പൈനാപ്പിൾ കർഷകരെ കോവിഡ് ചതിച്ചു
മൂവാറ്റുപുഴ വാഴക്കുളം അടക്കമുള്ള സ്ഥലങ്ങളിലെ പൈനാപ്പിൾ പാടത്ത് നഷ്ടങ്ങളുടെ വിളവെടുപ്പ്
എസ്.ജയകുമാർ
മൂവാറ്റുപുഴയിലെ വാഴക്കുളമടക്കമുള്ള സ്ഥലങ്ങളിലെ പൈനാപ്പിൾ കർഷകർക്ക് കോവിഡ്കാലം കനത്ത തിരിച്ചടിയാണ് നൽകിയത്. ആയിരക്കണക്കിന് ഏക്കർ സ്ഥലത്തെ പൈനാപ്പിൾ വിളവെടുക്കാനായപ്പോൾ ലോക് ഡൗൺ കാരണം വിപണിയിലെത്തിക്കാൻ പറ്റാത്ത അവസ്ഥയാണ്. തിരുവനന്തപുരം ആനാട് ഗ്രാമപഞ്ചായത്തിൽ 25 ഏക്കർ സ്ഥലത്ത് 300 ടൺ പൈനാപ്പിൾ വിളവെടുക്കാൻ പാകമായി നിൽക്കുകയാണ്. ഒരാഴ്ചക്കുള്ളിൽ വിളവെടുത്തില്ലെങ്കിൽ എല്ലാം ചീഞ്ഞ് നശിക്കും.ലോക്ഡൗണിൽ വിപണി അടഞ്ഞതോടെ വൻ നഷ്ടമാണ് കർഷകർക്ക് ഉണ്ടാകാൻ പോകുന്നത്.ആനാട് ഗ്രാമപഞ്ചായത്തിലെ പുത്തൻപാലത്ത് കൃഷിയിറക്കിയ കർഷകർക്കാണ് ഈ ദുരവസ്ഥ. ഇപ്പോൾ ആകെ നാലു ദിവസത്തിനുള്ളിൽ എട്ട് ടൺ മാത്രമാണ് വിറ്റത്.ഏപ്രിൽ 22നുള്ളിൽ എല്ലാം വിറ്റില്ലെങ്കിൽ ചീഞ്ഞ് നശിക്കും. മൂവാറ്റുപുഴ പാമ്പാക്കുടയിലെ പൈനാപ്പിൾ കർഷകനായ പി.ടി ബെന്നിയും മറ്റ് മൂന്നു പേരും

ചേർന്നാണ് ഇവിടെ പാട്ടത്തിന് കൃഷിയിറക്കിയിരിക്കുന്നത്. ലോക് ഡൗണില്ലെങ്കിൽ ഇപ്പോൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് ലോറികളിൽ അയക്കേണ്ടതായിരുന്നു പൈനാപ്പിൽ. വാഹന ഗതാഗതം തടസ്സപ്പെട്ടതോടെ അതില്ലാതായി. ഡൽഹി, ഇൻഡോർ, ഔറംഗാബാദ്, പൂണെ, സൂറത്ത്, മുംബൈ എന്നിവിടങ്ങളിലെ മൊത്ത വിപണിയിലേക്കാണ് മൂവാറ്റുപുഴ വാഴക്കുളത്തെ ഏജൻസികൾ വഴി ഇത് കയറ്റി വിടുന്നത്.

