പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഇനി പൈനാപ്പിളും
പൈനാപ്പിൾ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നതിന്റെ ഭാഗമായി നാലായിരം തൈകൾ നടും.
തെങ്ങും കവുങ്ങും കശുമാവും പച്ചക്കറിയും പച്ചവിരിക്കുന്ന പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഇനി പൈനാപ്പിളും. ഇവിടെ ഇതുവരെ ഇല്ലാതിരുന്ന പൈനാപ്പിൾ വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
പരിസ്ഥിതി ദിനത്തിൽ മുൻ എം.എൽ.എ. കെ. കുഞ്ഞിരാമൻ ആദ്യ തൈ നട്ട് കൃഷിക്ക് തുടക്കം കുറിച്ചു. ആദ്യഘട്ടത്തിൽ 4000 പൈനാപ്പിൾ തൈകൾ നട്ടുപിടിപ്പിക്കും. ഇതിന്റെ മുന്നോടിയായി ആയിരം തൈകൾ നട്ടു. ഒരു മാസത്തിനകം ബാക്കി തൈകൾ നടുമെന്ന് ഗവേഷണ വിഭാഗം മേധാവിയും അസോസിയേറ്റ് ഡയരക്ടറുമായ ടി. വനജ പറഞ്ഞു. മൗറീഷ്യസ് ഇനമാണ് നട്ടുവളർത്തുന്നത്. കേരള കാർഷിക സർവ്വകലാശാലയുടെ ഗവേഷണ തോട്ടമായ കാസർകോട് ജില്ലയിലെ ഈ കേന്ദ്രത്തിൽ 57 ഹെക്ടർ സ്ഥലത്തായി പല തരം കൃഷികളുണ്ട്.
കുള്ളൻ തെങ്ങുകളുടെ തോട്ടത്തിൽ ഇടവിളയായാണ് രണ്ട് സ്ഥലങ്ങളിൽ പൈനാപ്പിൾ നടുന്നത്. ഒരു വർഷത്തിനകം ഇത് വിളവെടുക്കാൻ കഴിയും. തെങ്ങ്, മാവ്, കശുമാവ് എന്നിവയുടെ വലിയൊരു ജനിതക ശേഖരം ഇവിടെയുണ്ട്. വാഴ, പച്ചക്കറിത്തോട്ടം എന്നിവയുമുണ്ട്.
കാസർകോട് കുള്ളൻ അടക്കമുള്ള പശുക്കളുടെ ഫാമും മലബാറി ആട് ഫാമും ഇവിടെയുണ്ട്. വെറ്ററിനറി ആസ്പത്രിയും കൃത്രിമ ബീജസങ്കലന കേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്. ഫാമിൽ നിന്ന് ആടുകളെ വില്പന നടത്തുന്നുണ്ട്. പാൽ വില്പനയുമുണ്ട്.