പാടത്തും പറമ്പിലും പയര്‍വിളകള്‍ കൃഷി ചെയ്യാം.
അനിത. സി.എസ്
കൊയ്‌തൊഴിഞ്ഞ പാടങ്ങളിലും പുരയിടങ്ങളിലും കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയമാണിത്. വന്‍പയര്‍, ഉഴുന്ന്, ചെറുപയര്‍, മുതിര എന്നിവ അനായാസേന വേനല്‍ക്കാലത്ത് വിളയിച്ചെടുക്കാം. പരമ്പരാഗതമായി കര്‍ഷകര്‍ വേനല്‍ വിളയായിപയര്‍ കൃഷി ചെയ്തിരുന്നെങ്കിലും ഈ രീതി ഇപ്പോള്‍ അത്ര വ്യാപകമല്ല. എന്നാല്‍, അധികപ്രയത്‌നവും ചെലവുമില്ലാതെ ഒരു വര്‍ഷത്തേക്ക് ആവശ്യമായ പയര്‍ കൊയ്‌തെടുക്കാം. കൂടാതെ മണ്ണിലെ ഫലപുഷ്ടി ഉയര്‍ത്താനും പയര്‍ക്കൃഷി സഹായിക്കും.
വന്‍പയര്‍
വന്‍പയര്‍ (Vigna unguiculata) എല്ലാക്കാലത്തും കൃഷിചെയ്യാം. വേനല്‍ക്കാലത്ത് പ്രത്യേകിച്ച് തനിവിളക്ക് ഒരു സെന്റിന് 100 ഗ്രാം വിത്ത്‌വേണം. ഇടവിളക്കൃഷിക്ക് 20 ഗ്രാമും. വരികള്‍ തമ്മില്‍ 30 സെ. മീറ്ററും ചെടികള്‍ തമ്മില്‍
15സെ. മീറ്ററും അകലം പാലിക്കണം. ആറാഴ്ചക്കുള്ളില്‍ കായ്കള്‍ പാകമാകും. വിതച്ച് മൂന്നുമാസത്തിനകം വിളവെടുക്കാം. നിലമൊരുക്കുമ്പോള്‍ സെന്റൊന്നിന് ഒരു കി.ഗ്രാം കുമ്മായം ചേര്‍ത്ത് ഒരു ആഴ്ച കഴിഞ്ഞ് 80 കി. ഗ്രാം വളമോ കമ്പോസ്റ്റോ ചേര്‍ത്ത് മണ്ണ് നന്നായി
ഇളക്കണം. ജൈവരീതിയില്‍ കാലിവളം, കമ്പോസ്റ്റ്, പി.ജി.പി.ആര്‍. മിശ്രിതം-1 എന്നിവ ചേര്‍ത്ത് കൃഷിചെയ്യാം. 10 സെന്റിന് ഒരു കി.ഗ്രാം യൂറിയ, 6 കി.ഗ്രാം രാജ്‌ഫോസ്, 600 ഗ്രാം പൊട്ടാഷ് എന്നിവ അടിവളമായി ചേര്‍ക്കണം. ചെടിക്ക് ഒരു മാസം കഴിയുമ്പോള്‍ ഒരു കിലോ യൂറിയ മേല്‍വളം ചേര്‍ക്കാം. പൂക്കുമ്പോള്‍ ഒരു നന കൊടുക്കുന്നത് കായ്ഫലം വര്‍ദ്ധിപ്പിക്കും. പഴുത്ത് ഉണങ്ങിത്തുടങ്ങുമ്പോള്‍ പറിക്കാം. ഒരു സെന്റില്‍ നിന്നും 2-4 കി.ഗ്രാം പയര്‍ ലഭിക്കും. മൂന്നാം വിളയായി പയര്‍ കൃഷി ചെയ്യുമ്പോള്‍ മറ്റു ചെലവോ പ്രത്യേക
പരിചരണമോ വേണ്ടെന്നു മാത്രമല്ല, കളകളെയും കീടങ്ങളേയും നിയന്ത്രിക്കാന്‍ സഹായിക്കും. വാഴക്കൃഷിയുടെ ആദ്യമൂന്നുമാസം വന്‍പയര്‍ ഇടവിളക്കൃഷിയാക്കാം. മൂപ്പുകുറവുള്ള ഇനങ്ങളാണ് വേനല്‍ക്കൃഷിക്ക് നന്ന്. കനകമണി, കൃഷ്ണമണി, അനശ്വര, പൗര്‍ണമി, ശുഭ്ര, Co-3 തുടങ്ങിയവ വേനല്‍ക്കൃഷിക്ക് അനുയോജ്യമാണ്. വരള്‍ച്ചാ പ്രതിരോധശേഷിയുള്ള പയറിനങ്ങള്‍ മണ്ണില്‍ പടര്‍ന്നുവളരുന്നതിലൂടെ, തീവ്രതയേറിയ സൂര്യരശ്മികളില്‍ നിന്നും മണ്ണിനെ സംരക്ഷിക്കും
ഉഴുന്ന്
ഉഴുന്ന് (Vigna mungo) പ്രധാനമായും ഒരു വേനല്‍ക്കാല വിളയായിട്ടാണ്
വളര്‍ത്തിവരുന്നത്. തനിവിളയായും മിശ്രവിളയായും കൃഷിചെയ്യാം. T9, Co2, TAU2 എന്നിവ വളര്‍ച്ചയെ അതിജീവിക്കുന്ന ഇനങ്ങളാണ്. തനിവിളയ്ക്ക് ഒരു സെന്റിന് 100ഗ്രാമും ഇടവിളയ്ക്ക് 25 ഗ്രാമും വിത്ത്
വേണം. ആദ്യ ഉഴവിനൊപ്പം ഒരു സെന്റിന് ഒരു കി.ഗ്രാം കുമ്മായം എന്ന തോതില്‍ 6 കി.ഗ്രാം രാജ്‌ഫോസ്, 2 കി.ഗ്രാം പൊട്ടാഷ് എന്നിവ നല്‍കണം. വരികള്‍ തമ്മില്‍ 25 സെ.മീറ്ററും ചെടികള്‍ തമ്മില്‍ 15 സെ.മീറ്ററും അകലം നല്‍കി നടണം. 3-4 മാസംകൊണ്ട് വിളവെടുക്കാം. സാധാരണ
കീടാക്രമണം തീരെ കുറഞ്ഞ പയര്‍വിളയാണ് ഉഴുന്ന്. ആഴത്തില്‍ വേരുള്ളതിനാല്‍ മണ്ണൊലിപ്പിനെ തടയാനും ഇതിന് കഴിവുണ്ട്. ഒരു സെന്റില്‍നിന്നും 2-4 കി.ഗ്രാം ഉഴുന്ന് കിട്ടും.
ചെറുപയര്‍
വരള്‍ച്ചയെ അതിജീവിക്കാന്‍ കഴിവുള്ള ചെറുപയര്‍ (Vigna radiata) എല്ലാമണ്ണിലും നന്നായി വളരും. ഉഴുന്നിന്റെ അതേ വിത്തുനിരക്കും കൃഷിരീതിയുമാണ് ചെറുപയറിനും. വിതച്ച് 3 മാസമാകുമ്പോള്‍ വിളവെടുക്കാം. പിഴുതെടുത്ത ചെടികള്‍
കളത്തില്‍ ഒരാഴ്ചയോളം കൂട്ടിയിട്ട ശേഷമാണ് പയര്‍ എടുക്കുന്നത്. ഒരു സെന്റില്‍നിന്നും 2-4 കി.ഗ്രാം ചെറുപയര്‍ കിട്ടും.
മുതിര
ഒരു വേനല്‍ക്കാല വിളയായിട്ടാണ് മുതിര (Nacrotyloma uniflorum -Horsegram) പൊതുവേ കൃഷി ചെയ്യുന്നത്. കാല്‍സ്യം, ഇരുമ്പ് എന്നിവയില്‍ സമ്പുഷ്ടമാണ് മുതിര. ഒരു സെന്റിലേക്ക് 100 ഗ്രാം വിത്ത് ആവശ്യമായി
വരും. മഴ കൃഷിക്ക് ദോഷമാണ്. മറ്റ് പരിചരണമുറകളൊന്നും
ആവശ്യമില്ല. നാല് -നാലര മാസംകൊണ്ട് മൂപ്പെത്തും. സെന്റിന് 1.5-2 കിലോ വിളവ് ലഭിക്കും.
വിത്ത് ലഭിക്കും
വന്‍പയര്‍, ഉഴുന്ന് വിത്ത് – പാലക്കാട് നാഷണല്‍ സീഡ്‌സ് കോര്‍പ്പറേഷന്‍- ഫോണ്‍: 0491 2566414. കേരള കാര്‍ഷിക സര്‍വകലാശാല, തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല കേന്ദ്രങ്ങളിലും പയര്‍വിത്ത് ലഭ്യമാക്കുന്നുണ്ട്. ചെറിയതോതില്‍ കൃഷിചെയ്യുന്നതിന് വീട്ടാവശ്യത്തിനുവാങ്ങിയ പയര്‍വര്‍ഗങ്ങള്‍ ഉപയോഗിക്കാം. വിത്തിന്റെ വില അല്‍പംകൂടുമെന്ന് മാത്രം. ഒരു നാലംഗ കുടുംബത്തിന് 10-20 സെന്റില്‍ ഈ പയര്‍വിളകള്‍ നട്ടാല്‍ ഒരു വര്‍ഷത്തേക്ക് ഒരു വീട്ടാവശ്യത്തിനുള്ള ഉഴുന്നും ചെറുപയറും വീട്ടുപുരയിടത്തില്‍തന്നെ വിളയിക്കാം.