ഫാക്ടറി പരിസരത്ത് നെല്‍കൃഷിയുമായി കെ.എം.എം.എല്‍
ഫാക്ടറിയുടെ പരിസരത്ത് ഇനി നെൽകൃഷി കതിരിടും. കൊല്ലം ചവറ കേരള മിനറൽസ് ആന്റ് മെറ്റല്‍സ് ലിമിറ്റഡാണ് (കെ.എം.എം.എൽ.) കൃഷിയുമായി മുന്നോട്ടു വന്നിരിക്കുന്നത്. കമ്പനി ഗസ്റ്റ്ഹൗസിലെ പാടത്ത് ഒന്നര ഏക്കറിലാണ് കൃഷി. 110 ദിവസത്തിനുള്ളില്‍ വിളവെടുക്കാവുന്ന ‘മനുരത്ന’ വിത്താണ് ഉപയോഗിച്ചിരിക്കുന്നത്.
ഓണത്തിന് മുന്നോടിയായി കമ്പനിയുടെ നേതൃത്വത്തില്‍ ചെയ്ത നെല്‍കൃഷിക്ക് മികച്ച വിളവ് ലഭിച്ചിരുന്നു. അരി ‘തളിര്‍’ ബ്രാന്റില്‍ പാലിയേറ്റീവ് കുടുംബങ്ങള്‍ക്ക് നല്‍കി. 2022ലെ പച്ചക്കറി കൃഷി ചെയ്യുന്ന മികച്ച പൊതുമേഖലാ സ്ഥാപനമായി സംസ്ഥാനതലത്തില്‍ കെ.എം.എം.എല്ലിനെ തിരഞ്ഞെടുത്തിരുന്നു.
13 ഏക്കറില്‍ ജൈവകൃഷിയുമുണ്ട്. മണ്ണിര കമ്പോസ്റ്റാണ് വളം. മത്സ്യകൃഷിയും അനുബന്ധമായി നടന്നുവരികയാണ്. ക്യാന്റീന്‍- പ്ലാന്റ് പരിസരങ്ങളിലെ തരിശിലാണ് കൃഷി. കരിമണൽ ഖനനം ചെയ്ത് നികത്തിയ സ്ഥലങ്ങളിലും ജൈവകൃഷിയുണ്ട്. കമ്പനിയിലെ അഗ്രികള്‍ച്ചറല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കൃഷി നടത്തുന്നത്
ഞാറ് നടീല്‍ ചടങ്ങിന്റെ ഉദ്ഘാടനം കെ.എം.എം എൽ. മാനേജിംഗ് ഡയറക്ടര്‍ ജെ. ചന്ദ്രബോസ് നിര്‍വഹിച്ചു. കെ. എം. എം. എല്‍. ടി.പി യൂണിറ്റ് ഹെഡ് പി.കെ. മണിക്കുട്ടന്‍, മിനറല്‍ സെപ്പറേഷന്‍ യൂണിറ്റ് ഹെഡ് ടി. കാര്‍ത്തികേയന്‍, അഗ്രികള്‍ച്ചറല്‍ നോഡല്‍ ഓഫീസര്‍ എ.എം.സിയാദ് തുടങ്ങിയവര്‍ പങ്കെടുത്തു.