വീട്ടുമുറ്റത്ത് പന്തലിട്ട് പാഷൻ ഫ്രൂട്ട് കൃഷി ചെയ്യാം
വീട്ടുമുറ്റത്തൊരു പന്തലിട്ട് പാഷൻ ഫ്രൂട്ട് വളർത്തിയാൽ തണുപ്പും കിട്ടും ജ്യൂസും കുടിക്കാം. പോഷക സമൃദ്ധമായ പാഷൻ ഫ്രൂട്ട് കേരളത്തിലും കൃഷിയായി മാറിക്കഴിഞ്ഞു. കിലോയ്ക്ക് നൂറു രൂപയിലധികം വിലയുള്ള ഈ പഴത്തിന് വിപണിയിൽ നല്ല ഡിമാൻ്റാണ്. ഒരു തൈ നട്ട് പടർന്ന് പന്തലിച്ചാൽ നാലു വർഷം വരെ ഇത് വിളവു തരും എന്ന
മേന്മയുമുണ്ട്. വീട്ടുമുറ്റത്തെ പന്തലിൽ രണ്ടോ മൂന്നോ തൈ പടർത്തിയാൽ ഇഷ്ടം പോലെ പഴങ്ങൾ കിട്ടും മലപ്പുറം വറ്റല്ലൂർ പറമ്പൻ ഹൗസിലെ ഉമ്മർ കുട്ടിയുടെ ഫാമിൽ ഇതിൻ്റെ കൃഷിയുണ്ട്. ഡ്രാഗൺ ഫ്രൂട്ട് അടക്കം കൃഷി ചെയ്യുന്ന ഈ ഫാമിൽ നിന്ന് പാഷൻ ഫ്രൂട്ടും ഇതിൻ്റെ തൈകളും വില്പന നടത്തുന്നുണ്ട്. മലപ്പുറം – പെരിന്തൽമണ്ണ റൂട്ടിൽ മക്കരപറമ്പിനടുത്ത് പൊരുന്നന്‍പറമ്പിലാണ് ഉമ്മർ കുട്ടിയുടെ ഗ്രീൻ വാലി ഹൈടെക് ഫാം. കുരുനട്ടും തണ്ട് മുറിച്ചു നട്ടും തൈകൾ ഉണ്ടാക്കാം. രണ്ടടി വീതിയും ആഴവുമുള്ള കുഴിയുണ്ടാക്കി ചപ്പുചവറും ചാണകപ്പൊടിയും ഇട്ട് മൂടിഇതിനകത്താണ് തൈകൾ നടേണ്ടത്.
ഇങ്ങിനെ ചെയ്യുമ്പോൾ നല്ലവേരോട്ടം കിട്ടും. കൂടുതൽ സ്ഥലത്ത് കൃഷി ചെയ്യുമ്പോൾ ചെടികൾതമ്മിൽ അഞ്ച് മീറ്റർ അകലത്തിലാണ് നടേണ്ടത്. തണ്ട് വേരുപിടിപ്പിച്ച് നടുന്ന തൈകൾ ഏഴു മാസം കൊണ്ട് പൂവിടും. കുരു നട്ടുണ്ടാക്കുന്ന ചെടികൾ ഒമ്പതു മാസമെടുക്കും. ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി, കോഴി കാഷ്ടം എന്നിവ വളമായി ചേർത്തു കൊടുക്കാം. തൈകൾ വളർന്നു വരുമ്പോൾ ഒരടി ചതുരമുള്ള കമ്പി വല
കൊണ്ട് പന്തലിടണം. പന്തൽ കാലുകൾ ഉറപ്പുള്ളതായിരിക്കണം. നിറയെ കായ പിടിക്കുന്നതിനാൽ ബലമില്ലെങ്കിൽ പന്തൽ തകർന്നു പോകും. പൂവിട്ട് രണ്ടര മാസം കഴിഞ്ഞാൽ പഴങ്ങൾ പാകമാകും. മഞ്ഞ, ചുവപ്പ് നിറത്തിലുള്ള കായ്കൾ പിടിക്കുന്ന ഇനങ്ങൾ ഉണ്ട്.
മാർച്ച് ഏപ്രിൽ മാസങ്ങളിലാണ് നിറയെ കായ്ക്കുകയെങ്കിലും എല്ലാ സമയത്തും ഇതിൽപഴങ്ങൾ കാണും. ഇതിൻ്റെ ജന്മദേശമായ ബ്രസീലിലാണ് കൃഷി കുടുതലെങ്കിലും മറ്റ് രാജ്യങ്ങളിലും ഇതിൻ്റെ കൃഷിയുണ്ട്. പഴുത്തു കഴിഞ്ഞാൽ ജ്യൂസ്, സ്ക്വാഷ്, ജാം എന്നിവ ഉണ്ടാക്കാം. പഴം വെറുതെ കഴിക്കുകയും ചെയ്യാം. ചെലവ് വളരെ കുറഞ്ഞ കൃഷിയാണിതെന്ന് ഉമ്മർ കുട്ടി പറഞ്ഞു. ഒരു ചെടിയിൽ നിന്ന് നാലു വർഷം വരെ പഴം കിട്ടും. കീടബാധ അധികം ഉണ്ടാകാറില്ല. വേനയിൽ ആഴ്ചയിൽ രണ്ടു പ്രാവശ്യം നനച്ചു കൊടുത്താൽ മതി.