നാലു മാസം കൊണ്ട് 40,000 രൂപ; നെൽകൃഷിയിൽ വിജയം കൊയ്ത് കൃഷി ഓഫീസർ
ശശിധരൻ മങ്കത്തിൽ
സ്വന്തം അദ്ധ്വാനത്തിലൂടെ നെൽക്കൃഷി ലാഭകരമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ കൃഷി ഓഫീസർ. നാലു മാസം കൊണ്ട് 40,000 രൂപ ലാഭം കിട്ടുന്ന കൃഷി വേറെ ഏതുണ്ടെന്നും തൃശ്ശൂർ അരവൂർ സ്വദേശിയായ കൃഷി ഓഫീസർ ജോസഫ് ജോൺ ചോദിക്കുന്നു. ലാഭകരമല്ലാത്തതിനാൽ കൃഷി കൈയൊഴിയുന്ന പാടശേഖരത്തിലാണ് ഈ വിളവെടുപ്പ്. തൃശ്ശൂർ ജില്ലയിലെ മുണ്ടത്തിക്കോട് കൃഷിഭവൻ പരിധിയിൽപ്പെട്ട അരവൂർ പാടശേഖരത്തിലെ രണ്ട് ഏക്കർ സ്ഥലത്താണ് ജോസഫ് ജോൺ കൃഷിയിറക്കിയത്.
‘ഉമ’ എന്ന നെൽവിത്താണ് ഉപയോഗിച്ചത്. രാജ്ഫോസ്, യൂറിയ, പൊട്ടാഷ് എന്നീ രാസവളങ്ങൾ ഉപയോഗിച്ചിരുന്നു. കീടനാശിനികളൊന്നും തളിച്ചിട്ടില്ല. നടീലും കൊയ്ത്തും മുതൽ വൈക്കോൽ കെട്ടുന്നത് വരെ
യന്ത്രസഹായം ലഭ്യമാക്കിയത് കൃഷിച്ചെലവ് കുറയ്ക്കാൻ സഹായിച്ചു. ഏക്കറിന് 2.2 ടൺ നെല്ല് എന്ന കണക്കിലാണ് ലഭിച്ചത്. ഒരേക്കർ കൃഷി ചെയ്യുന്നതിന് 33000 രൂപ ചെലവായി. ശക്തമായ മഴ കാരണം ചില ചെലവുകൾ കൂടിയിരുന്നു. ഞാറുനടുന്ന സമയത്ത് വെള്ളം പൊങ്ങിയ്തിനാല്‍ രണ്ടു തവണ നടേണ്ടിവന്നു. വന്നു. എന്നാൽ
നെല്ലും വൈക്കോലും വിറ്റ് ഏക്കറിന് 30,000 രൂപയിലധികം ലാഭം കിട്ടി. സബ്സിഡികൾ ഇതിൽ കൂട്ടിയിട്ടില്ല. അതും ചേർത്താൽ ലാഭം 40,000 ആകുമെന്ന് ജോസഫ് ജോൺ പറയുന്നു.
ഇപ്പോൾ കൊയ്ത്ത് കഴിഞ്ഞു. നാലു മാസത്തെ പ്രയത്നം സഫലമായി. നെല്ല് ചാക്കിലാക്കി. വൈക്കോൽ യന്ത്രം ഉപയോഗിച്ച് കെട്ടാക്കി മാറ്റി. ശക്തമായ മഴയും ബാക്ടീരിയൽ ഇലകരിച്ചിലും വില്ലനായപ്പോഴും വിളവ്
ഏക്കറിന് രണ്ട് ടണ്ണിന് മുകളിൽ തന്നെ കിട്ടി. പക്ഷെ വൈക്കോൽ കിട്ടിയത് കുറഞ്ഞു. വിത്തിടുന്നത് മുതൽ നെല്ല് സപ്ലൈകോയ്ക്ക് കയറ്റി വിടുന്നത് വരെയുള്ള കർഷകരുടെ ബുദ്ധിമുട്ടുകൾ നേരിട്ട് മനസ്സിലാക്കുന്നതിന് അവസരം ലഭിച്ചു എന്നതാണ് ഏറ്റവും വലിയ നേട്ടമെന്ന് കൃഷി ഓഫീസർ പറയുന്നു. വീട്ടിനടുത്തുള്ള അരവൂർ പാടശേഖരത്തിൽ കഴിഞ്ഞ വർഷം വാങ്ങിയ രണ്ടേക്കർ സ്ഥലത്താണ് ജോസഫ് ജോൺ കൃഷിയിറക്കിയത്.
