ചേർത്തലയിൽ സമഗ്ര കാർഷിക പദ്ധതി- മന്ത്രി പി. പ്രസാദ്

ആലപ്പുഴ  ചേർത്തല മണ്ഡലത്തിലെ കാർഷിക മേഖലയുമായി ബന്ധപ്പെട്ട് സമഗ്ര കാർഷിക പദ്ധതി ആവിഷ്കരിക്കുമെന്നും ഇത് ഒരു മാസത്തിനുള്ളിൽ നടപ്പിലാക്കുമെന്നും കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. കഞ്ഞിക്കുഴി പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന കൃഷിമുറ്റം പച്ചക്കറി കൃഷി വികസന പദ്ധതി ഇല്ലത്തുകാവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
 
ഭക്ഷിക്കാനുള്ളത് മാത്രമല്ല നല്ല വരുമാനം കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂൺ, തേൻ, പച്ചക്കറി തുടങ്ങിയ കൃഷി കൊണ്ട് നല്ല വരുമാനമുണ്ടാക്കാൻ സാധിക്കും. അതിനായി കാർഷിക സർവ്വകലാശാലയുടെയും കൃഷിവകുപ്പിന്റെയും പരിശീലനം ഉൾപ്പെടെ നൽകുമെന്നും മന്ത്രി പറഞ്ഞു. 
 
ഒമ്പതിനായിരം  വീടുകളെ ലക്ഷ്യം വെച്ച് കഞ്ഞിക്കുഴി പഞ്ചായത്ത് നടപ്പാക്കുന്ന ഈ പദ്ധതി കേരളത്തിൽ തന്നെ ആദ്യമായിരിക്കുമെന്നും ഏറ്റവും കൂടുതൽ കൃഷിമുറ്റങ്ങൾ ഒരുക്കുന്ന വാർഡുകൾക്ക് സമ്മാനം നൽകുമെന്നും മന്ത്രി പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനകീയ ആസൂത്രണം 2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴര ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
 
18  വാർഡിലും കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ തൈ ഉൽപാദന യൂണിറ്റുകൾ രൂപീകരിച്ചിട്ടുണ്ട്. പ്രത്യേകം തയ്യാറാക്കിയ മഴമറയ്ക്ക്  അകത്തു ഉൽപ്പാദിപ്പിക്കുന്ന തൈ വിത്തുകൾ കൃഷിഭവൻ മുഖേന  തൈ ഉൽപാദന യൂണിറ്റിൽ നിന്ന് എക്കോ ഷോപ്പ് വഴി വാങ്ങിയാണ് വിതരണം ചെയ്യുന്നത്. വെണ്ട, പീച്ചിങ്ങ, പാവൽ, പടവലം, പയർ  തുടങ്ങി  അഞ്ചര ലക്ഷം പച്ചക്കറി തൈകളാണ് ഉത്പാദിപ്പിചിരിക്കുന്നത്. 
 
250 ഹെക്ടർ പച്ചക്കറി കൃഷിയാണ് പഞ്ചായത്ത് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വിളവെടുക്കുന്ന പച്ചക്കറികൾ പി.ഡി.എസ്. വിപണന കേന്ദ്രം, ആഴ്ച ചന്ത, മൊബൈൽ വെന്ററിങ് സെന്റർ തുടങ്ങിയവ വഴി വിപണനം നടത്തും. ജില്ലാ പഞ്ചായത്ത് അംഗം വി. ഉത്തമൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിജി അനിൽകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സന്തോഷ് കുമാർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ സുധ സുരേഷ്, പി. എസ് ശ്രീലത,പഞ്ചായത്ത് അംഗങ്ങളായ സി.ദീപുമോൻ, ചേർത്തല എ.ഡി.എ. ജി. വി. റെജി, കഞ്ഞിക്കുഴി കൃഷി ഓഫീസർ ജനീഷ് റോസ് ജേക്കബ്ബ് തുടങ്ങിയവർ പങ്കെടുത്തു. 

Leave a Reply

Your email address will not be published. Required fields are marked *