാതിഥിയായിരുന്ന അദ്ദേഹം കർഷകരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഏറെ സംസാരിച്ചു. ഉദ്ഘാടനവും സെമിനാറും കഴിഞ്ഞപ്പോൾ നേരം സന്ധ്യയായി.
ചുവന്ന സൂര്യൻ കടലിൽ മുങ്ങുന്നത് മുന്നിൽ കാണാം. നല്ല കടൽ കാറ്റുമുണ്ട്. ശശിധരൻ… വരൂ നമുക്കൊന്ന് കാർഷിക സ്റ്റാളുകൾ ചുറ്റിക്കാണാം. എന്നു പറഞ്ഞ് സാറ് എന്നെ വിളിച്ചു. ഞാനും സാറും കാഴ്ചകൾ കണ്ട് നടന്നു. ഇതിനിടയിൽ, എനിക്ക് സാറിൻ്റെ ഒപ്പം ഒരു ഫോട്ടോ വേണമെന്ന് പറഞ്ഞ് ഞാൻ സെൽഫിയെടുക്കാനായി ചേർന്നു നിന്നു. “എൻ്റെ കൂടെയുള്ള ഫോട്ടോയോ” ? ഹേലി സാറിൻ്റെ ചോദ്യം കേട്ട് ഞാൻ ചിരിച്ചു. ആദ്യമായിട്ടാ ഒരാൾ എൻ്റെ കൂടെ ഫോട്ടോയെടുക്കണമെന്ന് പറയുന്നത്. സാധാരണ സിനിമാ നടന്മാർക്ക്
ഒപ്പമൊക്കേയല്ലേ ഫോട്ടോ എടുക്കുക?
ഇങ്ങനെ പറഞ്ഞ് അദ്ദേഹം ഫോട്ടോയ്ക്ക് പോസ് ചെയ്തു. മുന്നോട്ട് നടന്നപ്പോൾ ഞാൻ ആലോചിച്ചു. ശരിയാണ് സാ റ് പറഞ്ഞത് സത്യമാണ്. വലിയ സെലിബ്രിറ്റിയല്ലാത്ത ശാസ്ത്രജ്ഞരുടെ കൂടെയൊക്കെ സാധാരണ ആളുകൾ ഫോട്ടോയെടുക്കാൻ നിൽക്കാറില്ല. ഹേലിസാർ ഇങ്ങിനെയൊക്കെയാണ്. നാട്യങ്ങളൊന്നുമില്ലാത്ത സാധാരണ മനുഷ്യൻ. ആരോടും ഇടപഴകും. എന്നും കൃഷിയെക്കുറിച്ചും കർഷകരെക്കുറിച്ചും മാത്രം ചിന്തിക്കുന്ന ഒരാൾ. കാർഷിക വിജ്ഞാനത്തിൻ്റെ എൻസൈക്ലോപീഡിയ.
മൂന്നു പതിറ്റാണ് കാർഷിക വിജ്ഞാന വ്യാപനത്തിനു വേണ്ടി പ്രവർത്തിച്ച പ്രതിഭ. പത്രങ്ങളിലെ കാർഷിക പേജുകളിൽ ആദ്യകാലത്ത് എന്നും ഉണ്ടായിരുന്ന ബൈലൈനാണ് “ആർ.ഹേലി ”ചിലപ്പോൾ പേരിനടിയിൽ ഫാം ഇൻഫർമേഷൻ ബ്യൂറോ എന്ന് ബ്രാക്കറ്റിൽ കാണും. 1957 ലാണ് അദ്ദേഹം കേരള കർഷകൻ മാസികയുടെ പത്രാധിപരാകുന്നത്. 1965 ൽ ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസറുമായി. അക്കാലത്തെല്ലാം അദ്ദേഹം കൃഷി വിവരങ്ങൾ ഒട്ടേറെയെഴുതി.
