കറുകുറ്റിയിൽ നൂറേക്കറിൽ കൃഷി തിരിച്ചു വരുന്നു
എറണാകുളം ജില്ലയിലെ കറുകുറ്റിയിൽ നൂറേക്കർ പാടശേഖരത്തിൽ കൃഷി തിരിച്ചു വരുന്നു. ഗ്രാമപഞ്ചായത്തിലെ കൃഷിഭവന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ തരിശായിക്കിടക്കുന്ന പാടശേഖരത്തിലാണ് കൃഷിയിറക്കുന്നത്. പഞ്ചായത്തിലെ ഒൻപത്, പത്ത്, 11, 16 വാർഡുകളിലാണ് പാടശേഖരം. ഇതിന്റെ ഭാഗമായി കരയാംപറമ്പ് ഊളക്ക പാടത്തെ 30 ഏക്കറിൽ ഞാറ് നട്ടുകൊണ്ട് കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ നെൽകൃഷിക്ക് തുടക്കം കുറിച്ചു.
വിവിധ വാർഡുകളിലായി വരും വർഷങ്ങളിൽ 500 ഏക്കറിൽ നെൽകൃഷി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു. തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കുക, കൂടുതൽ ആളുകളെ കൃഷിയിലേക്ക് എത്തിക്കുക, കർഷകർക്ക് പ്രോത്സാഹനം നൽകുക എന്നീ ലക്ഷ്യങ്ങളോടെ തരിശുനില കൃഷിക്കായി സമഗ്ര പദ്ധതിയാണ് കറുകുറ്റി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കി വരുന്നത്. പദ്ധതി വഴി പാടശേഖരങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി കർഷകർക്ക് കൃഷി ചെയ്യാൻ ആവശ്യമുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി വരികയാണ്.
പാടശേഖരങ്ങളിൽ ചെളിയും പുല്ലും നിറഞ്ഞു നീരൊഴുക്ക് തടസപ്പെട്ട തോടുകൾ വൃത്തിയാക്കി ജലസേചനത്തിന് കഴിയുന്ന രീതിയിലേക്ക് മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നെല്ല് ഉൽപാദനം മാത്രമല്ല ജലാശയങ്ങളിൽ നീരൊഴുക്ക് വർദ്ധിപ്പിക്കാനും അതുവഴി കുടിവെള്ള ക്ഷാമം പരിഹരിക്കാനുമാണ് ഈ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്. പഞ്ചായത്ത് പ്രത്യേക ഫണ്ട് വകയിരുത്തിയാണ് പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.
ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈജോ പറമ്പി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈനി ജോർജ്, പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി ഡേവിസ്, പഞ്ചായത്തംഗങ്ങളായ റോയി വർഗീസ് ഗോപുരത്തിങ്കൽ, കെ.പി.അയ്യപ്പൻ, റോസി പോൾ, അങ്കമാലി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബി.ആർ. ശ്രീലേഖ, കറുകുറ്റി കൃഷി ഓഫീസർ ജെലീറ്റ എൽസ ജേക്കബ്ബ് തുടങ്ങിയവർ പങ്കെടുത്തു.