മുപ്പത് ഹെക്ടര്‍ പാടശേഖരത്തില്‍ കൃഷിയിറക്കി മലപ്പട്ടം ഗ്രാമം

രണ്ടാം വിള നെല്‍കൃഷിയില്‍ നൂറുമേനി കൊയ്യാന്‍ മലപ്പട്ടം ഗ്രാമം. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത്, കൃഷിവകുപ്പ്, പാടശേഖര സമിതികള്‍, ഹരിത കര്‍മ്മ സേന തുടങ്ങിയവയുടെ നേതൃത്വത്തിലാണ് കൃഷി ചെയ്യുന്നത്. കണ്ണൂർ മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ പൂക്കണ്ടം പാടശേഖരത്തില്‍ ഹരിത കര്‍മ്മസേനയുടെ നേതൃത്വത്തില്‍ വിത്ത് വിതച്ചു.

30 ഹെക്ടറിലാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൃഷിയിറക്കുന്നത്. മഴ കാരണം ഒന്നാംവിള രണ്ട് ഹെക്ടറില്‍ മാത്രമായി ഒതുങ്ങുകയായിരുന്നു. കാലാവസ്ഥ വ്യതിയാനങ്ങള്‍ മുന്നില്‍ക്കണ്ട് പ്രതിരോധ ശേഷിയുമുള്ള ഉമ, ആതിര എന്നീ വിത്തിനങ്ങളാണ് ഉപയോഗിക്കുന്നത്. ഒരു ഹെക്ടറില്‍ നിന്ന് 4000 കിലോ നെല്ല് ലഭിക്കുമെന്നാണ് പ്രതീക്ഷ. കൃഷിക്ക് ആവശ്യമായ വിത്ത് പഞ്ചായത്ത് സൗജന്യമായാണ് നല്‍കുന്നത്. അടുവാപുറം, ചൂളിയാട്, പൂക്കണ്ടം, കൊളന്ത, അടിച്ചേരി എന്നിവിടങ്ങളില്‍ പത്ത് പാടശേഖരങ്ങളുടെയും മലപ്പട്ടം ഈസ്റ്റിലെ ഒന്നര ഏക്കറില്‍ ഹരിത കര്‍മ്മ സേനയുടെയും നേതൃത്വത്തിലാണ് കൃഷി. വിളവെടുക്കുന്ന നെല്ല് കര്‍ഷകര്‍ നേരിട്ട് സപ്ലൈകോയ്ക്ക് നല്‍കും.

പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.രമണി വിത്തിടല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഇ. രവീന്ദ്രന്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ- ഓഡിനേറ്റര്‍ ഇ.കെ. സോമശേഖരന്‍, കൃഷി ഓഫീസര്‍ റിന്‍സി റോസ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ. സജിത, കൃഷി അസിസ്റ്റന്റ് പി.പി.ദിജേഷ്, ഹരിത കർമ്മ സേന പ്രസിഡണ്ട് പി.രാധാമണി, സെക്രട്ടറി എം. വി.ഗീത എന്നിവര്‍ പങ്കെടുത്തു. ഘട്ടം ഘട്ടമായി കൃഷി കൂടുതല്‍ വ്യാപിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.രമണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *