നൂറിലേറെ വാഴ ഇനങ്ങളുമായി നിറവ് ബനാന ബാങ്ക്
പി. പ്രകാശ്
നാടനും വിദേശിയുമായി നൂറിലേറെ വാഴ ഇനങ്ങളുടെ ശേഖരവുമായി ഇതാ നിറവ് ബനാന ബാങ്ക്. കോഴിക്കോട് വേങ്ങേരിയിലാണ് ഈ സംരംഭം. വാഴ ശേഖരണം, സംരക്ഷണം, വ്യാപനം എന്നിവ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ബനാന ബാങ്കിൻ്റെ ഉദ്ഘാടനം കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് നിർവ്വഹിച്ചു.
നബാർഡിന്റെ സാമ്പത്തിക സഹായത്തോടെയും കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിന്റെ മാർഗ്ഗനി ർദ്ദേശത്തോടെയുമാണ് ബാങ്ക് പ്രവർത്തിക്കുന്നത്. നിറവിലെ ബാബു പറമ്പത്ത് കോവിഡ് കാലത്ത്
ആരംഭിച്ച വാഴ ഇനങ്ങളുടെ ശേഖരമാണ് ഇപ്പോൾ 111 വ്യത്യസ്ത ഇനങ്ങളുള്ള ബാങ്കായി മാറിയിരിക്കുന്നത്.
15 ഇനം നാടൻ വാഴയ്‌ക്കൊപ്പം കണ്ണാടക, തമിഴ്നാട്, ആന്ധ്ര പ്രദേശ്, വെസ്റ്റ് ബംഗാൾ, ഒറീസ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള വാഴ ഇനങ്ങൾ ഇവിടെയുണ്ട്. ആഫ്രിക്ക, മലേഷ്യ, തായ്‌വാൻ, തായ്ലന്റ്, ക്യൂബ തുടങ്ങി ഏഴ് വിദേശ രാജ്യങ്ങളിൽ നിന്നുള്ളവയും ഈ ശേഖരത്തിൽ ഇടം പിടിച്ചിട്ടുണ്ട്.
ബിഗാംബിക, തായ് മൂസ, റെയ്നോ ഹോൺ, ബോട്സാന, സാൻസിബാർ, അമൃത സാഗർ, വെള്ള വാഴ, പൊപ്പുലു, സുഗന്ധി പൂവൻ, പേയൻ, പടറ്റി, മിന്തോളി, ചിങ്ങൻ, കദളി, ആന്ധ്ര പൂവൻ, റസ്ബാൾ, സ്വർണമുഖി, തേനി
നേന്ത്രൻ, മഞ്ചേരി നേന്ത്രൻ, മേട്ടുപാളയം നേന്ത്രൻ, കോട്ടയം നേന്ത്രൻ… ഇങ്ങനെ പോകുന്നു ശേഖരം.
വാഴയുടെ വ്യാപനത്തിലും ഈ പദ്ധതി ഊന്നൽ നൽകുന്നുണ്ട്. ആദ്യ ഘട്ടത്തിൽ കോഴിക്കോട് കോർപ്പറേഷൻ, വടകര നഗരസഭ, ഉണ്ണികുളം, പെരുവയൽ പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ 150 കർഷകരിലേക്ക് ബാങ്ക് വ്യാപിപ്പിച്ച് വാഴ വ്യാപനം സാധ്യമാക്കും . കർഷകർക്കായി കാർഷിക സർവകലാശാലയിൽ നിന്ന് പഠിച്ചിറങ്ങിയവരും പരമ്പരാഗത കർഷകരും ഉൾപ്പെടുന്ന പത്ത് പേരുടെ റിസോഴ്സ് ഗ്രൂപ്പ് കൃഷി പരിപാലനത്തിന് സഹായം നൽകും.
കർഷകരുടെയും കൃഷിയുടെയും വിശദാംശം ഓൺലൈനായി ലഭ്യമാക്കും. ഇതിനുള്ള സോഫ്റ്റ്‌വെയർ വികസിപ്പിക്കുന്നുണ്ട്.
അതിലൂടെ ഏതൊക്കെ വാഴ എവിടെയൊക്കെ ലഭ്യമാണെന്നുള്ള വിവരം ലഭിക്കും. ആദ്യഘട്ട ബനാനാ ബാങ്ക് നിർമ്മിക്കുന്നതിനുള്ള തൈകൾ ഉദ്ഘാടന യോഗത്തിൽ മേയർ ഡോ.ബീനാ ഫിലിപ്പ് കർഷകർക്ക് കൈമാറി. ബനാന ബാങ്ക് പ്രോജക്ട് മാനേജർ എ.പി സത്യനാഥന്റെ വീട്ടിൽ നടന്ന ചടങ്ങിൽ നിറവ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ പി. പി. മോഹനൻ അധ്യക്ഷത വഹിച്ചു.
( നവകേരളം മിഷൻ കോഴിക്കോട് ജില്ലാ കോഡിനേറ്ററാണ് ലേഖകൻ )
Content highlights: Niravu banana bank Vengeri Kozhikode.
A novel idea.. very impressive