പുളിയുടെ പകരക്കാരൻ പുളിവെണ്ടയെ ഓർമ്മയുണ്ടോ
ഒരു കാലത്ത് നാട്ടിൻപുറങ്ങളിൽ ഏറെ ഉണ്ടായിരുന്ന പുളിവെണ്ട ഇന്ന് അപൂർവ്വ സസ്യമാണ്. നാട്ടിൽ പുളിയായും ഔഷധമായും ഉപയോഗിച്ചിരുന്ന വെണ്ടയുടെ വംശത്തിൽപ്പെട്ട ഇതിനെ ഇന്ന് കണ്ട് കിട്ടാൻ തന്നെ പ്രയാസം.
മത്തിപ്പുളി, മീൻപുളി എന്നീ പേരുകളിലും വടക്കൻ കേരളത്തിൽ ഇത് അറിയപ്പെടുന്നു. മത്തിയും മറ്റ് മത്സ്യ കറികളും ഉണ്ടാക്കാൻ ഇത് ഉപയോഗിച്ചിരുന്നു. ചുവന്ന കായയും പച്ച നിറത്തിലുള്ള കായയും ഉണ്ടാകുന്ന പുളിവെണ്ടയുണ്ട്. ഇളം പുളിരസം ആസ്വദിച്ച് ഇത് പച്ചയായും പറിച്ച് തിന്നാറുണ്ട്. വിറ്റാമിൻ സി ഇതിൽ നന്നായി അടങ്ങിയിട്ടുണ്ട്. ഇത് അന്യം നിന്നുപോയെങ്കിലും തന്റെ കൃഷിയിടത്തിൽ പുളിവെണ്ട കൃഷി ചെയ്യുന്ന കർഷകനുണ്ട് കണ്ണൂർ ജില്ലയിൽ.
മട്ടന്നൂരിനടുത്ത തില്ലങ്കേരിയിലെ ജൈവകർഷകനായ ഷിംജിത്താണ് ഈ അപൂർവ്വ സസ്യത്തെ കാത്തു സൂക്ഷിക്കുന്നത്. ഷിംജിത്തിന് ഇതിന്റെ കൃഷി തന്നെയുണ്ട്. ഇതിന്റെ ചുവന്ന കായയുടെ ചുറ്റുമുള്ള ഇതളുകളാണ് പുളിയായി ഉപയോഗിക്കുന്നത്. ചട്ട്ണി, സ്ക്വാഷ്, ജാം എന്നിവ ഉണ്ടാക്കുകയും ചെയ്യാം. ഇലയും തണ്ടും ചേർത്ത് കറിവെക്കാറുമുണ്ട് കുറ്റിച്ചെടിയായാണ് ഇത് വളരുക. ഷിംജിത്ത് ഇതിന്റെ ഇതളുകൾ ഉണക്കി പായ്ക്കറ്റുകളിലാക്കി വില്പന നടത്തുന്നുണ്ട്. തണ്ട് വേരുപിടിപ്പിച്ചും വിത്ത് നട്ടുമാണ് തൈകൾ ഉണ്ടാക്കുന്നത്.
ഇതിന്റെ വിത്തും തൈകളും ഫാമിലുണ്ട്. അറേബ്യൻ രാജ്യങ്ങളിൽ പുളിവെണ്ടയുടെ ഇതളുകൾ തിളപ്പിച്ച വെള്ളത്തിലിട്ടു വെച്ച് ചായയ് പകരമായി ഉപയോഗിക്കാറുണ്ടത്രെ. ഈ വെള്ളം കുടിച്ചാൽ ഉന്മേഷം കിട്ടുന്നതുകൊണ്ടാണിത് നൂറോളം തടം പുളിവെണ്ട ഷിംജിത്തിന്റെ ഫാമിലുണ്ട്. മഞ്ഞൾ കൃഷിക്കിടയിൽ നട്ട പുളിവെണ്ടയുടെ വിത്ത് വീണ് ഇഷ്ടം പോലെ തൈകൾ ഉണ്ടാകുന്നുണ്ടെന്ന് ഷിംജിത്ത് പറഞ്ഞു.
നല്ല അറിവുകൾ