പൊക്കാളി കൊയ്ത്തിന് കാർഷിക സർവ്വകലാശാല വിദ്യാർത്ഥികളും
കർഷകരും നാട്ടുകാരും കാർഷിക സർവ്വകലാശാല വിദ്യാർത്ഥികളും ചേർന്ന് പൊക്കാളി കൊയ്ത്ത് ആഘോഷമാക്കി. സംസ്ഥാന സർക്കാരിൻ്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി എറണാകുളം വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച പൊക്കാളി നെല്‍കൃഷിയുടെ കൊയ്ത്തുത്സവമാണ് നടന്നത്. സംവിധായകൻ ജിബു ജേക്കബ് ഉദ്ഘാടനം ചെയ്തു.
കേരള കാർഷിക സർവ്വകലാശാലയിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥികളും കൊയ്ത്തുത്സവത്തിൽ പങ്കു ചേർന്നു. പഠനത്തിൻ്റെ ഭാഗമായി 97 പേരടങ്ങുന്ന സംഘമാണ് വൈപ്പിൻ കരയുടെ തനത് കാർഷിക വിളയായ പൊക്കാളികൃഷിയെ അറിയാനും കൃഷിയിൽ പങ്കുചേരാനും വന്നത്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ബ്ലോക്ക് പഞ്ചായത്ത് പൊക്കാളി അരി കൊണ്ടുള്ള കഞ്ഞിയും ഒരുക്കിയിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള ഗ്രൂപ്പ് അഞ്ച് ഏക്കർ സ്ഥലത്താണ് പൊക്കാളി കൃഷി നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തുളസി സോമൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡൻ്റ് കെ.എ.സാജിത്ത്, ജില്ലാ പഞ്ചായത്ത് അംഗം എം.ബി ഷൈനി, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയക്ടർ അനിത ജെയിംസ്, നിലം ഉടമ ഹാഷിം വലിയ വീട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.