പോഷക ഗുണമുള്ള കിവാനോ
ചെറിയ വെള്ളരിക്കയ്ക്ക് മുകളിൽ മുള്ളുകൾ ഉള്ളതുപോലെ തോന്നുന്ന അപൂർവ്വ പഴമാണ് കേരളത്തിന് അത്ര പരിചിതമല്ലാത്ത കിവാനോ. മുള്ളൻ കക്കിരി, ജെല്ലി മെലോൺ, ഹോൺഡ് മെലോൺ എന്നിങ്ങനെ അറിയപ്പെടുന്ന ഇത് വെളളരി വർഗ്ഗത്തിൽപ്പെട്ടതാണ്. പച്ച നിറത്തിലുള്ള ഈ പഴം പാകമാകുമ്പോൾ ഓറഞ്ച് നിറമാകും പാഷൻ ഫ്രൂട്ട്, മാതളം എന്നിവയെ പോലെ അകത്ത് വിത്തുകൾക്കൊപ്പം നിറഞ്ഞു നിൽക്കുന്ന ജെല്ലി കാണാം.
പുളിപ്പ് കലർന്ന മധുരമാണിതിന് . ആഫ്രിക്കയാണ് ജന്മദേശമെങ്കിലും ഇതിന്റെ പോഷക ഗുണം കൊണ്ട് ഇത് മറ്റ് രാജ്യങ്ങളിലേക്കും വ്യാപിച്ചു. അമേരിക്ക, പോർച്ചുഗൽ, ഇറ്റലി, ആസ്ത്രേലിയ, ജർമ്മനി എന്നിവിടങ്ങളിലെല്ലാം ഇതിന്റെ കൃഷിയുണ്ട്. പാവലും, പടവലും പോലെ പന്തലിട്ടാണ് ഇത് വളർത്തുന്നത്.
പോളീ ഹൗസിലും കൃഷി ചെയ്യാം. വള്ളിച്ചെടിയായതിനാൽ പടർന്ന് പന്തലിക്കും. ചൂടുള്ള കാലാവസ്ഥയാണ് ഇതിന്റെ കൃഷിക്ക് അനുയോജ്യം. നട്ടാൽ മൂന്നു മാസത്തിനകം കായ പിടിക്കാൻ തുടങ്ങും ഒരു മാസം കഴിയുന്നതോടെ ഇത് പാകമാകും. 300-400 ഗ്രാം തൂക്കം കാണും. കായ ഓറഞ്ഞ് നിറമാകുമ്പോൾ പറിച്ചെടുത്ത് കുറേ നാൾ സൂക്ഷിക്കുകയും ചെയ്യാം. കേരളത്തിൽ പല സ്ഥലങ്ങളിലും ഇത് കൃഷി ചെയ്തുവരുന്നുണ്ട്. കണ്ണൂർ തില്ലങ്കേരിയിലെ കർഷകനായ ഷിംജിത്തിന്റെ കൃഷിയിടത്തിൽ ഇത് വളർത്തിയിരുന്നു. കേരളത്തിലെ കാലാവസ്ഥയിൽ ഇത് നല്ല വിളവ് തരുമെന്ന് ഷിംജിത്ത് പറയുന്നു.