ജൈവകീടനിയന്ത്രണത്തിന് നീമാസ്ത്രവും അഗ്നയസ്ത്രവും
വീണാറാണി. ആര്‍
പച്ചക്കറിയിലേയും നെല്‍കൃഷിയിലേയും ജൈവകീടനിയന്ത്രണത്തിന് ഏറ്റവും ഉത്തമമാണ് വേപ്പ്. നീമാസ്ത്രവും, അഗ്നിയസ്ത്രവും ദീര്‍ഘകാലം സൂക്ഷിച്ചുവെക്കാവുന്ന വേപ്പധിഷ്ടിത കീടനാശിനികളാണ്.
നീമാസ്ത്രം
നീരൂറ്റി കുടിക്കുന്ന പ്രാണികള്‍ക്കും ഇലപ്പേനുകള്‍ക്കുമെതിരെ പ്രയോഗിക്കാവുന്ന ഒരു നല്ല കീടനിയന്ത്രണിയാണിത്. ആവശ്യമായ സാധനങ്ങള്‍:
നാടന്‍ പശുവിന്റെ പച്ച ചാണകം -2 കിലോ, ഗോമൂത്രം -10 ലിറ്റര്‍
ആര്യവേപ്പിന്റെ ഇലയും തണ്ടും അരച്ച് കുഴമ്പാക്കിയത് -5 കിലോ,
ഒരു വലിയ പ്ലാസ്റ്റിക് വീപ്പയില്‍ (200 ലിറ്ററിലധികം വെള്ളം കൊള്ളുത് ). ചാണകവും ഗോമൂത്രവും വേപ്പിന്‍ കുഴമ്പും കൂടിയോജിപ്പിച്ചതിനു ശേഷം അതിലേയ്ക്ക് ഏകദേശം 200 ലിറ്റര്‍ ശുദ്ധജലം ഒഴിക്കുക. ദിവസവും മൂന്നു പ്രാവശ്യം രണ്ടു മിനുറ്റ് നേരം വലത്തോട്ട് ഇളക്കി കൊടുക്കണം.
എന്നിട്ട് ചണച്ചാക്കു കൊണ്ട് മൂടി വയ്ക്കണം. 48 മണിക്കൂറിനു ശേഷം നീമാസ്ത്രം ഉപയോഗിക്കാം. ഒരു തുണി ഉപയോഗിച്ച് നന്നായി അരിച്ചെടുത്ത് നേര്‍പ്പിക്കാതെ നേരിട്ട് തളിച്ചുകൊടുക്കാം. നീമാസ്ത്രം 6 മാസം വരെ സൂക്ഷിക്കാം.
അഗ്നിയസ്ത്രം
തണ്ട് തുരപ്പന്‍ പുഴു, ഇലചുരുട്ടിപ്പുഴു, കായ്തുരപ്പന്‍ പുഴു തുടങ്ങിയവയ്‌ക്കെതിരെ പ്രയോഗിക്കാവുന്ന ഒരു മിശ്രിതമാണിത്.
ആവശ്യമായ സാധനങ്ങള്‍
നാടന്‍ പശുവിന്റെ മൂത്രം -20 ലിറ്റര്‍
പുകയില അരച്ചത് -500 ഗ്രാം
കാന്താരി മുളക് അരച്ചത് -500 ഗ്രാം
വെളുത്തുള്ളി അരച്ചത് -500 ഗ്രാം
ഇഞ്ചി അരച്ചത് -500 ഗ്രാം
ആര്യവേപ്പിന്റെ തണ്ടും ഇലയും നന്നായി അരച്ചത് – 5 കിലോ
ഒരു മണ്‍പാത്രത്തിലോ സ്റ്റീല്‍ പാത്രത്തിലോ ഗോമൂത്രം എടുത്ത് അതില്‍ ചെറുതായി അരിഞ്ഞ പുകയില ഇടുക. കാന്താരി മുളക്,വെളുത്തുള്ളി,ഇഞ്ചി,വേപ്പില എന്നിവ നന്നായി ഇളക്കി യോജിപ്പിക്കുക. നന്നായി ഇളക്കിയതിനു ശേഷം തിളച്ചു പൊന്തുന്നതുവരെ അടുപ്പത്ത് വെച്ച് ചൂടാക്കുക. തിളച്ചുപൊന്തിയതിന് ശേഷം തീ കുറയ്ക്കുക. ഇങ്ങനെ നാലുതവണ തിളപ്പിക്കണം. ഇറക്കി വെച്ച് 48 മണിക്കൂര്‍ തണുക്കാന്‍ വയ്ക്കുമ്പോള്‍ ദിവസവും രണ്ട് നേരം വലതുവശത്തേക്ക് മാത്രം ഇളക്കിക്കൊടുക്കണം. പിന്നീട് നല്ല തുണിയില്‍ അരിച്ചെടുത്ത് കുപ്പികളിലാക്കി അടച്ചു വെയ്ക്കുക. ഇത് 6 മാസം വരെ സൂക്ഷിക്കാം. മൂന്ന് ലിറ്റര്‍ അഗ്നിയസ്ത്രം 100 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചാണ് തളിച്ചു കൊടുക്കേണ്ടത്