ഞാൻ കാസർകോട്ട് പത്രപ്രവർത്തനായി തുടക്കം കുറിച്ച് 1998 ൽ തിരുവനന്തപുരം മാതൃഭൂമിയിലേക്ക് മാറിയപ്പോൾ ആ ആഴ്ച തന്നെ ആറ്റിങ്ങൽ ടൗണിലുള്ള വീട്ടിൽ പോയി ഹേലി സാറിനെ കണ്ടു. 1989 ൽ കൃഷി വകുപ്പ് ഡയരക്ടറായി വിരമിച്ച് വീട്ടിൽ വിശ്രമിക്കുന്ന കാലം. പക്ഷെ അന്നും അദ്ദേഹം കൃഷി കാര്യങ്ങൾക്കായി ഓടിച്ചാടി നടന്നു. എന്നെ കണ്ടപ്പോൾ സ്നേഹത്തോടെ സ്വീകരിച്ച്
ഇരുത്തി പല കൃഷി കാര്യങ്ങളും ചർച്ച ചെയ്തു. പത്രത്തിൽ കൊടുക്കാൻ പറ്റിയ പല വിഷയങ്ങളും പറഞ്ഞു തന്നു. പരിചയപ്പെട്ട അന്നു മുതൽ കാർഷിക പത്രപ്രവർത്തനത്തിൽ അദ്ദേഹം എനിക്ക് വഴികാട്ടിയായിരുന്നു വി.വി.രാഘവൻ കൃഷി മന്ത്രിയായിരുന്ന കാലത്ത് 1987ലാണ് കേരളത്തിൽ കൃഷിഭവനുകൾ തുടങ്ങിയത്. അത് അന്ന് കൃഷി ഡയരക്ടറായിരുന്ന ഹേലി സാറിൻ്റെ ആശയമായിരുന്നു. കൃഷി
ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കർഷകർക്ക് നിർദ്ദേശങ്ങളും സഹായങ്ങളും നൽകാനുള്ള ഒരു കേന്ദ്രം എന്ന ചിന്തയാണ് കൃഷിഭവനുകളുടെ പിറവിക്ക് കാരണമായത്. 2017ൽ കൃഷിഭവന് 30 വയസ്സ് തികഞ്ഞപ്പാൾ മാത്രഭൂമി “കാർഷിക രംഗ”ത്തിൽ ഒരു ലേഖനം കൊടുക്കാനായി സാറിനെ വിളിച്ചപ്പോൾ കൃഷിഭവനുകൾ ഉണ്ടാക്കിയതിൻ്റെ ചരിത്രം അദ്ദേഹം പറഞ്ഞുതന്നു. പല പേരുകളും വന്നു. ഡൽഹിയിൽ കൃഷി മന്ത്രാലയത്തിൻ്റെ കൃഷിഭവനുണ്ട്. നല്ല പേര് എന്ന
നിലയിൽ ആ പേര് അന്ന് സ്വീകരിക്കാമെന്ന തീരുമാനമെടുത്തതും ഹേലി സാറാണ്. കാലങ്ങളായി കേരളത്തിലെ വലിയ കാർഷിക സെമിനുകളിലും ശില്പശാലകളിലുമെല്ലാം ആർ.ഹേലി ഒരു ക്ഷണിതാവായിരുന്നു. അദ്ദേഹത്തെ ആർക്കും ഒഴിച്ചു നിർത്താനാവില്ലായിരുന്നു. അറുപതുകളിൽ തുടങ്ങി കാർഷിക പേജുകളിലെല്ലാം ഹേലി നിറഞ്ഞു നിന്നപ്പോൾ അദ്ദേഹത്തിന് എഴുത്തിൽ മോഡലുകളൊന്നും ഉണ്ടായിരുന്നില്ല. അന്ന് കാർഷിക പത്രപ്രവർത്തനം പിച്ചവെക്കുന്ന
കാലമായിരുന്നു. അദ്ദേഹം കർഷകർക്ക് മനസ്സിലാകുന്ന നല്ല മലയാളത്തിൽ എഴുതി, സാഹിത്യവും വളച്ചുകെട്ടുമില്ലാതെ. അത് അനുകരിച്ച് പലരും എഴുതി. അങ്ങിനെ ആ ശൈലി കാർഷിക പത്രപ്രവർത്തനത്തിൽ ഒരു “ഹേലി മോഡൽ” ആയി മാറി. അതു കൊണ്ടു തന്നെയാണ് അദ്ദേഹത്തെ കർഷിക എഴുത്തിൻ്റെ കുലപതി, സൂര്യതേജസ് എന്നൊക്കെ വിശേഷിപ്പിക്കുന്നത്.1955 ൽ ബാംഗ്ലൂർ യൂണിവേഴ്സിറ്റി ഓഫ് അഗ്രിക്കൾച്ചർ സയൻസസിൽ
നിന്ന് കൃഷിശാസ്ത്രത്തിൽ ബിരുദമെടുത്ത ശേഷം അതേ വർഷം തന്നെ റബ്ബർ ബോർഡിൽ ഉദ്യോഗസ്ഥനായി ചേർന്നു. കൃഷി വകുപ്പ് ഡയറക്ടർ വരെയായി 86-ാം വയസ്സുവരെ കാർഷിക മേഖലയ്ക്കും കർഷകർക്കും വേണ്ടി സമർപ്പിച്ച ജീവിതമായിരുന്നു അദ്ദേഹത്തിൻ്റേത്. കൃഷി ഉദ്യോഗസ്ഥർക്കുള്ള കർഷക ഭാരതി അവാർഡ് ഇനി മുതൽ ഹേലിയുടെ പേരിലായിരിക്കും അറിയപ്പെടുകയെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ പ്രഖ്യാപിച്ചത് അദ്ദേഹത്തിനുളള കാർഷിക കേരളത്തിൻ്റെ ആദരമായി കരുതാം.