മൂവാറ്റുപുഴയിലെ വാഴക്കുളത്താണ് കേരളത്തിലെ ഏറ്റവും വലിയ പൈനാപ്പിൾ കൃഷി.കേരളത്തിൽ കൃഷി ചെയ്യുന്ന പൈനാപ്പിളിന്റെ വെറും പത്ത് ശതമാനമേ ഇവിടെ വില്പനയുള്ളു. ബാക്കിയെല്ലാം ഉത്തരേന്ത്യയിലേക്കാണ് പോകുന്നത്. ഈസ്റ്റർ -റംസാൻ ആഘോഷങ്ങളോടനുബന്ധിച്ചുള്ള മാസങ്ങളിലാണ് പൈനാപ്പിള്ളിന്റെ വില്പന സീസൺ. ഈ സമയത്ത് 30 രൂപ മുതൽ 50 രൂപവരെ മൊത്തവിലയുണ്ട്. ആനാട് കൃഷിഭവന്റെ ഇക്കോ ഷോപ്പ് വഴിയാണ് ഇപ്പോൾ ചെറിയ തോതിൽ വില്പന നടത്തുന്നത്. പൈനാപ്പിൾ ചലഞ്ച് എന്ന പേരിൽ പ്രവർത്തനം നടത്തി സമൂഹമാധ്യമങ്ങൾ വഴി വില്പന പ്രചരിപ്പിക്കുന്നുണ്ട്. കേരളത്തിൽ എല്ലാ ജില്ലകളിലേക്കും ഈ പൈനാപ്പിൾ എത്തിക്കാനായാൽ കർഷകർക്ക് അത് ആശ്വാസമാകും. എന്തെങ്കിലും കിട്ടിയാലായി എന്ന നിലയിൽ കനത്ത നഷ്ടത്തിൽ ഒന്നാം തരത്തിന് കിലോയ്ക്ക് 20 രൂപ തോതിലാണ് ഇപ്പോൾ വിറ്റഴിക്കുന്നതെന്ന് കർഷകനായ ബെന്നി പറയുന്നു.രണ്ടാം തരത്തിന് 10 രൂപയ്ക്കാണ് നൽകുന്നത്. ഏത് കാലത്തും പൈനാപ്പിൾ കൃഷി ചെയ്യാം. തൈകൾ നട്ട് ഒരു വർഷത്തിനകം വിളവെടുക്കാനാകും.എട്ടു മാസത്തിനുള്ളിൽ കായ്ക്കും.പിന്നെ നാലു മാസം കൊണ്ട് ഇത് മൂപ്പെത്തും.മൂപ്പെത്തിയാൽ പത്ത് ദിവസത്തിനകം പഴുക്കും. പത്ത് ദിവസത്തിനുള്ളിൽ പറിച്ചെടുത്തില്ലെങ്കിൽ അഴുകി നശിക്കും. നാട്ടിൽ നിന്ന് കൊണ്ടുവന്ന പതിനഞ്ചോളം തൊഴിലാളികളെ ഇവിടെ താമസിപ്പിച്ചാണ് ബെന്നി പൈനാപ്പിൾ കൃഷി ചെയുന്നത്. “തൊഴിലാളികളെ നാട്ടിൽ നിന്ന് കൊണ്ടുവന്ന് പണിയെടുപ്പിക്കുന്നതിനാൽ ചെലവും കുടുതലാണ്.

സീസണിൽ സാധാരണ കാശ് കൈയിൽ വരുമെങ്കിലും അടുത്ത കൃഷിക്കായി വൻ ചെലവു വരും. വലിയ തുക ബാങ്കിൽ നിന്ന് എടുത്താണ് ഈ കൃഷിയിൽ ഏർപ്പെട്ടത്.ഇത്തവണ ബാങ്കിലെ തവണ അടക്കാൻ പോലും കാശില്ലാത്ത സ്ഥിതിയാണ്.എങ്ങിനെയെങ്കിലും പൈനാപ്പിൾ വിറ്റുതീർക്കാനുള്ള സാഹചര്യം സർക്കാർ ഒരുക്കിത്തരണം. കഷ്ടപ്പെട്ട് പണിയെടുത്ത് ഉണ്ടാക്കിയ വിളവ് നശിച്ചുപോകുന്നത് കാണാൻ എനിക്ക് കരുത്തില്ല ” – ബെന്നി പറയുന്നു.