അപൂർവ്വ ഔഷധമായ കരിമഞ്ഞൾ കൃഷി ചെയ്യാം.
മഞ്ഞളും കസ്തൂരി മഞ്ഞളും നാം കണ്ടിട്ടുള്ളതാണെങ്കിലും കരിമഞ്ഞൾ എന്ന കാട്ടുമഞ്ഞൾ നാട്ടിൽ അധികം കാണാറില്ല. ആയുർവേദത്തിൽ ഉപയോഗിക്കുന്ന അപൂവ്വ ഔഷധസസ്യമായ ഇതിന് വിപണിയിൽ വിലയും കൂടുതലാണ്. കിലോയ്ക്ക് 3000 രൂപ വരെ വിലയുണ്ട്. കുർക്കുമ കാസിയ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇത് ബംഗാൾ, ഒഡിഷ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ
വ്യാപകമായി കൃഷി ചെയ്തുവരുന്നുണ്ട്. ഇന്ത്യയാണ് ജന്മദേശമെങ്കിലും മലേഷ്യ, തായ് ലൻറ് എന്നിവിടങ്ങളിൽ കരി മഞ്ഞൾ വൻതോതിൽ കൃഷി ചെയ്യുന്നുണ്ട്. ഇത് കിഴക്കൻ സംസ്ഥാനങ്ങളിൽ ആയുർവേദ മരുന്നായി മാത്രമല്ല, പൂജ, മന്ത്രവാദം എന്നിവയ്ക്കും ഉപയോഗിക്കുന്നുണ്ട്. ഇവിടങ്ങളിൽ കാലി ഹൽദി എന്ന പേരിൽ ഇത് കടകളിൽ ഇഷ്ടം പോലെ ലഭ്യമാണ്. ഇടുക്കിയിലും വയനാട്ടിലും കരിമഞ്ഞൾ കൃഷിയുണ്ട്.
അടുത്ത കാലത്തായി കേരളത്തിൽ പലയിടങ്ങളിലും ഇതിൻ്റെ കൃഷി തുടങ്ങിയിട്ടുണ്ട്. കാഴ്ചയിൽ മഞ്ഞൾ ചെടിയെ പോലെ തന്നെയാണ് കരി മഞ്ഞളും. പക്ഷെ ഇലയുടെ നടുവിലായി വയലറ്റ് നിറത്തിലുള്ള നീണ്ട വര കാണാം. മഞ്ഞളിൽ കർക്കുമിൻ്റെ അംശം എട്ട് ശതമാനമാണെങ്കിൽ കരിമഞ്ഞളിൽ ഇത് തീരെ കുറവാണ്. അതിനാൽ ഇതിൻ്റെ കിഴങ്ങ് മുറിച്ചു നോക്കിയാൽ നീലനിറമാണ്. ത്വക്ക് രോഗങ്ങൾ, മൈഗ്രെയ്ൻ പോലുള്ള തലവേദന, പല്ലുവേദന, ആസ്തമ, പൈൽസ്
എന്നിവ ചികിത്സിക്കാൻ ഇത് ഉപയോഗിക്കുന്നുണ്ട്. മട്ടന്നൂർ തില്ലങ്കേരിയിൽ ജൈവം എന്ന ഫാം നടത്തുന്ന ഷിംജിത്ത് തില്ലങ്കേരി ഈയിടെ കരിമഞ്ഞൾ കൃഷി വിളവെടുപ്പ് നടത്തിയിരുന്നു. അരയേക്കറിൽ കഴിഞ്ഞ മെയ് മാസത്തിലാണ് കൃഷി ചെയ്തത്. 8-9 മാസത്തിനുള്ളിൽ വിളവെടുക്കാം.വേനൽ കഴിഞ്ഞ് രണ്ട് മഴ കിട്ടിയാൽ കൃഷിയിറക്കാം.
വെള്ളം കെട്ടിനിൽക്കാത്ത സ്ഥലങ്ങളിൽ ഒരടി ഇടവിട്ടാണ് വിത്ത് നടേണ്ടത്. ചാണകപ്പൊടിയും കോഴി വളവുമാണ് ഉപയോഗിച്ചത്. കിലോയ്ക്ക് 2500-3000 രൂപ വരെ വിലയുണ്ട്. ആയുർവേദ ഔഷധങ്ങൾക്ക് പുറമെ സോപ്പ് ഉണ്ടാക്കാനും ഇത് ഉപയോഗിക്കുന്നുണ്ടെന്ന് ഷിംജിത്ത് പറഞ്ഞു.
2500 – 3000 രൂപയ്ക്ക് കരിമഞ്ഞൾ എടുക്കുന്ന സ്ഥലം കൂടി പറയൂ .