ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതി ഉദ്ഘാടനം ചെയ്തു

എല്ലാ കുടുംബങ്ങളിലും കാർഷിക സംസ്‌കാരം ഉണർത്തുക, ഓണക്കാലത്ത് സുരക്ഷിത പച്ചക്കറി ഉൽപാദനം വീട്ടുവളപ്പിൽ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൃഷിവകുപ്പ് നടപ്പിലാക്കുന്ന ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതി ഉദ്ഘാടനം ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടേറിയേറ്റ് അങ്കണത്തിൽ വഴുതന തൈ നട്ടു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. കൃഷി മന്ത്രി പി. പ്രസാദ് അധ്യക്ഷതവഹിച്ചു. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ. രാജൻ, എ.കെ. ശശീന്ദ്രൻ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക്, കാർഷികോൽപാദന കമ്മീഷണർ ഡോ.ബി അശോക്, കൃഷി വകുപ്പ് ഡയറക്ടർ ഡോ. ശ്രീറാം വെങ്കിട്ടരാമൻ തുടങ്ങിയവർ സന്നിഹിതരായി. പച്ചക്കറി ഇനങ്ങളായ കത്തിരി, വഴുതന, തക്കാളി, വെണ്ട, മുളക് തൈകളാണ് നട്ടത്.

ഓണക്കാലത്ത് പച്ചക്കറി വിപണിയിൽ ഉണ്ടായേക്കാവുന്ന വിലക്കയറ്റം നിയന്ത്രിക്കുന്നതിനും  വിപണികളിൽ പച്ചക്കറി ലഭ്യത ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് കൃഷിവകുപ്പ് പദ്ധതി നടപ്പിലാക്കുന്നത്. കൃഷിവകുപ്പിന്റെ  സമഗ്ര പച്ചക്കറി ഉൽപാദന യജ്ഞം പരിപാടിയുടെ ഭാഗമായാണ് സംസ്ഥാന വ്യാപകമായി പദ്ധതി നടപ്പിലാക്കുന്നത്.

സാധ്യമായ ഇടങ്ങളിലെല്ലാം പച്ചക്കറി കൃഷി വ്യാപിപ്പിച്ചുകൊണ്ട് മുൻവർഷങ്ങളിലെ പോലെ തന്നെ ഇത്തവണയും വിഷരഹിത പച്ചക്കറി ഉൽപാദനം സാധ്യമാക്കുന്നതിനാണ് കൃഷിവകുപ്പ് ശ്രമിക്കുന്നതെന്ന്  മന്ത്രി പി. പ്രസാദ് പറഞ്ഞു.  .