ആർക്കും വേണ്ടാതെ കിടന്ന മുണ്ടകൻ കനാൽ ഇനി ഒഴുകും

ആർക്കും വേണ്ടാതെ കിടന്ന ആറര കിലോമീറ്റർ വരുന്ന മുണ്ടകൻതോടിന് പുനർജനി. കാലങ്ങളായി ചെളിയും മണ്ണും മാലിന്യങ്ങളും അടിഞ്ഞുകൂടി പായലും കുളവാഴകളും നിറഞ്ഞ മുണ്ടകൻതോട് ഇപ്പോൾ ഒഴുകാൻതുടങ്ങിയിരിക്കുന്നു. കാർഷികമേഖല കൂടിയായ കോഴിക്കോട് മാറാടിന്റെ കിഴക്കൻ മേഖലയുടെ ജലസേചന ആവശ്യാർഥമാണ് വർഷങ്ങൾക്ക് മുമ്പ് മുണ്ടകൻ കനാൽ കെട്ടിയത്. ഫെബ്രുവരിയിൽ ആരംഭിച്ച നീർച്ചാൽ പുനരുജ്ജീവന ക്യാമ്പയിനിൻ്റെ ഭാഗമായി കോഴിക്കോട് കോർപ്പറേഷൻ പുനരുജ്ജീവനത്തിനായി തിരഞ്ഞെടുത്ത തോടാണിത്. ബേപ്പൂർ ഭാഗത്ത് ചാലിയാറിൽ 

നിന്ന്  തുടങ്ങി ആറര കിലോമീറ്ററിലധികം ഒഴുകി കോയവളപ്പ് എന്ന സ്ഥലത്തുവെച്ച് പി.കെ കനാലിൽ ചേർന്ന് കോതിപ്പാലത്തിനടുത്ത് കല്ലായി പുഴയിൽ ചേരുന്ന തോടാണ് മുണ്ടകൻ കനാൽ. എല്ലാ വർഷവും ശുചീകരണം നടത്തി വരുന്നുണ്ടെങ്കിലും കുളവാഴയുടെ വ്യാപനവും മാലിന്യം നിക്ഷേപിക്കലും കാരണം ഒഴുക്ക് നിലച്ച് മലിനജലം കെട്ടികിടക്കുന്ന അവസ്ഥയായിരുന്നു. ഇതു കൊണ്ടു തന്നെ മഴക്കാലമാകുമ്പോൾ തോട് കരകവിഞ്ഞൊഴുകും. തോട് കടന്നു പോകുന്ന ഭാഗങ്ങളിലെല്ലാം വെള്ളളപ്പൊക്കവും സാധാരണമായിരുന്നു. ചെറിയ തോതിലുള്ള കയ്യേറ്റങ്ങളും ചിലയിടങ്ങളിൽ ഉണ്ടായിരുന്നു. തോടിൻ്റെ ഇരുകരകളിലുമുള്ള വീട്ടുകാരുടെ ഏറെ നാളത്തെ ആവശ്യം

പരിഗണിച്ച് “വീണ്ടെടുക്കാം ജലശ്യംഖലകൾ ” ക്യാമ്പയിനിൽ ഉൾപ്പെടുത്തി ഫെബ്രുവരി 21ന് മുണ്ടകൻ തോട് ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി. മുൻ എം.എൽ.എ വി. കെ. സി. മമ്മദ്കോയ, കോഴിക്കാട് കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇത്. തോട്ടിൽ നിന്ന് കുളവാഴ, അടിഞ്ഞു കൂടിയ ചെളി, അജൈവ മാലിന്യങ്ങൾ എന്നിവ മണ്ണുമാന്തി ഉപയോഗിച്ച് നീക്കം ചെയ്യുന്ന ശ്രമകരമായ പ്രവർത്തി അന്നു മുതൽ ആരംഭിച്ചു. ഫെബ്രുവരി 25 ന് വിപുലമായ ജനപങ്കാളിത്തത്തോടെയുള്ള ശുചീകരണ പ്രവർത്തങ്ങൾ മുണ്ടക്കൻ കനാൽ വീണ്ടെടുക്കുന്നത്തിൽ കൂടുതൽ കരുത്ത് പകർന്നു. ഊർജ്ജസ്വലരായ കൗൺസിലർമാരുടെ നേതൃത്വത്തിൽ സ്കൂൾ കോളേജ് എൻ.എസ്.എസ് വിദ്യാർത്ഥികൾ

ഉപയോഗിച്ച് ബോധവൽക്കരണ പരിപാടികളും പ്രചരണ ജാഥകളും സംഘടിപ്പിച്ചു. ഇതോടൊപ്പം തോടിനെ 13 ക്ലസ്റ്ററുകളാക്കി. അവിടെയെല്ലാം പ്രത്യേക ടീം രൂപീകരിച്ച് സംരക്ഷണ ചുമതല നൽകി.
തോടിന്റെ അരികുകെട്ടി സംരക്ഷിക്കുന്നതുൾപ്പെടെയുള്ള നവീകരണപ്രവർത്തനങ്ങൾ കൂടി ബാക്കിയുണ്ട്. പദ്ധതിയുടെ വിജയത്തിന് നേതൃത്വം നൽകുന്ന മേയർ,ഡെപ്യൂട്ടി മേയർ, ആരോഗ്യം വിഭാഗം സ്റ്റാന്റിംഗ് കമ്മിറ്റി,കൗൺസിലർമാരായ കെ.കൃഷ്ണകുമാരി, നവാസ് വാടിയിൽ, സുരേഷ് കുമാർ, രജനി തോട്ടുങ്ങൽ ഹരിത കേരള മിഷൻ കോർഡിനേറ്റർ പ്രകാശ്, അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾ, നാട്ടുകാർ,സന്നദ്ധ സംഘടനകൾ, റെസിഡന്റ്സ് സോസിയേഷനുകൾ, വിദ്യാർത്ഥികൾ എന്നിവരെയെല്ലാം ജില്ലാ കളക്ടർ എസ്.സാമ്പശിവറാവു അഭിനന്ദിച്ചു. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ ജില്ലയിൽ പല ഭാഗങ്ങളിലും നടക്കുന്ന നീർച്ചാൽ പുനരുജ്ജീവന പ്രവർത്തനങ്ങൾക്കിത് പ്രചോദനമാകുമെന്ന് കളക്ടർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *