കരുവാറ്റയിലെ തരിശുഭൂമിയിൽ ഇനി സമൃദ്ധിയുടെ പച്ചപ്പ്
ആലപ്പുഴ കരുവാറ്റയിലെ തരിശായി കിടന്ന 35 ഏക്കർ കൃഷിഭൂമി ഇനി സമൃദ്ധിയുടെ പച്ചപ്പണിയും. ഗ്രാമപഞ്ചായത്തിൻ്റെ ഹരിതസമൃദ്ധി – തരിശുരഹിത കരുവാറ്റ പദ്ധതിയിലാണ് പുല്ലാംകുഴിചാലിൽ വിത ഉത്സവം നടന്നത്. കരുവാറ്റ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിൻ്റെയും കൃഷി വകുപ്പിൻ്റെയും സഹായത്തോടെ തരിശുഭൂമി കൃഷിയോഗ്യമാക്കിയാണ് വിത്തിട്ടത്.
തൊണ്ണൂറ് ദിവസം കൊണ്ട് മൂപ്പെത്തി വിളവെടുക്കാവുന്ന മണിരത്ന എന്ന നെൽ വിത്താണ് വിതച്ചത്. വിതഉത്സവം കേരളാ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എം.സത്യപാലൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് എസ്. സുരേഷ് അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രുഗ്മിണി രാജു മുഖ്യ പ്രഭാഷണം നടത്തി. കൃഷി ഓഫീസർ ജെ. മഹേശ്വരി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.എസ്. താഹ, പി. ഓമന, നവകേരളം കർമ്മപദ്ധതി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ.എസ്. രാജേഷ്, കൃഷി അസിസ്റ്റൻറ് ഡയറക്ടർ എസ്. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.