സൂക്ഷ്മ ജലസേചന സംവിധാനങ്ങൾക്ക് ധനസഹായം
സൂക്ഷ്മ ജലസേചന സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനുള്ള ധനസഹായത്തിനായി അപേക്ഷ ക്ഷണിച്ചു. കാർഷിക മേഖലയിൽ ചെലവ് കുറഞ്ഞ രീതിയിൽ സൂക്ഷ്മ ജലസേചനം നടപ്പിലാക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ആർ.കെ.വി.വൈ–പി.ഡി.എം.സി. (പെർ ഡ്രോപ്പ് മോർ ക്രോപ്പ്).
ഈ പദ്ധതിയിലാണ് ധനസഹായം നൽകുന്നത്. ജലസേചനത്തിന്റെ ആധുനിക പരിസ്ഥിതി സൗഹൃദ രീതിയായ സൂക്ഷ്മ ജലസേചനം കർഷകൻ ഏറ്റെടുക്കുന്നതിന്നതിലൂടെ ലഭ്യമായ ജലം കൃത്യ അളവിൽ സസ്യങ്ങളിലേക്ക് എത്തുകയും മെച്ചപ്പെട്ട സസ്യ വളർച്ചയും വിളവും ലഭിക്കുകയും ചെയ്യുന്നു. മറ്റു ജലസേചന രീതികളിൽ നിന്നും താരതമ്യേന 90 ശതമാനം കാര്യക്ഷമമായ രീതിയാണിത്.
ജലസേചനത്തിനോടൊപ്പം വളപ്രയോഗവും നടത്താന് സാധിക്കും. ജലം കുറഞ്ഞ അളവിൽ കൃത്യമായ ഇടവേളയിൽ വിളകളുടെ വേരിന് സമീപം എത്തിക്കുന്നതിലൂടെ ജലസേചന കാര്യക്ഷമത വർദ്ധിപ്പിക്കുകയും ജലം പാഴാക്കുന്നത് കുറയുകയും കള നിയന്ത്രണം സാധ്യമാക്കുകയും ചെയ്യുന്നു.
സൂക്ഷ്മ ജലസേചന സംവിധാനം സ്ഥാപിക്കുന്ന ചെറുകിട കർഷകർക്ക് ചെലവിന്റെ 55 ശതമാനവും മറ്റുള്ള കർഷകർക്ക് 45 ശതമാനവും സാമ്പത്തിക ആനുകൂല്യം ലഭിക്കും. ഒരു ഗുണഭോക്താവിന് പരമാവധി അഞ്ച് ഹെക്ടർ കൃഷിക്ക് മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളു.
ഈ പദ്ധതിയിൽ ഉൾപ്പെടുത്തി സൂക്ഷ്മ ജലസേചനം ചെയ്യുന്നതിന് വിളകൾ തമ്മിലുള്ള അകലവും സ്ഥല വിസ്തൃതിയും കണക്കിലെടുത്ത് നിശ്ചിത ആനുകൂല്യം ലഭിക്കുന്നതാണ്. അപേക്ഷകന്റെ ഫോട്ടോ, ആധാർ കാർഡിന്റെ കോപ്പി, കരമടച്ച രസീത്, ബാങ്ക് പാസ്സ്ബുക്കിന്റെ കോപ്പി, കൃഷി ഓഫീസറുടെ സാക്ഷ്യപത്രം തുടങ്ങിയ രേഖകളോടൊപ്പം അപേക്ഷ ഫോം പൂരിപ്പിച്ച് അതാത് ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ എത്തിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 9400988557, 8075892092, 7025454574