കൈപ്പാട്, പൊക്കാളി കൃഷിക്ക് പുതിയ നെല്ലിനം ‘മിഥില’ പുറത്തിറക്കി.
ദീപക് കൃഷ്ണന്‍
കൈപ്പാട്, പൊക്കാളി എന്നീ തീരദേശ നെൽകൃഷിക്കനുയോജ്യമായ നെല്ലിനം “മിഥില” കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കി. ഉപ്പു ലവണമുള്ളതും വെള്ളക്കെട്ടുള്ളതുമായ വടക്കൻ കേരളത്തിലെ കൈപ്പാട് കൃഷിക്കും തെക്കൻ കേരളത്തിലെ പൊക്കാളി കൃഷിക്കും ഒരുപോലെ ഇണങ്ങുന്നതാണ് ഈ നെൽ വിത്ത്.
മിഥില ഒരു ജൈവ നെല്ലിനമാണ്. കേരള കാർഷിക സർവ്വകലാശാല പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിലെ പ്ലാന്റ് ബ്രീഡിങ്ങ്ആന്റ് ജനിറ്റിക്സ് വിഭാഗം മേധാവി ഡോ. ടി.വനജയുടെ നേതൃത്വത്തിൽ നടന്ന ഗഷേണത്തിലാണ് ഇത് രൂപപ്പെട്ടത്.നേരത്തെ കൈപ്പാട് നെല്ലിനമായ ഏഴോം – 1 മുതൽ ഏഴോം – 4 വരെയുള്ള അത്യുൽപ്പാദനശേഷിയുള്ളവ വനജയുടെ നേത്യത്വത്തിൽ വികസിപ്പിച്ചി ട്ടുണ്ട്.
ഈ നെല്ലിന് ഭൗമ സൂചികാ പദവിയും ലഭിച്ചിട്ടുണ്ട്.ഏഴോം ഇനങ്ങളെ അപേക്ഷിച്ച് വിത്തിട്ടാൽ 125 ദിവസം കൊണ്ട് വിളവെടുക്കാമെന്നതാണ് മിഥിലയുടെ പ്രത്യേകത.ലവണാംശമുള്ള വയലിൽ ഹെക്ടറിന് ശരാശരി 5.2 ടണ്ണാണ് നെല്ലുൽപ്പാദനം. 9.7 ടൺ വൈക്കോലും ലഭിക്കും. ജൈവകൃഷി രീതിയിലെ കുറഞ്ഞ പോഷണത്തിൽ മികച്ച ഉത്പാദനം ലഭിക്കുന്നു എന്നതാണ് മിഥിലയുടെ സവിശേഷത.
കേരളത്തിന് പുറത്ത് അമ്ല – ക്ഷാര സ്വഭാവ ഗുണമുള്ള 29 കേന്ദ്രങ്ങളിലും നടത്തിയ ഫീൽഡ് ട്രയൽസിൽ ഇത് മികച്ച ഉത്പാദനം കാഴ്ചവെച്ചിട്ടുണ്ട്. നെല്ലിന്റെ കർഷകസമർപ്പണം പിലിക്കോട് കേന്ദ്രത്തിൽ എം.രാജഗോപാലൻ എം.എൽ. എ. യുടെ സാന്നിദ്ധ്യത്തിൽ നടന്നു.20 വർഷം മുമ്പാണ് മിഥില യുടെ ഗവേഷണം തുടങ്ങിയത്.
നാടൻ ഇനങ്ങൾ സങ്കരണം നടത്തി വളം കീടനാശിനി എന്നിവ പാടേ ഒഴിവാക്കി ജൈവ ആവാസ വ്യവസ്ഥയിലാണ് ഇത് വളർത്തിയെടുത്തത്. കണ്ണൂർ ജില്ലയിലെ ഏഴോം ഗ്രാമ പഞ്ചായത്തിൽപ്പെട്ട കുറുവാട് പാടശേഖരത്തിലാണ് പ്രധാനമായും ഇതിന്റെ ഗവേഷണം നടന്നത്. എറണാകുളം ജില്ലയിലെ ഏഴിക്കരയിലും പരീക്ഷണം നടത്തി. ഇപ്പോൾ ഉല്പാദിപ്പിച്ച 900 കിലോ മിഥില നെല്ല് മലബാർ കൈപ്പാട് ഫാർമേഴ്സ് സൊസൈറ്റിക്ക് കൃഷി ചെയ്യാനായി നൽകിയിട്ടുണ്ടെന്ന് ഡോ.ടി.വനജ പറഞ്ഞു. ഈ കൃഷിയിൽ നിന്നുള്ള വിത്ത് കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ കൈപ്പാട് കൃഷി വ്യാപിപ്പിക്കാൻ ഉപയോഗിക്കും.
കൈപ്പാട് കൃഷിവികസനത്തിനായി രൂപീകരിച്ച കൈപ്പാട് ഏരിയാ ഡവലപ്പ്മെന്റ് സൊസൈറ്റിയുടെ ഡയരക്ടർ കൂടിയാണ് വനജ. മൂന്നു ജില്ലകളിലായി 3400 ഹെക്ടർ കൈപ്പാട് നിലമുണ്ട്. എന്നാൽ പല സ്ഥലങ്ങളും കൃഷിയിറക്കാതെ കിടക്കുകയാണ്. കൈപ്പാട് സൊസൈറ്റികളെയും പഞ്ചായത്ത്തല സമിതികളെയും ഉൾപ്പെടുത്തി ഇവയുടെ ശൃംഖല ഉണ്ടാക്കിയിട്ടുണ്ട്.കൃഷി മന്ത്രിയാണ് ഇതിന്റെ ചെയർമാൻ.
പയ്യന്നൂർ ഏച്ചിലാംവയൽ സ്വദേശിനിയായ വനജയ്ക്ക് വിദ്യാഭ്യാസ ശാസ്ത്ര വിഭാഗത്തിൽ 2019 ലെ വനിതാ രത്നം അവാർഡ് ലഭിച്ചിട്ടുണ്ട്.