കുഴുപ്പിളളിയില്‍ 53 ഹെക്ടർ പൊക്കാളി പാടശേഖരം പച്ചപ്പണിഞ്ഞു

ഏറെ കാലത്തിനു ശേഷം ഭൂവിസ്തൃതിയുടെ പകുതിയോളം വരുന്ന കുഴുപ്പിളളിയിലെ പൊക്കാളി പാടശേഖരങ്ങള്‍ ഇത്തവണ പച്ചപ്പണിഞ്ഞു. എറണാകുളം വൈപ്പിന്‍ കരയിലെ ഏറ്റവും ചെറിയ ഗ്രാമപഞ്ചായത്തായ കുഴുപ്പിള്ളിയില്‍ 53 ഹെക്ടറിലാണ് ഇത്തവണ പൊക്കാളി കൃഷി ഇറക്കിയിരിക്കുന്നത്. മുമ്പ് വെള്ളം ഉയർന്ന് കൃഷി നശിക്കുന്ന സാഹചര്യമുണ്ടായതിനെ തുർന്നാണ് കർഷകർ കൃഷി കൈയൊഴിഞ്ഞത്.

പടിഞ്ഞാറ് കടലിനോട് ചേര്‍ന്നുള്ള തുണ്ടിപ്പുറം, കുറുപ്പം തൊടി, തൊള്ളായിരം, സായിന്റൊടി, ചേരടി, ചുള്ളിക്കണ്ടം, ഗ്രേസ് ലാന്‍ഡ് എന്നീ കൃഷി സമാജങ്ങളും കിഴക്ക് അയ്യമ്പിളളി, അരങ്ങില്‍ എന്നീ സമാജങ്ങളുമാണ് ഞങ്ങളും കൃഷിയിലേക്കു പദ്ധതിയുടെ ഭാഗമായി കുഴുപ്പിളളിയില്‍ പൊക്കാളി കൃഷി ഇറക്കിയിരിക്കുന്നത്. 
കടലിനോട് ചേര്‍ന്നുള്ള പാടങ്ങളില്‍ മണ്‍സൂണ്‍ കാലങ്ങളില്‍ വെള്ളത്തിന്റെ അളവ് നിയന്ത്രണാതീതമായി ഉയരുന്നത് പൊക്കാളി കൃഷിക്ക് ഭീഷണിയായിരുന്നു.

ആ മേഖലയിലെ പാടശേഖരങ്ങളെ കൃഷിയില്‍ നിന്ന് പിന്തിരിപ്പിച്ചുകൊണ്ടിരുന്ന പ്രധാന കാരണമാണിത്. എന്നാല്‍ 2021 -22 വര്‍ഷത്തില്‍ തുണ്ടിപ്പുറം സമാജത്തില്‍ പുതിയ പെട്ടിയും പറയും വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാറ്റി സ്ഥാപിച്ചത് ഈ വര്‍ഷം കൃഷി വര്‍ധിക്കാന്‍ കാരണമായി.

കൂടാതെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പൂ കൃഷിയും മികച്ച രീതിയിലാണ് കൃഷി ഭവന്റെ നേതൃത്വത്തില്‍ ചെയ്തത്. ഒരു സെന്റ് പൂകൃഷിയുമായി കുഴുപ്പിള്ളി കൃഷിഭവന്‍ വനിതകളെ സംഘടിപ്പിച്ചു. ഗുണമേന്മയുള്ള ഹൈബ്രിഡ് തൈകള്‍ വാങ്ങി നല്‍കി കൃഷി പരിപാലനത്തില്‍ ക്ലാസും നല്‍കിയതോടെ പൂകൃഷികൊണ്ട് പൂക്കളം മാത്രമല്ല അത്യാവശ്യം വരുമാനവും ഉണ്ടാക്കാന്‍ കഴിയുമെന്ന തിരിച്ചറിവ് കര്‍ഷകര്‍ക്കുണ്ടായി.
1000 ചെണ്ടുമല്ലി തൈകളാണ് കൃഷി ഭവന്റെ നേതൃത്വത്തില്‍ വിവിധയിടങ്ങളിലായി കൃഷി ചെയ്തത്. കുഴുപ്പിളളി സര്‍വീസ് സഹകരണ ബാങ്കിന്റെ മട്ടുപ്പാവില്‍ ഭരണ സമിതി അംഗങ്ങളും ഉദ്യോഗസ്ഥരും 150 ഗ്രോ ബാഗുകളിലായി പച്ചക്കറി കൃഷിയും പൂക്കൃഷിയും ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *