വാഴ വൈദ്യുതിലൈനിൽ തട്ടി, 406 നേന്ത്രവാഴകൾ വെട്ടിനശിപ്പിച്ചു
വാഴയില ഹൈടെൻഷൻ വൈദ്യുതി ലൈനിൽ തട്ടിയതിൻ്റെ പേരിൽ വൈദ്യുതി വകുപ്പ് അധികൃതർ 406 കുലച്ച നേന്ത്രവാഴകൾ വെട്ടിനശിപ്പിച്ചു. മൂത്ത് പാകമായാൽ ഓണത്തിന് വില്പന നടത്താമെന്ന് കരുതിയ വാഴകർഷകനാണ് വൈദ്യുതി വകുപ്പിൻ്റെ ഷോക്ക് ട്രീറ്റ്മെൻ്റ്.
എറണാകുളം മൂവാറ്റുപുഴയ്ക്കടുത്ത് വാരപ്പെട്ടിയിൽ കാവുംപുറത്ത് തോമസിൻ്റെ തോട്ടത്തിലെ വാഴകളാണ് നശിപ്പിച്ചത്. കർഷകൻ്റെ വിള വെട്ടിനശിപ്പിച്ചത് ക്രൂരതയാണെന്നും ഖേദകരവും പ്രതിഷേധാർഹവുമാണെന്ന് കൃഷി മന്ത്രി പി.പ്രസാദ് പറഞ്ഞു. ഇത് അദ്ദേഹം വൈദ്യുതി മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. അന്വേഷിച്ച് നഷ്ടപരിഹാരം നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി വ്യക്തമാക്കി.
220 കെ.വി. വൈദ്യുതി ലൈൻ ഇവിടെ പല സ്ഥലത്തും താഴ്ന്നാണ് കിടക്കുന്നത്. ഒരു വാഴ ലൈനിൽ മുട്ടി കത്തി നശിച്ചിരുന്നു. ഇതേ തുടർന്നാണ് അര ഏക്കറിലെ 406 കുലച്ച വാഴകൾ വെട്ടി നിലംപരിശാക്കിയത്. വാഴ ലൈനിൽ തട്ടി അപകടം ഉണ്ടാകുന്നത് ഇല്ലാതാക്കാനാണ് ഇത് ചെയ്തതെന്നാണ് വകുപ്പ് പറയുന്നത്.
കാലങ്ങളായി കൃഷി ചെയ്തുവരുന്ന പാടമാണിത്. വാഴ നട്ടപ്പോൾ ഒന്നും പറയാത്ത വൈദ്യുതി വകുപ്പ് അധികൃതർ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് കുലച്ച വാഴ വെട്ടിനിരത്തിയതെന്ന് കർഷകൻ തോമസ് പറയുന്നു. വാഴക്കൃഷി നശിപ്പിച്ചത് കർഷകർക്കിടയിൽ വൻ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. മതിയായ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.