പേരാമ്പ്ര ഫാമിലെ എഫ് ബ്ലോക്കിൽ സമൃദ്ധിയുടെ പച്ചപ്പ്
കോഴിക്കോട് പേരാമ്പ്ര സ്റ്റേറ്റ് സീഡ് ഫാമിൽ വെള്ളക്കെട്ടായി കിടന്ന് കൃഷി മുടങ്ങിയ എഫ് ബ്ലോക്കിൽ സമൃദ്ധിയുടെ പച്ചപ്പ്. വെള്ളക്കെട്ടായതിനാൽ വർഷങ്ങളായി കൃഷി ചെയ്യാതെ കിടന്ന എഫ് ബ്ലോക്കിൽ ഇപ്പോൾ ജ്യോതി നെല്ല് തഴച്ചുവളരുകയാണ്. മൂന്ന് മാസം മുമ്പ് ഫാമിൻ്റെ ചുമതല ഏറ്റെടുത്ത കൃഷി അസി.ഡയരക്ടർ പി.പ്രകാശിൻ്റെ നേതൃത്വത്തിലാണ് ഈ പ്രദേശം കൃഷിയോഗ്യമാക്കിയത്.
ഇവിടെ കൃഷി ഇറക്കുന്നതിനുള്ള ബുദ്ധിമുട്ട് അസിസ്റ്റന്റ് കൃഷി ഓഫീസർ സജീവനാണ് പ്രകാശിനു മുന്നിൽ വിശദീകരിച്ചത്. ഉടൻ തന്നെ സ്ഥലത്ത് കൃഷിയിറക്കാൻ ജീവനക്കാർ മുന്നിട്ടിറങ്ങി. ട്രാക്ടർ ഉപയോഗിച്ച് സ്ഥലം ഉഴുത് വരമ്പുകൾ നന്നാക്കിയെടുത്തു. സ്ഥലം കൃഷിയോഗ്യ മാക്കാൻ കഠിന പരിശ്രമം തന്നെ വേണ്ടി വന്നു. അസി. കൃഷി ഓഫീസർ സജീവൻ്റെയും ബൈജു, ദിദീഷ്, രാജേഷ് എന്നിവരുടെയും കൂട്ടായ പ്രയത്നം ഫലം കണ്ടു.
ഇപ്പോൾ വയലിൽ ജ്യോതി നെല്ല് കരുത്തോടെ തഴച്ചു വളരുന്ന കാഴ്ച ജീവനക്കാരെ ഏറെ സന്തോഷിപ്പിക്കുന്നു. വെള്ളത്തിന്റെ ദൗർലഭ്യം ഉണ്ടെങ്കിലും തൽക്കാലം കുളത്തിൽ നിന്ന് പമ്പ് ചെയ്ത് പരിഹരിക്കുകയാണെന്ന് ഫാമിൻ്റെ ചുമതല വഹിക്കുന്ന പി.പ്രകാശ് പറഞ്ഞു. താമസിയാതെ കനാൽ വെള്ളം എത്തുമെന്ന പ്രതീക്ഷയിലാണ്.
ജില്ലാ പഞ്ചായത്ത്, കൃഷി വകുപ്പ്, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സഹായത്തോടെ ഫാമിൻ്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുള്ള പദ്ധതികൾ ആവിഷ്കരിച്ചു വരികയാണെന്നും പ്രകാശ് പറഞ്ഞു.