ഓരോ കൃഷി ഭവനിലും ഒരു മൂല്യവർധിത ഉല്പന്നം ഒരുക്കും – മന്ത്രി പി. പ്രസാദ്
കൃഷി ജീവിത മാർഗമായി എടുത്ത കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കുന്നതിനായി ഓരോ കൃഷി ഭവനിലും ഒരു മൂല്യ വർധിത ഉല്പന്നം ഒരുക്കുമെന്ന് കൃഷിമന്ത്രി മന്ത്രി പി. പ്രസാദ് പറഞ്ഞു. എറണാകുളം കടമക്കുടി -വരാപ്പുഴ ജൈവ പൊക്കാളി ഐ.സി.എസ് സംഘടിപ്പിച്ച പൊക്കാളി കൊയ്‌ത്തുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഓരോ ഉല്പന്നത്തിനും പ്രത്യേക വിപണന സൗകര്യം ഒരുക്കണം. അതിനായി പാക്കേജിങ് ഉൾപ്പടെ മെച്ചപ്പെടണം. കാർഷിക ഉല്പന്ന പ്രചാരണത്തിനായി പൊതുജന സ്വകാര്യ പങ്കാളിത്തത്തോടെ പ്രത്യേക കമ്പനി ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
കൃഷിയിലേക്ക് ജനങ്ങളെ മടക്കി കൊണ്ടുവരിക എന്ന ലക്ഷ്യത്തിൽ നടപ്പാക്കിയ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി വഴി 25642 കൃഷിക്കൂട്ടങ്ങൾ സംസ്ഥാനത്ത് ആരംഭിച്ചു. ലോകബാങ്കിന്റെ സഹായത്തോടെ കാർഷിക മൂല്യ വർധിത മിഷൻ രൂപീകരിക്കും. ഇതിനായി 1400 കോടി രൂപ ലോകബാങ്ക് സഹായം ലഭിക്കും. പൊക്കാളി ഉൾപ്പടെയുള്ള ഉല്പന്നങ്ങളോട് പൊതുജനങ്ങളുടെ മനോഭാവം മാറണം. പൊക്കാളി പോലുള്ളവയ്ക്ക് പ്രത്യേക പരിഗണന ലഭിക്കേണ്ടതുണ്ട്. ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായ അരി പരമാവധി ഇടങ്ങളിൽ ഉല്പാ ദിപ്പിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു.
ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ട്രീസ മാനുവൽ, ജില്ലാ പഞ്ചായത്ത് അംഗം എൽസി ജോർജ്, വരാപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ്, കടമക്കുടി ഗ്രാമ പഞ്ചായത്ത് അംഗം പ്രബിൻ ദിലീപ് കുമാർ, കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ ജോസഫ് ജോഷി വർഗീസ്, സെറിൻ ഫിലിപ്പ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജെ.എസ് സുധാകുമാരി, കാർഷിക സർവ്വകലാശാല ഐ.പി.ആർ സെൽ കോ ഓഡിനേറ്റർ ഡോ. പി.ദീപ്തി ആൻ്റണി, വൈറ്റില നെല്ല് ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞ ഡോ. ദീപ തോമസ്, കൃഷി ഓഫീസർ ബി.എം അതുൽ, ജൈവ പൊക്കാളി ഐ.സി.എസ് പ്രസിഡൻ്റ് ജെയിംസ് അറയ്ക്കൽ, സെക്രട്ടറി കെ.എ തോമസ്, വരാപ്പുഴ പൊക്കാളി പാടശേഖരസമിതി അംഗങ്ങളായ ജോസ് മോൻ കന്നനാട്ട്, ടി.എം ശശീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.