വരിനെല്ലിനെ പിടിക്കാന്‍ വയലറ്റ് നസർ ബാത്ത്
കണ്ണൂർ ജില്ലയിലെ തില്ലങ്കേരിയിലെ പാടത്ത് നെല്ലിനൊപ്പം വയലറ്റ് നിറത്തിലുള്ള ചെടി വളർന്നു നിൽക്കുന്നത് ആളുകൾ കൗതുകത്തോടെ നോക്കി നിൽക്കാറുണ്ട്. അടുത്തുചെന്നാലേ മനസ്സിലാകു ഇത് വയലറ്റ് കളർ നെല്ലാണെന്ന്. ഉത്തരേന്ത്യയിൽ നിന്ന് വിരുന്നു വന്ന നസർ ബാത്ത് എന്ന നെല്ലാണിത്. തില്ലങ്കേരിയിലെ ഫാം ഉടമയും കർഷകനുമായ ഷിംജിത്താണ് ഈ വർണ്ണ നെല്ലിന്റെ സൂക്ഷിപ്പുകാരൻ.
ഒന്നാം വിള നെല്ലിനൊപ്പം കളയായി വളരുന്ന വരിനെല്ലിനെ ഇല്ലാതാക്കാന്‍ ഇത് സഹായിക്കും. അസമിലും മറ്റും ഏക്കർ കണക്കിന് നെല്‍പ്പാടത്തിന് ഭംഗി നല്‍കാനും കണ്ണു തട്ടാതിരിക്കാനും ജൈവ കർഷകർ ഈ വയലറ്റ് നെല്ലുകൊണ്ട് ചിത്രപ്പണിയൊരുക്കുക പതിവാണ്. നെല്ല് വിതക്കുമ്പോഴും നാട്ടിനടുമ്പോഴും പാടത്ത് മറ്റ് നെല്ലിനൊപ്പം ചിത്രത്തിന്റെ രൂപത്തിൽ വയലറ്റ് നെല്ല് വിതച്ചു കൊടുക്കും. നെല്ല് വളർന്നു വരുമ്പോൾ വയലറ്റ് നെല്ല് ഒപ്പം വളർന്ന് ഭംഗിയുള്ള ചിത്രമായി മാറും. പച്ചപ്പിനിടയിൽ വയലറ്റ് നിറത്തിൽ ഗണപതി രൂപവും പുലിയുടെ ചിത്രവുമൊക്കെ ഇങ്ങിനെ ഉണ്ടാക്കും.
ഏക്കറുകണക്കിന് പാടത്തെ നെല്ല് നോക്കി അതിശയപ്പെടുന്നതിനു പകരം വയലറ്റ് ചിത്രം കണ്ട് ആളുകൾ അതിശയിക്കും. അങ്ങിനെ കണ്ണു തട്ടൽ ഒഴിവാകും. വരിനെല്ലിനെ കണ്ടെത്താൻ ഉപയോഗിക്കുന്ന നസർ ബാത്ത് നെല്ലിന്റെ അരി മെച്ചപ്പെട്ടതാണെണ് ഷിംജിത്ത് പറയുന്നു. നാലു വർഷം മുമ്പ് വയനാട്ടിലെ തണൽ എന്ന സംഘടനയിൽ നിന്നാണ് കുറച്ച് വിത്ത് കിട്ടിയത്. ഇത് സംരക്ഷിക്കുന്നതിനായി എല്ലാ വർഷവും കൃഷി ചെയ്യുന്നുണ്ട്.
ഇത്തവണ സാധാരണ നെല്ലിന് ചുറ്റുമായി വൃത്തത്തിലാണ് നസർബാത്ത് കൃഷി ചെയ്തിരിക്കുന്നത്. ഈ കൗതുകം കാണാൻ ഒട്ടേറെപ്പേർ എത്തുന്നുണ്ട്. ഒറൈസ സറ്റൈവ എന്ന ശാസ്ത്രനാമത്തിലുള്ള നെല്ലിന്റെ പൂർവ്വികരാണ് ഒറൈസ റൂഫി പോഗൺ എന്ന വരിനെല്ല്. വരിനെല്ല് നെല്ലിനൊപ്പം കളയായി വളർന്ന് നേരത്തെ കതിർ വിരിഞ്ഞ് വിത്ത് പാപകമായി പാടത്ത് വീഴും. ഇത് കാലങ്ങളോളം മണ്ണിൽ കിടന്ന് നെല്ലിനൊപ്പം വളരും. നെല്ലിനൊപ്പം വളരുന്നതിനാൽ നെല്ലിന്റെ ഉല്പാദനം കുറയും. ഇതിനെ നശിപ്പിക്കാൻ മറ്റു മാർഗ്ഗങ്ങളില്ല.
അതിനാൽ പണ്ടുകാലത്ത് നെൽച്ചെടി വലുതാകുമ്പോൾ വരിനെല്ലിനെ തിരിച്ചറിഞ്ഞ് പറിച്ചു കളയാറുണ്ടായിരുന്നു. വരിനെല്ല് കാരണം കൃഷി ഉപേക്ഷിക്കുന്ന സ്ഥതിയും വരാറുണ്ട്. വരിനെല്ലുള്ള പാടത്ത് നസർ ബാത്ത് കൃഷി ചെയ്താൽ ഇതിനിടയിൽ പച്ച നിറത്തിൽ വളർന്നു വരുന്ന വരിനെല്ലിനെ പറിച്ചു കളയാം. ഇങ്ങിനെ രണ്ടു തവണ കൃഷി ചെയ്യുമ്പോൾ വരിനെല്ലിനെ ഇല്ലാതാക്കാം. മട്ടന്നൂരിനടുത്ത തില്ലങ്കേരി ഗ്രാമത്തിൽ ‘ ജൈവകം’ എന്ന ഫാം നടത്തുന്ന ഷിംജിത്തിന്റെ കൈയിൽ ഒട്ടേറെ നാടൻ നെൽവിത്തുകളുണ്ട് . ഇതിന്റെ കൃഷിയുമുണ്ട്. ഔഷധ സസ്യങ്ങൾ പച്ചക്കറി കൃഷി എന്നിവയുമുണ്ട്.