പൊക്കാളി കൃഷിയുടെ അടിസ്ഥാന സൗകര്യങ്ങൾക്കായി പത്തു കോടി

പൊക്കാളി കൃഷിയുടെ അടിസ്ഥാന സൗകര്യങ്ങൾക്കായി കൃഷി വകുപ്പ്  പത്തു കോടി അനുവദിക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. അടുത്ത സാമ്പത്തിക വർഷം തുക അനുവദിക്കും. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, പൊക്കാളി നില വികസന ഏജൻസി എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കരകം 2025 പൊക്കാളി  ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പൊക്കാളി കൃഷിയുടെ വളർച്ചയ്ക്കായി അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം വില ലഭ്യമാക്കുന്നതിലും ശ്രദ്ധ വേണം. ഉൽപാദന ചെലവിന്റെ 50 ശതമാനമെ ങ്കിലും ലഭ്യമാക്കണം. എല്ലാ മേഖലയിലും ഉത്പന്നത്തിന്റെ വില നിശ്ചയിക്കുന്നത് ഉത്പാദിപ്പിച്ചവരാണ്. എന്നാൽ ഉത്പാദിപ്പിച്ചതിന്റെ വില നിശ്ചയിക്കാൻ അവകാശമില്ലാത്ത ഒരാൾ കർഷകനാണ്.

ഉത്പാദന ചെലവ് പകുതിയെങ്കിലും ലഭ്യമായാൽ മാത്രമേ കർഷകനും നിലനിൽക്കാൻ സാധിക്കൂ. കൃഷിവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും എല്ലാവരും യോജിച്ച് കർഷകന് കൃത്യമായ വില ലഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

പൊക്കാളി കൃഷിക്ക് ജൈവ സർട്ടിഫിക്കേഷൻ ലഭ്യമാക്കും. ഇത് ലഭ്യമായാൽ കർഷകർക്ക് കുറച്ചുകൂടി വില ഉറപ്പാക്കാൻ സാധിക്കും. നാഷണൽ പ്രോഗ്രാം ഫോർ ഓർഗാനിക് പ്രൊഡക്ഷൻ സർട്ടിഫിക്കറ്റ് കൂടി ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൃഷിവകുപ്പിന്റെ ഭാഗത്തുനിന്ന് നടക്കുന്നുണ്ട് – മന്ത്രി പറഞ്ഞു.

2017ൽ ഭൗമസൂചിക പദവി ലഭിച്ച കൃഷി രീതിയാണ് പൊക്കാളി. അമ്ലത്തെയും ഉപ്പിന്റെ അംശത്തെയും വെള്ളക്കെട്ടിനെയും പ്രതിരോധിക്കാൻ ഇതിന് സാധിക്കും. പൊക്കാളിക്ക് നിരവധി ഗുണങ്ങളുണ്ട്. ഇതിനെക്കുറിച്ച് പഠനം നടത്താൻ കാർഷിക വില നിർണയ ബോർഡിനെ ചുമതലപ്പെടുത്തിയപ്പോൾ 40 വർഷങ്ങൾക്ക്‌
മുമ്പ് 24000 ഹെക്ടർ ചെയ്തിരുന്ന പൊക്കാളി കൃഷി ഇന്ന് 2400 ഹെക്ടറിൽ മാത്രമാണ് കൃഷി ചെയ്യുന്നതെന്ന് വ്യക്തമായതായി മന്ത്രി പറഞ്ഞു.

പൊക്കാളി കൃഷിയുടെ ആവശ്യകതയും പ്രതിസന്ധികളും, പൊക്കാളി കൃഷി പുനരുദ്ധാരണം, പൊക്കാളി കൃഷി മേഖലയിലെ യന്ത്രവൽക്കരണം, പൊക്കാളി കൃഷി കർഷക സംവാദം എന്നീ വിഷയങ്ങൾ സംബന്ധിച്ച് സെമിനാറുകളും സംവാദങ്ങളും നടന്നു.

എറണാകുളം കുഴുപ്പിള്ളി സഹകരണ നിലയം ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, സിനിമാ നടൻ സലിംകുമാർ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി. ജില്ലാ കളക്ടർ എൻ. എസ്. കെ ഉമേഷ് ആമുഖാവതരണം നടത്തി. പൊക്കാളി നിലവികസന ഏജൻസി വൈസ് ചെയർമാൻ പി.വി. ലാജു തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *