ദാഹശമനിയായ പതിമുഖം കൃഷി ചെയ്യാം.
കുടിക്കാനുള്ള വെള്ളം തിളപ്പിക്കുമ്പോൾ ഏലക്കയോ രാമച്ചമോ കൊത്തമല്ലിയോ ഇടുന്നത് പതിവാണ്. നാം ഇതിനായി ഉപയോഗിക്കുന്ന മറ്റൊരു ആയുർവേദ ചേരുവയാണ് പതിമുഖം. ഇത് വെള്ളത്തിന് ഇളം ചുവപ്പു നിറം നൽകും. വേനലിൽ ശരീരം തണുപ്പിക്കാനും വയറ്റിലെ അസ്വസ്ഥതകൾ ഒഴിവാക്കാനും ഉത്തമമാണ് ഈ ദാഹശമനി. ചന്ദനത്തിന്റെ ഗുണമുള്ളതിനാൽ ഇതിനെ കുചന്ദം എന്നും പറയും.
ചപ്പങ്ങം എന്നും ഇത് അറിയപ്പെടുന്നു. കാട്ടിലും മറ്റും വൃക്ഷമായി വളരുന്ന ഇതിന്റെ കാതൽമരം ചെറുതാക്കി വെട്ടിയെടുത്താണ് ഉപയോഗിക്കുന്നത്. ഇതിൽ നിന്ന് വേർതിരിക്കുന്ന ബ്രസിലിൽ എന്ന ചുവന്ന ചായം വസ്ത്രങ്ങൾക്കും സൗന്ദര്യവർദ്ധക വസ്തുക്കൾക്കും ഭക്ഷണ പദാർത്ഥങ്ങൾക്കും, പാനീയങ്ങൾക്കും ചുവപ്പു നിറം നൽകാൻ ഉപയോഗിക്കുന്നു. തായ് ലന്റിലെ ആദിവാസികൾ
ക്ഷയം വയറിളക്കം, വിളർച്ച, വാതം, ത്വക്ക് രോഗങ്ങൾ എന്നിവയുടെ ചികിത്സയ്ക്ക് ഉപയോഗിച്ചിരുന്നു. ചൈനയിൽ ഇത് വേദനസംഹാരിയായും രക്ത ഓട്ടം കൂട്ടാനും ആർത്തവ ക്രമീകരണത്തിനുമുള്ള ഔഷധങ്ങളിലും ഉപയോഗിക്കുന്നുണ്ട്. വയറിലെ അൾസർ, ദഹനമില്ലായ്മ
ചൊറിച്ചിൽ, മുറിവ് എന്നിവയുടെ ചികിത്സയ്ക്ക് ആയുർവേദത്തിലും ഉപയോഗിക്കുന്നുണ്ട്. തെക്കു കിഴക്കൻ ഏഷ്യയിലാണ് ഇത് വ്യാപകമായി കണ്ടുവരുന്നത്. ഇതിന്റെ ആവശ്യം കൂടിയതോടെ തമിഴ്നാട്, കർണ്ണാടക, ആന്ധ്ര, ബംഗാൾ, കേരളം എന്നിവിടങ്ങളിൽ ഇത് കൃഷി ചെയ്യുന്നുണ്ട്. കേസൽപ്പീനിയ സപ്പൻ എന്നാണ് ശാസ്ത്രനാമം. ബ്രസിൽ , സപ്പൻ വുഡ്, ഈസ്റ്റ് ഇന്ത്യൻ റഡ് വുഡ് എന്നീ പേരുകളിൽ
അറിയപ്പെടുന്ന ഇത് കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളരും. മരത്തിലുണ്ടായ കായ ഉണങ്ങി വിത്ത് വീണാണ് തൈകൾ ഉണ്ടാകുന്നത്. വിത്ത് തുണിയിൽക്കെട്ടി അഞ്ച് സെക്കന്റ് നല്ല ചൂടുവെള്ളത്തിൽ മുക്കിയെടുത്താൽ എളുപ്പം മുളയ്ക്കും. തടിയുടെ പുറത്ത് മുള്ള് കാണപ്പെടുന്നതിനാൽ പറമ്പിൽ വേലിയായി വേണം ഇത് കൃഷി ചെയ്യാൻ.
കണ്ണൂർ ജില്ലയിലെ തില്ലങ്കേരിയിൽ ഷിംജിത്ത് എന്ന ജൈവകർഷകന്‍
ഇത് കൃഷി ചെയ്യുന്നുണ്ട്. റബ്ബറിനിടയിലായി ഇരുന്നുറോളം പതിമുഖം ഉണ്ടായിരുന്നു. ഇത് ആവശ്യത്തിന് മുറിച്ച് വില്പന നടത്തും. ചെറിയ കമ്പുകളാക്കി പായ്ക്ക് ചെയ്താണ് വില്പന. ഒരു കമ്പിന് 20 രൂപയാണ് വില.
കൃഷി ചെയ്തവർ ആവശ്യക്കാർ ഇല്ലാത്തതിനാൽ ഇപ്പോൾ വെട്ടിക്കളയുകയാണ് .