കൗതുക കാഴ്ചയായി കാന്തല്ലൂരിലെ നെൽവയലുകൾ
ഡോ. ജലജ എസ്. മേനോൻ
ആപ്പിൾ വിളയുന്ന കാന്തല്ലൂരിൽ ഇന്ന് വിളഞ്ഞു നിൽക്കുന്ന സ്വർണവർണ നെൽപ്പാടങ്ങളുടെ നിറകാഴ്ച യാണ്. കരിമ്പും കാരറ്റും കാബേജും കവർന്ന നെൽപ്പാടങ്ങൾ തിരികെ നെൽവയലുകളാവുന്നു. മഹാമാരിയിൽ ജീവിതം പ്രതിസന്ധിയിലായ മലമക്കൾ അതിജീവനത്തിനായി അന്നം കരുതുകയാണ്. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലാണ് കാന്തല്ലൂർ. സമുദ്രനിരപ്പിൽ നിന്ന് 1500 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്.18 ഡിഗ്രിയാണ് ഇവിടത്തെ ശരാശരി താപനില. മഞ്ഞുമാറിനിൽക്കുന്ന പകലെല്ലാം ഇവിടത്തെ പാടങ്ങളിൽ ഇപ്പോൾ കൊയ്ത്താണ്. പാടത്തു നിന്നു തന്നെ കറ്റ തല്ലി കർഷകർ നെല്ല് വീട്ടിലേക്ക് കൊണ്ടു പോകുന്നു. ഏതാണ്ട് 15 ഹെക്ടറിൽ മാത്രം ഉണ്ടായിരുന്ന നെൽകൃഷി ഇന്ന് 50 ഹെക്ടറിൽവ്യാപിച്ചിരിക്കുന്നു.
സുഭിക്ഷ കേരളം പദ്ധതിയിൽ തരിശ് നിലങ്ങളിൽ കൃഷി ഇറക്കിയതോടെ പലരും സ്വയം നെൽകൃഷിയിലേക്ക് വഴി മാറുകയായിരുന്നു. സങ്കരയിനം നെൽ വിത്തുകളായ അടുതുറ ADT 46,CO 51 കൂടാതെ പൊന്നി, കുറുവ മാത്രമല്ല ചില നാടൻ ഇനങ്ങളും ഇവിടെ കൃഷി ചെയ്യുന്നു. ചുറ്റും മലകൾ കൈകോർത്ത ഈ ഗ്രാമത്തിലെ തട്ട് തിരിച്ച
നെൽവയലുകൾ കൗതുക കാഴ്ച തന്നെ യാണ്. ശീതകാല വിളകൾ തളിർത്ത ഗ്രാമത്തിൽ നിന്നും ഉതിരുന്ന നെൽ മണികൾ നിറവയറിന് മാത്രമാണ് .ഒരു മണി പോലും ഗ്രാമം വിട്ട് പോകില്ല. കീഴന്തുർ, വെട്ടുകാട്, മാസ്സി,പഴസ്സിനികട വ് കരയൂർ എന്നി ഗ്രാമങ്ങളിലും പുങ്കമ്പുള്ളി,കൊട്ടപള്ളം, കണക്കയം ദണ്ഡ്കൊമ്പ്
എന്നീ മല പുലയ ആദിവാസി കുടികളിലും ഇന്ന് കൊയ്ത്ത് കാലമാണ്. നിറഞ്ഞപത്തായവുമായി അടുത്ത കൃഷി കാലത്തിനു കാത്തിരിക്കുകയാണ് ഇവർ. ഭക്ഷ്യസുരക്ഷ വിശദീകരിക്കുന്ന ഗ്രാമ കാഴ്ച തന്നെയാണ് ഇത്.
( കേരള കാർഷിക സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായ ലേഖിക ഉള്ളി വര്‍ഗ്ഗ വിളകളുടെ ഗവേഷണ പദ്ധതിക്ക് നേതൃത്വം നൽകി വരികയാണ്.)