കൊല്ലം-മരച്ചീനിയുടെ സ്വന്തം നാട്; ഉല്പാദനം 391224 ടണ്‍
മരച്ചീനി കൃഷിയിൽ കൊല്ലം മുന്നേറുകയാണ്. കൃഷി വകുപ്പിന്റെ പരിശ്രമങ്ങള്‍ കൊല്ലത്തെ മരച്ചീനിയുടെ നാടാക്കി മാറ്റയിട്ടുണ്ട്. കേരളത്തിൽ ഇത് ഏറ്റവും കൂടുതല്‍ വിളയുന്നത് കൊല്ലത്താണ്.
10488.83 ഹെക്ടര്‍ സ്ഥലത്ത് കൃഷിയിലൂടെ 391224 ടണ്‍ മരച്ചീനിയാണ് ഉല്പാദിപ്പിക്കപ്പെടുന്നത്.
ചടയമംഗലം, കൊട്ടാരക്കര, വെട്ടിക്കവല, പത്തനാപുരം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ മരച്ചീനിയും കിഴങ്ങുവര്‍ഗങ്ങളും കൃഷിചെയ്ത് വരുന്നത്. കൊല്ലത്തിന്റെ ഭൂപ്രകൃതി അനുസരിച്ചുള്ള ചെങ്കൽ മണ്ണ്, മണല്‍കലര്‍ന്ന മണ്ണ്, നീര്‍വാര്‍ച്ചയുള്ള മണ്ണ്, നല്ല ചൂടും സൂര്യപ്രകാശവുമുള്ള കാലാവസ്ഥ – എല്ലാം മരച്ചീനിവിളവിന് തികച്ചും അനുയോജ്യം.
എച്ച്165, എം4, ശ്രീഹര്‍ഷ, ശ്രീവിജയ, ശ്രീ വിശാഖം തുടങ്ങിയ ഇനങ്ങളാണ് കൂടുതലായും കൃഷിചെയ്യുന്നത്. ഉല്‍പാദനശേഷിയുള്ള സങ്കരയിനം മരച്ചീനിയായ എച്ച്1658 ഒമ്പത് മാസത്തിനുള്ളില്‍ പാകമാകും. 33 മുതല്‍ 38 ടണ്‍ വരെയാണ് വിളവ്. 10 മാസത്തിനുള്ളില്‍ വിളവെടുക്കാന്‍ കഴിയുന്നതാണ് എം4 ഇനത്തിന്റെ സ്വീകാര്യതയ്ക്ക് പിന്നിലുള്ളത്.
മരച്ചീനി ഇനമായ ശ്രീഹര്‍ഷ പത്തുമാസത്തിനുള്ളില്‍ പാകമാകുന്നവയും ഒരു ഹെക്ടറില്‍ നിന്ന് 35 മുതല്‍ 40 ടണ്‍ വരെ വിളവെടുക്കാന്‍ കഴിയുന്നവയുമാണ്. ശ്രീ വജയയില്‍ സയനൈഡിന്റെ അളവ് വളരെ കുറവാണ്. 25 മുതല്‍ 28 ടണ്‍ വരെ ഒരു ഹെക്ടറില്‍ വിളവെടുക്കാന്‍ കഴിയുന്നതും പ്രത്യേകതയാണ്.
അത്യുല്‍ല്‍പാദനശേഷിയുള്ളതും പത്തുമാസം കൊണ്ട് വിളവെടുക്കാന്‍ കഴിയുന്നതുമായ മരച്ചീനിയിനമാണ് ശ്രീവിശാഖം. മൊസൈക് രോഗത്തെ അതിജീവിക്കാന്‍ ശേഷിയുണ്ട്. 35 മുതല്‍ 36 ടണ്‍ വരെ ഒരു ഹെക്ടറില്‍ നിന്നും വിളവ് ലഭിക്കും. ചെറുകിടകര്‍ഷകര്‍ മുതല്‍ കുടുംബശ്രീ ജെ.എല്‍. ജി ഗ്രൂപ്പുകള്‍ വരെയുള്ളവരാണ് മരച്ചീനികൃഷിയില്‍ ഏര്‍പ്പെടുന്നത്.
ഒരു ഹെക്ടറിലെ കൃഷിയില്‍നിന്ന് ഏകദേശം ഒരു ലക്ഷം മുതല്‍ രണ്ട് ലക്ഷം രൂപ വരെ ലാഭമാണ് ലഭ്യമാകുന്നത്. മരച്ചീനിയുടെ മൂല്യവര്‍ധിത സാധ്യതകള്‍ ഫലപ്രദമായി വിനിയോഗിക്കപ്പെടുന്നുമുണ്ട്. ചിപ്‌സ്, മാവ്, സ്റ്റാര്‍ച്ച്, പായസം മിക്‌സ്, ബേക്കറി ഉല്‍പ്പന്നങ്ങള്‍, അനിമല്‍ഫീഡ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്. കപ്പപ്പൊടി, കപ്പമുറുക്ക്, കപ്പഉപ്പേരി തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്കും വിറ്റുവരവുണ്ട്.
ചേനയില്‍ നിന്ന് ചിപ്‌സ്, അട, മാവ്, റെഡി ടു കുക്ക് ചേന എന്നിവയും ചേമ്പില്‍ നിന്ന് ചിപ്‌സ്, മധുരക്കിഴങ്ങില്‍ നിന്ന് ചിപ്‌സ് എന്നിവയും വ്യത്യസ്ത രുചികളായെത്തുന്നു. കുറഞ്ഞചെലവില്‍ കൃഷിചെയ്യാന്‍ കഴിയുന്നതിനോടൊപ്പം മികച്ചവരുമാനവും ലഭിക്കുന്നത് കൊണ്ടാണ് കൂടുതല്‍പേരും മരച്ചീനി കൃഷിയിലേക്ക് കടക്കുന്നത് എന്നാണ് അനുഭവസാക്ഷ്യങ്ങള്‍.




















