ചേലക്കരയിൽ 20 ഏക്കറിൽ ഇനി കുറുന്തോട്ടി വിളയും
തൃശ്ശൂർ ചേലക്കര നിയോജക മണ്ഡലത്തിൽ 20 ഏക്കർ സ്ഥലത്ത് ഇനി ഔഷധ സസ്യമായ കുറുന്തോട്ടി വിളയും. കൃഷിയുടെ ഉദ്ഘാടനം വരവൂർ നടുത്തറ നിറപറ കുടുംബശ്രീ യൂണിറ്റിന്റെ കൃഷിയിടത്തിൽ ആരംഭിച്ചു. യു.ആര്‍ പ്രദീപ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വി നഫീസ അധ്യക്ഷത വഹിച്ചു.
ഒമ്പത് പഞ്ചായത്തുകളിലായിട്ടാണ് 20 ഏക്കർ സ്ഥലത്ത് കുറുന്തോട്ടി കൃഷി ചെയ്യുന്നത്. ഇതിനുള്ള നിലമൊരുക്കൽ കർഷകർ പൂർത്തിയാക്കി. ഒരു ഏക്കർ ഔഷധ സസ്യകൃഷിക്ക് അമ്പതിനായിരം രൂപ കൃഷി വകുപ്പിൽ നിന്ന് കർഷകർക്ക് സബ്സിഡിയായി ലഭിക്കും. നിലമൊരുക്കുന്നതിന് തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനവും കർഷകർക്ക് ലഭ്യമാകും.
ഡിസംബർ ജനുവരി മാസത്തിൽ വിളവെടുപ്പ് സമയത്ത് കുറുന്തോട്ടി മറ്റത്തൂർ ലേബർ കോൺട്രാക്ട് സൊസൈറ്റി കർഷകരിൽ നിന്ന് നേരിട്ട് ശേഖരിക്കും. കർഷകർക്കുള്ള എട്ട് ലക്ഷം കുറുന്തോട്ടി തൈകളുടെ വിതരണം നടന്നു.
വരുമാനത്തിന് പുറമെ, പന്നി മുതലായ വന്യജീവികളുടെ ശല്യം ഇല്ലാതെ കൃഷി ചെയ്യാൻ കഴിയുന്നു എന്നതാണ് ഔഷധ സസ്യകൃഷിയുടെ പ്രത്യേക ആകർഷണം. ഏറ്റവും കൂടുതൽ സ്ഥലത്ത് ജൈവകൃഷി ചെയ്തതിനുള്ള 2019 ലെ സംസ്ഥാനതല അവാർഡ് ചേലക്കര മണ്ഡലത്തിന് ലഭിച്ചിരുന്നു.




















