കുളവയൽ പാടശേഖരത്തിൽ കൊയ്ത്തുത്സവം
യന്ത്രവത്കൃത നെൽകൃഷിയുടെ പരിശീലനകളരിയായി മാറിയ കാസര്‍കോട് ജില്ലയിലെ പടന്ന ഗ്രാമപഞ്ചായത്ത് കുളവയൽ പാടശേഖരത്തിൽ കൊയ്ത്തുത്സവം നടത്തി. ഏഴ് ഏക്കർ വിസ്തൃതിയിൽ നെല്ലിനങ്ങളായ ഏഴോം- 2 , ജൈവ എന്നീ ഇനങ്ങളുടെ ജൈവരീതിയിൽ ഉത്പാദിപ്പിച്ച വിത്താണ് കൃഷിചെയ്തത്. കണ്ണൂർ കാസര്‍കോട് ജില്ലകളിലെ പ്രമുഖ ജൈവകർഷകരുടെ കൂട്ടായ്മയാണ് ഉദ്ഘാടനം ചെയ്തത്. പിലിക്കോട് ഉത്തരമേഖല കാർഷിക ഗവേഷണ കേന്ദ്രം പടന്ന കൃഷിഭവൻ്റെ സഹകരണത്തോടെ കുളവയൽ പാടശേഖരത്തിൽ നടപ്പാക്കിയ ‘യന്ത്രവൽകൃത ജൈവനെൽകൃഷി പരിശീലനവും ജൈവനെൽകൃഷി മിഷനും- ഞാറ്റടി മുതൽ കൊയ്ത്തു വരെ കർഷകൻ്റെ പാടത്ത്’ എന്ന പരിപാടിയുടെ വിജയകൊയ്ത്താണ്
കുളവയൽ പാടത്ത് നടന്നത്. ഒരു പഞ്ചായത്തിൽ ഗവേഷണ കേന്ദ്രം മോഡലായി നടത്തുന്ന ഈ പരിശീലനം ഭാവിയിൽ കൃഷി വകുപ്പ് ആ പഞ്ചായത്തിലെ എല്ലാ പാടശേഖരങ്ങളിലേക്കും വ്യാപിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ജൈവകൃഷിയുടെ ഉന്നമനത്തിനായി അന്താരാഷ്ട്ര ജൈവകൃഷി സംഘടനയായ IFOAM വിഭാവന ചെയ്യുന്ന ജൈവ ആവാസ വ്യവസ്ഥ സൃഷ്ടിക്കുക, ജൈവ ഇനങ്ങൾ ഉപയോഗിക്കുക എന്നീ പ്രധാന തത്വങ്ങൾ മുൻനിർത്തി, സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശീലന പരിപാടിയിൽ നൂറോളം കർഷകർ പങ്കെടുത്തു. നാലു മാസക്കാലമായി ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞർ കർഷകർക്കൊപ്പം പാടത്ത് ചെന്ന് എട്ടു വ്യത്യസ്ത ഘട്ടങ്ങളിലായിയാണ് പരിശീലനം നൽകിയത്. ജൈവകൃഷിയുടെ
തത്വങ്ങൾ, ഘടകങ്ങൾ, ജൈവവളനിർമ്മാണ രീതികൾ, പോഷകലായനികൾ ഉണ്ടാക്കുന്ന വിധം, ഞാറു നടീൽ പരിശീലനം, നെല്ലിലെ കീട-രോഗ ബാധ തിരിച്ചറിയൽ, മിത്രകീടങ്ങളെ മനസ്സിലാക്കൽ, ജൈവ സസ്യസംരക്ഷണ മുറകൾ, ജൈവ സസ്യസംരക്ഷണ മരുന്ന് കൂട്ടുകൾ തയ്യാറാക്കൽ, ശാസ്ത്രീയ വിത്ത് സംസ്കരണരീതികൾ എന്നിങ്ങനെയാണ് പരിശീലനത്തിൻ്റെ വിവിധ ഘട്ടങ്ങൾ. ഇതില്‍ കൃഷിസ്ഥലം യന്ത്രസഹായത്തോടെ തയ്യാറാക്കുന്നതു മുതൽ കൊയ്ത്തുവരെയുള്ള ഘട്ടങ്ങളുമുൾപ്പെടുന്നു. യന്ത്രങ്ങളുടെ പരിശീലനവും ഒപ്പം നൽകി. കൊയ്ത്തുത്സവദിനത്തിൽ കാർഷിക സെമിനാർ, ഡോക്യുമെന്ററി പ്രദർശനം, വിവിധ വിളകളുടെ കീട രോഗ നിവാരണ അഗ്രോക്ലിനിക്ക്, കാർഷിക പ്രദർശനം, കർഷകരെ ആദരിക്കൽ എന്നിവയും സംഘടിപ്പിച്ചു. കർഷകസമ്മേളനത്തിൽ അദ്ധ്യക്ഷ പദം അലങ്കരിച്ചതിനൊപ്പം “ഗുണമേന്മയുള്ള വിത്തുത്പാദനവും അരിയുടെ ആരോഗ്യകരമായ ഉപയോഗരീതികളും” എന്ന വിഷയത്തിൽ ഉത്തരമേഖല കാർഷിക ഗവേഷണകേന്ദ്രം മേധാവി പ്രൊഫ. ഡോ. വനജ. ടി. ക്ലാസ്സെടുത്തു. പദ്ധതിയുടെ മുഖ്യഗവേഷകയും കാർഷിക വിജ്ഞാന വ്യാപന വിഭാഗം അസിസ്റ്റന്റ് പ്രൊഫസ്സറുമായ
അനുപമ. എസ്. പദ്ധതി വിശദീകരിച്ചു. പടന്ന പഞ്ചായത്ത് കൃഷി ഓഫീസർ. ടി. അംബുജാക്ഷൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഇ. പി.ഗോപിനാഥൻ , വി. നാരായണൻ, സി. എം. വേണു, കരുണാകരൻ. വി. എന്നിവർ സംസാരിച്ചു.