ഓണത്തിന് ഒരു കുട്ടപൂവ് ഒരു മുറം പച്ചക്കറി കൃഷിക്ക് തുടക്കം

കോട്ടയം വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ നിറവ് പദ്ധതിയിലൂടെ ‘ഓണത്തിന് ഒരു കുട്ടപൂവ് ഒരു മുറം പച്ചക്കറി കൃഷി’ പദ്ധതിക്ക് തുടക്കമായി. വൈക്കത്തെ ആറ് ഗ്രാമപഞ്ചായത്തുകളിലെ 125 ഗ്രൂപ്പുകൾക്ക് പച്ചക്കറിത്തൈകളും 50 ഗ്രൂപ്പുകൾക്ക് പൂച്ചെടികളുടെ തൈകളുമാണ് നൽകിയത്. വിത്തുകളും തൈകളും വളവും ജൈവ കീട നാശിനിയും കൃഷി വകുപ്പ് മുഖേനയാണ് നൽകുന്നത്.

പുരയിടം തൊഴിലുറപ്പ് പദ്ധതിയിലാണ് കൃഷി യോഗ്യമാക്കി നൽകിയത്. കൃഷി ചെയ്യുന്ന എല്ലാ ഗ്രൂപ്പുകൾക്കും ബ്ലോക്ക് പഞ്ചായത്ത് സാമ്പത്തിക സഹായവും നൽകുന്നുണ്ട്. മികച്ച കൃഷി ചെയ്യുന്ന ഗ്രൂപ്പുകൾക്ക് ബ്ലോക്ക് പഞ്ചായത്ത് പുരസ്‌ക്കാരങ്ങളും നൽകും. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് അഡ്വ കെ.കെ. രഞ്ജിത്ത് നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.ആർ സലില അധ്യക്ഷയായി.

കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി.പി. ശോഭ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.എസ്. ഗോപിനാഥൻ, വീണ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം..കെ. ശീമോൻ, എം.കെ. റാണിമോൾ, ഒ.എം ഉദയപ്പൻ, സുലോചന പ്രഭാകരൻ, എം.ജി.എൻ.ആർ.ഇ.ജി ബ്ലോക്ക് അസിസ്റ്റന്റ് എൻജിനീയർ ഗീത മനോമോഹൻ, മറവൻതുരുത്ത് കൃഷി ഓഫിസർ ലിറ്റി മാത്യു എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *