സുഗന്ധം പരത്തുന്ന കസ്തൂരി വെണ്ട
ഒരു കാലത്ത് സുഗന്ധദ്രവ്യമായ കസ്തൂരി പോലെ ഉപയോഗിച്ചിരുന്ന സസ്യമാണ് കസ്തൂരി വെണ്ട. ലതകസ്തൂരി എന്നും ഇതിന് പേരുണ്ട്. ഇതിന്റെ കായയുടെ അകത്തുള്ള വിത്തിന് ഉണങ്ങിയാൽ കസ്തൂരി ഗന്ധമാണ്.
ഇതിൽ നിന്ന് സുഗന്ധദ്രവ്യം വേർതിരിച്ചെടുത്തിരുന്നു. എന്നാൽ കൃത്രിമ സുഗന്ധ ദ്രവ്യങ്ങൾ വ്യാപകമായതോടെ ഇതിനെ എല്ലാവരും കൈയൊഴിഞ്ഞു. കായ എളുപ്പം ഉണങ്ങി പൊട്ടി വിത്ത് ചിതറും. വിത്ത് തുണിയിൽ പൊതിഞ്ഞ് പോക്കറ്റിലിട്ടാൽ സുഗന്ധം വ്യാപിക്കും. മാൽവേസിയെ വർഗ്ഗത്തിൽപ്പെട്ട ഈ സസ്യത്തെ ഏഷ്യയിലും ആസ്ത്രേലിയയിലുമാണ് കണ്ടു വരുന്നത്.
വെണ്ടയെ പോലെ തന്നെ കുരുനട്ട് തൈകൾ ഉണ്ടാക്കി ഇത് കൃഷി ചെയ്യാമെന്ന് കണ്ണൂർ തില്ലങ്കേരിയിലെ ജൈവകർഷകൻ ഷിംജിത്ത് പറയുന്നു.ഷിംജിത്തിന് ഇതിന്റെ കൃഷിയുണ്ട്. വെണ്ടപോലെ തോന്നുന്ന ഇതിൽ ചെറിയ കായ്കളാണ് ഉണ്ടാവുക.
ഇത് കറിവെക്കാൻ ഉപയോഗിക്കാം. തണ്ടും ഇലയും കറിവെക്കാം. ഔഷധസസ്യമായ ഇത് ആയുർവേദത്തിൽ ഉപയോഗിക്കുന്നുണ്ട്.