മൂന്ന് വിളവരെയെടുത്തിരുന്ന ഇവിടെ കർഷകർ ഓരോരുത്തരായി കൃഷിയെ കൈവിടുന്ന കാഴ്ചയായിരുന്നു. പാടശേഖരത്തിൽ വാങ്ങിയ രണ്ടേക്കറിനടുത്തുള്ള കർഷകർ അടക്കം ഒമ്പത് ഏക്കർ സ്ഥലത്ത് കൃഷിയിറക്കിയിരുന്നു. ‘ഞാൻ രണ്ടേക്കർ വാങ്ങിയപ്പോൾ ഭ്രാന്തുണ്ടോ കൃഷി സ്ഥലം വാങ്ങാൻ എന്നു ചോദിച്ചവരുണ്ട്. ഒരിക്കലും നികത്താൻ പറ്റാത്ത കൃഷിഭൂമിയായതുകൊണ്ടാണ് ഈ ചോദ്യം.’ – ജോസഫ് ജോൺ പറയുന്നു. കൃഷി പാരമ്പര്യമൊന്നും ഞങ്ങളുടെ കുടുംബത്തിനില്ല. അപ്പച്ചൻ ജോൺ സിവിൽ സപ്ലൈസിലായിരുന്നു. അമ്മ പൗളീൻ അധ്യാപികയും.
തുടക്കകാരനായ എനിക്ക് നെൽകൃഷിയിലൂടെ ലഭിച്ചത് ധനലാഭവും വ്യയാമവും കൃഷിക്കാരനെന്ന അഭിമാനവുമാണ്. അവധി ദിവസങ്ങളിൽ കൃഷിപ്പണി ചെയ്യം മക്കളും സഹായിക്കും.- ജോസഫ് ജോൺ പറഞ്ഞു. നെല്ല് കിലോയ്ക്ക് 28 രൂപ തോതിലാണ് സപ്ലൈകോ എടുക്കുന്നത്.17-18 കിലോ വരുന്ന വൈക്കോൽ കെട്ടിന് 150-160 രൂപ വിലയുണ്ട്. ഇത് പാടശേഖരത്തിൽ നിന്നു തന്നെ ആളുകൾ വാങ്ങിക്കൊണ്ടു പോകും. ഇനി ഉടൻ തന്നെ പാടശേഖരത്തിൽ കുറ്റിപ്പയർ കൃഷി ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇത് പിന്നീട് നെൽകൃഷിയിൽ
രാസവള ഉപയോഗം കുറക്കാൻ സഹായിക്കും. പാടശേഖരം ഇപ്പോൾ നഗരസഭാ പരിധിയിൽ വരുന്ന പ്രദേശമാണ്. അതിനാൽ പഞ്ചായത്തിലായിരുന്നപ്പോൾ കിട്ടിയിരുന്ന സബ്ബ്സിഡി തുക ഇപ്പോൾ കുറഞ്ഞിരിക്കുകയാണ്. ഇത് കർഷകർക്ക് തിരിച്ചടിയാണ്. സബ്ബ്സിഡി തുക കൂട്ടുകയും നെല്ലിൻ്റെ സംഭരണ വില ഉയർത്തുകയും ചെയ്താൽ കർഷകർക്ക് ഈ രംഗത്ത് ഒരു പരിധിവരെ പിടിച്ചു നിൽക്കാൻ കഴിയും. മാത്രമല്ല അത്യുൽപ്പാദന ശേഷിയുള്ള വിത്തിനങ്ങൾ കർഷകർക്ക് ലഭ്യമാക്കുകയും വേണം – ജോസഫ് ജോൺ വ്യക്തമാക്കി.
പെരുമാട്ടി, ആനക്കര, പഴയന്നൂർ എന്നീ കൃഷിഭവനുകളിൽ കൃഷി ഓഫീസറായി ജോലി ചെയ്തിരുന്ന ജോസഫ് ജോൺ ഇപ്പോൾ തൃശൂർ ജില്ലാ മണ്ണ് പരിശോധന ലാബിലെ കൃഷി ഓഫീസറാണ്.
ജപ്പാൻ ഗവൺമെൻ്റ് പച്ചക്കറി വികസനത്തിൽ സംഘടിപ്പിച്ച ആറു മാസത്തെ പഠന പദ്ധതിയിൽ പങ്കെടുത്തിട്ടുണ്ട്. ഇതിലേക്ക് ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക കൃഷി ഓഫീസറാണ് ഇദ്ദേഹം. അധ്യാപികയായ രേഷ്മയാണ് ഭാര്യ. വിദ്യാർത്ഥികളായ
ജ്യുവൽ, ട്രഷർ എന്നിവർ മക്കൾ. സഹോദരങ്ങൾ : ജെയിൻ ജെ. തേറാട്ടിൽ, ജസ്റ്റിൻ ജെ. തേറാട്ടിൽ.