വീട്ടിൽ പച്ചക്കറിയിതാ, മൈക്രോ ഗ്രീൻ

ആർ.വീണാറാണി
നിങ്ങൾക്ക് വീട്ടിൽ ആവശ്യമായ പച്ചക്കറി സ്വന്തമായി തയ്യാറാക്കണമെന്നാഗ്രഹമുണ്ടോ ? ഇന്നത്തെ സാഹചര്യത്തിൽ പച്ചക്കറി കൃഷിയിൽ ഹരിശ്രീ കുറിക്കാൻ എന്തു കൊണ്ടും അനുയോജ്യമാണ് മൈക്രോ ഗ്രീൻ. വിത്തും വളവുമൊന്നുമില്ലാതെ എന്തു കൃഷി എന്നു ചിന്തിക്കാൻ വരട്ടെ. മൈക്രോ ഗ്രീൻ തയ്യാറാക്കാനുള്ള വിത്ത് അന്വേഷിച്ച് അലയണമെന്നില്ല. അടുക്കളയിലെ സ്ഥിരം കഥാപാത്രങ്ങളായ കടുക് മുതൽ കടല വരെ നീളുന്ന  നീണ്ട നിര തന്നെയാണ് മൈക്രോ ഗ്രീൻ എന്ന ഇലക്കറിക്കുള്ള വിത്ത് .

കൃഷി സ്ഥലമോ പണിക്കാരോ വളക്കൂട്ടുകളോ ഒന്നും തന്നെ മൈക്രോ ഗ്രീൻ തയ്യാറാക്കാൻ ആവശ്യമില്ല. ജനൽപ്പടിയോ ബാൽക്കണിയോ മതി മൈക്രോ ഗ്രീനിന് .സുഷിരങ്ങളിട്ട  പ്ലാസ്റ്റിക് ട്രേയോ ചെടിച്ചട്ടിയോ ഗ്രോബാഗോ ഉണ്ടെങ്കിൽ ധാരാളം. മേൽ മണ്ണും ചാണക പൊടിയും ഒരേ അനുപാതത്തിൽ കലർത്തി ട്രേയുടെ പകുതി നിറയ്ക്കണം. നനച്ച തുണിയും മൈക്രോ ഗ്രീനിന് വിളനിലമാക്കാം.        ഇനി വിത്തൊരുക്കാം. പത്തു മണിക്കൂർ വെള്ള ത്തിൽ കുതിർത്ത് വെച്ചതിനു ശേഷം വിത്തു പാകാം. വിത്തിനു മുകളിൽ നേരിയ കനത്തിൽ മണ്ണിടണം. ദിവസവും നേർത്ത നന വേണം. മുളച്ച് രണ്ടു മുതൽ നാലില പരുവത്തിൽ മൈക്രോ ഗ്രീൻ വിളവെടുക്കാം. 

നന്നായി കഴുകിയെടുത്ത് തോരനും കറികളുമുണ്ടാക്കാം. സൂപ്പും സാലഡും ഉണ്ടാക്കാം. ചോറിനും ചപ്പാത്തിക്കും  ഇനി വേറെ കറി അന്വേഷിക്കേണ്ട. കടല, വൻപയർ, മുതിര, ജീരകം, മല്ലി എന്നിവയെല്ലാം ഈ രീതിയിൽ വളർത്താം വിറ്റാമിൻ എ, കെ.സി, ഇ എന്നിവ മൈക്രോ ഗ്രീനിൽ വേണ്ടത്ര അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യം നിലനിർത്തുന്നതിനും പ്രോസ്റ്റേറ്റ് കാൻസർ ചെറുക്കാനും മൈക്രോ ഗ്രീനിന്  കഴിയും.

Leave a Reply

Your email address will not be published. Required fields are marked *